National
ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര മേഖലകളെയും കര്‍ഷകരെയും തകര്‍ക്കുമെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്‍, ചോളം, പരുത്തി, എഥനോള്‍, ആപ്പിള്‍, ബദാം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളെ തകര്‍ക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിര്‍ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള്‍ പരസ്യമാക്കാത്തതിലും ചര്‍ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന്‍ പരസ്യപ്പെടുത്തണം. കര്‍ഷകര്‍, തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്‍ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്‍കിട കര്‍ഷകരോട് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്‍ഷകരെ തള്ളിവിടുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ വന്‍ മാര്‍ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്‍ഹി ചലോ-2 സമരത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്‍ഷകര്‍ പ്രവേശിക്കുന്നതു തടയാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്‍ഷകര്‍ അതിര്‍ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന്‍ മോര്‍ച്ച, ബികെയു ഏകതാ സംഘര്‍ഷ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വാഹനവ്യൂഹങ്ങള്‍ എത്തിയെന്ന് കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്‍ഹിയില്‍ ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
District News
തൃശൂർ: രണ്ടുമാസത്തെ അവധിയുടെയും കളിചിരികളുടെയും വേനൽച്ചൂടാറി വിദ്യാലയമുറ്റങ്ങൾ വീണ്ടും സജീവമായി. പുത്തനുടുപ്പും പുസ്തകങ്ങളും ബാഗും കുടയുമായി അറിവിന്റെ പുതിയ ലോകത്തേക്ക് കുട്ടിക്കൂട്ടം ചുവടുവച്ചതോടെ ക്ലാസ് മുറികൾ ഉണർന്നു. വർണക്കടലാസുകളും തോരണങ്ങളും തൂക്കി ഉത്സവപ്രതീതിയിലാണ് വിദ്യാലയങ്ങൾ പ്രവേശനോത്സവത്തെ വരവേറ്റത്.
ഇടവേളയ്ക്കുശേഷം കൂട്ടുകാരെയും സഹപാഠികളെയും വീണ്ടും കണ്ടുമുട്ടിയതിന്റെ ആവേശത്തിലായിരുന്നു മുതിർന്ന കുട്ടികൾ. കെട്ടിപ്പിടിച്ചും കൈകോർത്തും അവർ അവധിക്കാല വിശേഷങ്ങൾ പങ്കുവച്ചപ്പോൾ, കളിയിടങ്ങളിൽനിന്ന് ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തിയതിന്റെ പരിഭവവും ചിലരുടെ മുഖത്തുണ്ടായിരുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അമ്മയുടെയും അച്ഛന്റെയും കൈപിടിച്ചെത്തിയ കുരുന്നുകളുടെ സാന്നിധ്യമായിരുന്നു പ്രവേശനോത്സവത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. സ്കൂൾ ഗേറ്റ് കടക്കുന്നതുവരെ തുള്ളിച്ചാടി നടന്നവർ മാതാപിതാക്കളുടെ കൈവിരലുകളിൽനിന്ന് വേർപെട്ടതോടെ വിതുമ്പി. പോകല്ലേ... എന്ന കരച്ചിലോടെ ക്ലാസ്മുറികളിലേക്ക് നീങ്ങിയ കുട്ടിപ്പട്ടാളത്തെ അധ്യാപകരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ചു.
കണ്ണീരൊഴുക്കിയ കുരുന്നുകളുടെ വിഷമംമാറ്റാൻ മധുരപലഹാരങ്ങളും ബലൂണുകളുമായി അധ്യാപകർ എത്തിയതോടെ സ്കൂൾ മുറ്റം പെട്ടെന്നുതന്നെ കളിചിരികളിലേക്ക് വഴിമാറി. പാട്ടും നൃത്തവും വാദ്യേമേളങ്ങളും അരങ്ങുനിറഞ്ഞതോടെ ആശങ്കകൾമാറി പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിനം കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി.
NRI
ഡാളസ് യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷ് പിള്ള പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. 'കഥയറിവ്' (Kadhayarivu) എന്ന് പേരിട്ടിരിക്കുന്ന ഈ ചാനൽ, ചരിത്രവും സംസ്കാരവും കോർത്തിണക്കിയുള്ള ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി വാഗ്ദാനം ചെയ്യുന്നത്.
ആദ്യ എപ്പിസോഡിൽ യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാപിച്ച ഏറ്റവും പുരാതനമായ ആരാധനാലയങ്ങളിൽ ഒന്നായ "ദി കത്തീഡ്രൽ ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി"യെ കുറിച്ചുള്ള വിവരങ്ങളാണ് ചാനലിലെ ആദ്യ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂ മെക്സിക്കോയുടെ തലസ്ഥാനമായ സാന്തേ ഫേയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം വീഡിയോ വിശദീകരിക്കുന്നു.
1610-ൽ സ്പെയിനിൽ നിന്നും എത്തിയ 56 കുടിയേറ്റക്കാരാണ് ഈ ചരിത്ര പ്രസിദ്ധമായ ആരാധനാലയം നിർമിച്ചത്. അമേരിക്കയിലെ കുടിയേറ്റ ചരിത്രത്തിന്റെയും വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമായി ഈ പള്ളി കണക്കാക്കപ്പെടുന്നു.
വൈവിധ്യമാർന്ന അറിവുകൾ പങ്കുവയ്ക്കുന്ന ഈ ചാനലിലെ വീഡിയോകൾ കാണുന്നതിനായി യൂട്യൂബിൽ "Kadhayarivu" എന്ന് സെർച്ച് ചെയ്യുക.
യാത്രകളെ സ്നേഹിക്കുന്നവർക്കും ചരിത്ര തൽപരർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സന്തോഷ് പിള്ള തന്റെ ചാനൽ വിഭാവനം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ വീഡിയോകൾ ചാനലിലൂടെ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.