Kerala
തിരുവനന്തപുരം: എഐവൈഎഫ് സമരത്തിന് നേരെ പോലീസ് ജലപീരങ്കിയില് നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വര്ഷമായി ജലപീരങ്കിയില് നിറയ്ക്കുന്ന അതേ സ്ഥലത്തു നിന്നാണ് വെള്ളം നിറച്ചത്. വെള്ളം പരിശോധനയക്കയച്ച റിപ്പോര്ട്ടില് മലിനജലമല്ലെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തിയ എഐവൈഎഫ് പ്രവര്ത്തകര്ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള് മലിന ജലമാണെന്ന് സിപിഐ നേതാവ് കെ. രാജന് ആരോപണം ഉന്നയിച്ചിരുന്നു. ഇത് നിയമസഭയില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ചു. ഇതേ തുടര്ന്ന് വെള്ളം പരിശോധനയ്ക്ക് അയക്കാനും വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കാനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിറ്റി പോലീസ് കമ്മീഷണര്ക്ക് നിര്ദേശം നല്കിയിരുന്നു.
പബ്ലിക് ഹെല്ത്ത് ലാബിലും വാട്ടര് അതോറിറ്റിയുടെ ലാബിലും വെള്ളം പരിശോധനയ്ക്കയച്ചു. രണ്ടിടത്ത് നിന്നും ലഭിച്ച റിപ്പോര്ട്ടിലും മലിന ജലമല്ലെന്നും കണ്ടെത്തി. വെള്ളത്തില് ഇരുമ്പിന്റെ അംശം കുടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ജലപീരങ്കിക്കുള്ളിലെ ഇരുമ്പിന്റെ അംശം കാരണമാകാമെന്നാണ് നിഗമനം.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശ്യമില്ല. ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേയുണ്ടായ പോലീസ് ആക്രമണങ്ങളിൽ പ്രതിക്കൂട്ടിൽത്തന്നെയാണ് ഷാ. ഇന്നലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ആറ് മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ ധർണ തെളിയിച്ചത് അതാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി മൗനം പാലിച്ചതിലൂടെ വിഷയത്തിന്റെ തീവ്രത കുറയുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിനുശേഷം രാഹുൽ നടത്തിയ മിന്നൽധർണയിലൂടെ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല എന്ന സന്ദേശമാണ് രാഹുൽ വരച്ചിടുന്നത്.
സർപ്രൈസ് സ്ട്രൈക്ക്
ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണം നേരിട്ട സാഹിൽ ലൗച്ചാവ് എന്ന യുവാവ് ഓഗസ്റ്റ് 14ന് അഭിഭാഷകരുമായി ഡൽഹി പോലീസിനെ ചെന്നുകണ്ട് പരാതി നൽകിയിരുന്നെങ്കിലും കേസുമായി പോലീസ് മുന്നോട്ടു പോയിരുന്നില്ല. 17ന് വീണ്ടും പരാതി നൽകാൻ ശ്രമിച്ചെങ്കിലും വീണ്ടും അവഗണന നേരിട്ടതോടെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ സർപ്രൈസ് സ്ട്രൈക്കുണ്ടാകുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആദ്യം ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയ രാഹുൽ അവിടെനിന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണുടെ ഓഫീസിലെത്തി. അവിടെനിന്നും അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ മാധ്യമങ്ങളെയും പോലീസിനെയും ഞെട്ടിച്ചുകൊണ്ട് രാഹുലും സാഹിൽ ലൗച്ചാവും സാഹിലിന്റെ അമ്മയും അഭിഭാഷകയും ചേർന്ന് ധർണ ഇരിക്കുകയായിരുന്നു.
ധർണ ആരംഭിച്ചതിനു ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും അൻപതോളം അണികളും പോലീസ് സ്റ്റേഷനിലെത്തിയതോടെ നിർത്താതെ മുദ്രാവാക്യം വിളികളും മുഴങ്ങിത്തുടങ്ങി. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശും സൽമാൻ ഖുർഷിദും കുമാരി സെൽജയും അധീർ രഞ്ജൻ ചൗധരിയും സുപ്രിയ ശ്രിനേഥും ദേവേന്ദ്ര യാദവും ഉൾപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഐക്യദാർഢ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ധർണ ആറ് മണിക്കൂറോളം നീണ്ടു. അധികൃതരിൽനിന്ന് അനകൂലമായ ഒരു വാർത്തയില്ലാതെ പിന്നോട്ടില്ലെന്ന രാഹുലിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ ഡൽഹി പോലീസ് മുട്ടുമടക്കുകയായിരുന്നു.
കാഞ്ചിമുന ആഭ്യന്തരമന്ത്രിയിലേക്ക്
ജന്തർ മന്തറിലെ പോലീസ് ആക്രമണങ്ങൾക്ക് ഡൽഹി പോലീസിന്റെയും സായുധസേനകളുടെയും ചുമതല വഹിക്കുന്ന അമിത് ഷായാണോ ഉത്തരവിട്ടതെന്നു ചോദിച്ചായിരുന്നു ആഭ്യന്തരമന്ത്രിക്കെതിരേ ആക്രമണം രാഹുൽ കടുപ്പിച്ചിരുന്നത്.
ഉത്തരവിട്ടത് അമിത് ഷായാണെങ്കിൽ ആക്രമണങ്ങൾക്ക് അമിത് ഷായാണ് ഉത്തരവാദിയെന്നും ആക്രമണങ്ങളെപ്പറ്റി അദ്ദേഹം ബോധവാനല്ലെങ്കിൽ അമിത് ഷായ്ക്ക് പ്രാപ്തിയില്ലെന്നുമായിരുന്നു രാഹുൽ മുമ്പു പറഞ്ഞത്. രാഹുലിന്റെ ചേക്ക്മേറ്റിന് മൗനം മാത്രമായിരുന്നു അമിത് ഷായുടെ ഇതുവരെയുള്ള മറുപടി.
പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പോലീസാണെങ്കിലും അതിന്റെ കാഞ്ചിയിലുണ്ടായിരുന്ന വിരൽ അമിത് ഷായുടേതാണെന്നു സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെല്ലറ്റ് ഗൺ ഉപയോഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലൂടെ ഡൽഹി പോലീസിനെയും അതുവഴി ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചി ട്ടുണ്ട്.
National
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ ഗീതമായ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ആലാപനം പകുതിയിൽ നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടത് രാജ്യത്തോട് ചെയ്ത വലിയ അപമാനമാണെന്നും ഇതിൽ പാർട്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകിയതാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രതീകമായ വന്ദേമാതരത്തെ അപമാനിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപി ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ കോൺഗ്രസ്, വന്ദേമാതരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അസുഖബാധിതനായ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുകയാണ് സോണിയ ഗാന്ധി ചെയ്തതെന്നും വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന.
രാജ്യത്തെ ഭരണസംവിധാനം പൂർണമായും തകർന്നുതരിപ്പണമായെന്ന് സൈനികമേധാവി അസിം മുനീറിന്റെ വിശ്വസ്തനും ആഭ്യന്തരമന്ത്രിയുമായ മൊഹ്സിൻ നഖ്വി തുറന്നുസമ്മതിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഷെഹബാസ് ഷെരീഫ് മന്ത്രിസഭയിലെ പ്രബലനായ നഖ്വിയുടെ തുറന്നുപറച്ചിൽ യാദൃച്ഛികമല്ലെന്നും നിലവിലെ ‘ഹൈബ്രിഡ്’ ഭരണകൂടത്തെ മാറ്റി സൈന്യം നേരിട്ട് അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുൻ മാധ്യമപ്രവർത്തകനായ മൊഹ്സിൻ നഖ്വിക്ക് മുന്പ് രാഷ്ട്രീയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും അസിം മുനീറിന്റെ പൂർണ പിന്തുണയോടെയാണ് ആഭ്യന്തരമന്ത്രി പദവിയിലെത്തിയത്. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻകൂടിയായ നഖ്വി, പൊതുപരിപാടിയിൽ സംസാരിക്കവെയാണു രാജ്യത്തെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ദ ഡോണിന്റെ കോളമിസ്റ്റും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ യൂസഫ് നാസറിന്റെ നിരീക്ഷണത്തില്, നഖ്വിയുടെ വാക്കുകള് സൈനികമേധാവി അസിം മുനീറിന്റെ ഉള്ളിലിരിപ്പാണു വെളിപ്പെടുത്തുന്നത്.
ഭരണസംവിധാനം തകര്ന്നുവെങ്കില് അതില്നിന്നു മാറിനില്ക്കാന് മുനീറിനാകില്ലെന്നും രാജ്യത്തിന്റെ സകല നിയന്ത്രണങ്ങളും അദ്ദേഹം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്നും നാസറിന്റെ പുതിയ ലേഖനത്തില് പറയുന്നു. നിലവിലെ സർക്കാരിനെ താഴെയിറക്കി അസിം മുനീർ പ്രസിഡന്റായും മൊഹ്സിൻ നഖ്വി പ്രധാനമന്ത്രിയായുമുള്ള പുതിയ ഭരണക്രമത്തിനുള്ള സാധ്യതയേറെയാണെന്നാണ് മുൻ പാക് സൈനിക ഉദ്യോഗസ്ഥനും യുട്യൂബറുമായ ആദിൽ രാജ വെളിപ്പെടുത്തിയത്.
ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ
ക്വറ്റ: പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെട്ടതിനു പിന്നാലെ ഓഗസ്റ്റ് 11 ദേശീയ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു സ്വയം പ്രഖ്യാപിത "റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’.
ബലൂച് വിമോചനനേതാവ് മിർ യാർ ബലൂച് ആണ് ആഹ്വാനം നടത്തിയത്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം രാജ്യാന്തരസമൂഹം ഔദ്യോഗികമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ഒളിവിലിരുന്ന് കോതമംഗലം, ഊന്നുകല് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല് അര്ജുന് ആയങ്കിയെ പിടികൂടാനാവാതെ പോലീസ്. മൊബൈല് ഫോണ് ലൊക്കേഷന് അടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എറണാകുളം ആയിരുന്നു പ്രതിയുടെ അവസാന ടവര് ലൊക്കേഷന്.
കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്ട്ടില് സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല് ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര് സ്വദേശിയായ അര്ജുന് ആയങ്കിയും പോലീസും തമ്മില് ഏറ്റുമുട്ടല് തുടങ്ങിയത്. ഇതിന്റെ തുടര്ച്ചയാണ് വെല്ലുവിളിയും ആവര്ത്തിച്ചുള്ള ഭീഷണിയും.
ഗൂഢാലോചനക്കേസില് 21 ദിവസം റിമാന്ഡില് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില് കുടുക്കിയതിനാല് പെന്ഷന് വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന് അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ഇതില് അര്ജുന് ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല് പോലീസ് ഇന്സ്പെക്ടര് ആദര്ശിന് അന്വേഷണച്ചുമതല നല്കുകയും ചെയ്തു. ഈ കേസില് മുന്കൂര് ജാമ്യം തേടിക്കൊണ്ടുള്ള അര്ജുന്റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.
ഊന്നുകല് സിഐയെ വെല്ലുവിളിക്കുന്നതാണ് അര്ജുന് ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന് കഴിയുമെങ്കില് പിടിക്ക് എന്നാണ് വെല്ലുവിളി. കോതമംഗലം സിഐക്കെതിരായ ഭീഷണി ആവര്ത്തിച്ചിട്ടുമുണ്ട്.
കൊടുക്കാനുള്ള സമയമാകുമ്പോള് കൊടുക്കും എന്നാണ് പരാമര്ശം. പിന്നാലെ മറ്റൊരു പോസ്റ്റില് കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്ക്കാന് വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള് ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.
ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്ജുന് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില് താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്ന്ന പാര്ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.
അതേസമയം, ആദ്യ കേസില് അര്ജുന് ആയങ്കിക്ക് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില് അപേക്ഷ നല്കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Kerala
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്ക്കോ ഹണ്ടിന്റെ ഭാഗമായുള്ള വമ്പൻ റാലിയും സമ്മേളനവും ഇന്നു രാവിലെ ചങ്ങനാശേരി പായിപ്പാട് നടന്നു. ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ അധിവസിക്കുന്ന പായിപ്പാട്ട് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മുന്നേറ്റം നാടിന് ആവേശമായി.
കൊച്ചുപള്ളി ജംഗ്ഷനില്നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില് എത്തിയപ്പോൾ തുറന്ന ജീപ്പില് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേർന്നു. പായിപ്പാട് ടൗണ്ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില് സമാപിച്ചു. തുടര്ന്നു നടന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ അടിവേരറുത്ത ശേഷമേ തൂഫാൻ പദ്ധതി അവസാനിപ്പിക്കൂ എന്നു മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്എ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്കി പരിപാടിയില് അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികള് ഉള്പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുത്തു. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന് പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്കി. എംഎല്എമാരായ വര്ഗീസ് മാമ്മന്, നാട്ടകം സുരേഷ്, റോണി കെ. ബബി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള് ചാക്കോ, തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി. ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ സെൽ ഐ.ജി പി. പ്രകാശിനെ ചുമതലപ്പെടുത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് ഉടനടി അന്വേഷണത്തിന് നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു ടി. ജി. മോഹൻദാസിന്റെ പ്രതികരണം.
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കണ്ണൂർ: സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോറിക്ഷയും ഓടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകൾ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല.
കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഇനി ഓടരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കണ്ണൂർ ഇരിക്കൂരിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.