NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ പരിപാടിയായ "കളിത്തട്ട്' പഴമയുടെ നിറവും രുചിയും നിറഞ്ഞ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
മറവിയിലേക്കാണ്ടുപോയ പഴയകാല കളികളും നാടൻ രുചികളും കോർത്തിണക്കി "ഓർമകളുടെ മുറ്റത്തേക്ക് സ്വാഗതം' എന്ന ശീർഷകത്തോടെ നടത്തിയ പരിപാടികൾ, പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓർമ്മകളിലേക്കുള്ള ഒരു മധുരയാത്രയും സമ്മാനിച്ചു.
കുളംകര, ചാക്കിലോട്ടം, പൂ പറിക്കാൻ പോരുമോ, കുല കുല മുന്തിരി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്കൽ ക്യാമ്പ്, വളയം മാറ്റൽ, ഓർമപരീക്ഷ, ഷൂട്ടൗട്ട്, മിഠായി പെറുക്കൽ, ചട്ടിയും പന്തും, ലെമൺ സ്പൂൺ, അന്താക്ഷരി തുടങ്ങിയ പതിനഞ്ചിലധികം കളികളിലൂടെ കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്തു.
കഞ്ഞിയും പയറും, കപ്പയും കാന്താരിയും, ഉപ്പിലിട്ടത്, കടലവറുത്തത് എന്നിവ ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങൾ പരിപാടിക്ക് പഴമയുടെ രുചിനൽകി ആഘോഷാന്തരീക്ഷവും പകർന്നു. മലാസ് സൺലൈറ്റ് ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറിയ പരിപാടികൾക്ക് കേളി സിൽവർജുബിലീ സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി തുടക്കം കുറിച്ചു.
കേളി ആക്ടിംഗ് പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട് അധ്യക്ഷനായ ചടങ്ങ് രക്ഷാധികാരിയും ആക്ടിംഗ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി ചൊല്ലിക്കൊടുത്ത മാനവീക പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് സംഘങ്ങളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാർ, ഷബി അബ്ദുൽസലാം എന്നിവർ ഉൾപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കളികൾ നിയന്ത്രിച്ചു. മധു ബാലുശേരി സ്വാഗതവും സിൽവർ ജൂബിലി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
District News
ചെറുകാട്ടൂർ: ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങൾക്കും ഇടവക തിരുനാളിനും 11ന് വൈകുന്നേരം 4.15ന് വികാരി ഫാ. ജോസ് കപ്യാരുമലയിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് ഗ്വാണ്ട്വാ രൂപത ബിഷപ് മാർ അഗസ്റ്റിൻ മഠത്തിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
ആറിന് ഇടവകയിലെ 75 വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന മെഗാ മാർഗംകളിയും നടക്കും. 12 മുതൽ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4.15ന് വിശുദ്ധകുർബാന, നൊവേന.
18ന് വിശുദ്ധകുർബാനയ്ക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരക ഭവനങ്ങളുടെ താക്കോൽദാനവും സുവനീർ പ്രകാശനവും മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. തുടർന്ന് ഇടവകയിലെ 75 ഗായകർ ചേർന്നുള്ള ജൂബിലി ഗാനാലാപനവും കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ 19ന് വൈകുന്നേരം നാലിന് ഗ്രോട്ടോ വെഞ്ചരിപ്പിനും തിരുനാൾ ഗാനപൂജയ്ക്കും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കാപ്പുംചാൽ കുരിശടിയിലേക്ക് പ്രദക്ഷിണം. ദിവ്യകാരുണ്യ ആശീർവാദം. ആകാശവിസ്മയം. തുടർന്ന് നാടകം.
20ന് രാവിലെ ഒന്പതിന് ജൂബിലി സമാപനം. 10ന് നടക്കുന്ന തിരുനാൾ ഗാനപൂജയ്ക്ക് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഇടവക ജനം തയാറാക്കിയ ബൈബിൾ കൈയെഴുത്ത് പ്രതി സമർപ്പണം. ജൂബിലി ഗാനാലാപനം, പ്രദക്ഷിണം, നേർച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കും. ജൂബിലി തിരുനാൾ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗം വികാരി ഫാ. ജോസ് കപ്യാരുമലയിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അമൽ മന്ത്രിക്കൽ, ഷാജി ഇടയക്കൊണ്ടാട്ട്, ജോർജ് ഊരാശേരി, സണ്ണി മൂലക്കര, സണ്ണി ചെറുകാട്ട്, ബെന്നി കുന്നേൽ, മാർട്ടിൻ കുഴിമുളിൽ എന്നിവർ പ്രസംഗിച്ചു.
District News
ചന്ദനക്കാംപാറ: ചെറുപുഷ്പ പള്ളി ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ചന്ദനക്കാംപാറ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി ഫാ. ജോസഫ് ചൊള്ളമ്പുഴ ആമുഖ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി.
മാതൃവേദി അംഗങ്ങൾ റമ്പാൻ പാട്ട് അവതരിപ്പിച്ചു. ചന്ദനക്കാംപാറ പാരിഷ് കോ -ഓർഡിനേറ്റർ വി.എം. തങ്കച്ചൻ ഉപഹാര സമർപ്പണം നിർവഹിച്ചു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ. നോബിൾ ഓണംകുളം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലൂസി ജോസ് എന്നിവർ പ്രസംഗിച്ചു.