പ്രതീകാത്മക ചിത്രം
അറിവ് ഇന്നു വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ, അഭിവാദ്യങ്ങൾ..!
ഒപ്പമുണ്ടാവുക, നല്ല മനുഷ്യരായി വളരാൻ
എല്ലാ അധ്യാപകദിനത്തിലും രണ്ടുതരം ഓർമകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഒന്ന്, കൈപിടിച്ച് വെളിച്ചത്തിലേക്ക് നടത്തിയവരുടേത്. മറ്റൊന്ന്, വാക്കുകൊണ്ടോ അവഗണനകൊണ്ടോ നല്ലകാലം കെടുത്തിക്കളഞ്ഞവരുടേത്. അധ്യാപകർക്ക് കുട്ടിയുടെ ജീവിതത്തിൽ ഇടപെടാൻ കഴിയുന്ന രണ്ടു തീവ്രതകളാണത്. ഏതറ്റംവരെ പോകണമെന്നു തീരുമാനിക്കേണ്ടത് അധ്യാപകർ തന്നെ. ഒരു വാക്ക് ആത്മവിശ്വാസം പകരാം. അതേ വാക്ക് മുറിവുമാകാം. അധ്യാപനം അറിവിന്റെ കൈമാറ്റം മാത്രമല്ല, മാനുഷിക ഉത്തരവാദിത്വം കൂടിയാണ്. കുട്ടികളുടെ കഴിവും സ്വപ്നങ്ങളും മാത്രമല്ല ആധിവ്യാധികളും തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യനും യന്ത്രവും ചേർന്നാണ് പുതുലോകം പടുത്തുയർത്തുന്നത്. യന്ത്രത്തിന് പകരംവയ്ക്കാനാവാത്ത ചിലതുണ്ട്: സഹാനുഭൂതി, കരുണ, വിവേകം, ഉത്തരവാദിത്വം, മറ്റൊരാളുടെ വേദന തിരിച്ചറിയാനുള്ള കഴിവ്. ഇന്നത്തെ അധ്യാപകരുടെ ദൗത്യം അറിവുകൊണ്ട് കുട്ടിയെ നിറയ്ക്കുക മാത്രമല്ല. ചിന്തിക്കാൻ പഠിപ്പിക്കുക, ചോദ്യം ചെയ്യാൻ ധൈര്യപ്പെടുത്തുക, അന്വേഷിക്കാൻ പ്രാപ്തരാക്കുക, വ്യത്യസ്തതകളെ അംഗീകരിക്കാൻ പഠിപ്പിക്കുക, മനുഷ്യരായി വളരാൻ ഒപ്പംനില്ക്കുക എന്നതുമാണ്. ഒപ്പം എന്ന വാക്കിന് വലിയ ആഴമുണ്ട്. കുട്ടിക്കു മുകളിലിരുന്നല്ല, ഒപ്പംനിന്നു വഴികണ്ടെത്തുക എന്നതാണ്. പരസ്പര ബഹുമാനത്തിൽ വളരുന്ന മനുഷ്യബന്ധമാണത്. അധ്യാപകദിനം ആത്മപരിശോധന കൂടിയാണ്. എത്ര പഠിപ്പിച്ചു എന്നതിലുപരി, ഒപ്പംനടന്ന കുട്ടികൾക്ക് നമ്മൾ എന്തായിരുന്നു എന്നത് ഒടുവിൽ അവശേഷിക്കും.
ഡോ. അനു പാപ്പച്ചൻ (അസോസിയേറ്റ് പ്രഫസർ വിമല കോളജ്, തൃശൂർ)
കാലം ആവശ്യപ്പെടുന്ന അനിവാര്യമായ മാറ്റങ്ങൾ
അറിവുകളുടെ പ്രയോഗികത വിദ്യാർഥികളിൽ ഉത്തേജിപ്പിക്കുന്ന ഉൽപ്രേരകങ്ങളായി അധ്യാപകർ മാറണം. ശാസ്ത്രബോധത്തോടൊപ്പം സാമൂഹ്യബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയണം. യാഥാർഥ്യം ഉൾക്കൊള്ളുന്ന സ്വത്വബോധയുള്ള അധ്യാപകരെയാണു സമൂഹവും വിദ്യാർഥികളും പ്രതീക്ഷിക്കുനനത്. വിമർശനാത്മക ബോധന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധനരീതിയുടെ അകന്പടിയോടെ വിഷയങ്ങളവതരിപ്പിക്കാനുള്ള കഴിവ് ആർജിച്ചെടുക്കാനും തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സന്പ്രദായം രൂപപ്പെടുത്താനും മുൻകൈയെടുക്കണം. വിദ്യാഭ്യാസമെന്നത് മൂല്യവർധിത ഉപഭോഗവസ്തുവാണെന്ന വിദ്യാർഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃ നയം മനസിലാക്കി അധ്യാപന രീതികൾ ക്രിയാത്മകമായി പരിഷ്കരിക്കാനും വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കണം. 4ജിയും 5ജിയും അരങ്ങു തകർക്കുന്നതും വാട്ട്സ്ആപ്പും ഇൻസ്റ്റഗ്രാമും നിർമിത ബുദ്ധിയും മനുഷ്യനെ വിലയിരുത്തുന്നതിനും വേർതിരിക്കുന്നതിനും സുപ്രധാനമാകുന്നതും കാണാതെ പോകരുത്. വിരൽതുന്പിൽ ലഭ്യമാകുന്ന വിവരങ്ങളുടെ പ്രളയത്തിൽനിന്ന് ശരിയുടെ ദിശയിലേക്കു നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം അധ്യാപകർക്കുണ്ട്. സാങ്കേതികവിദ്യയ്ക്കൊപ്പം മനുഷ്യന്റെ സ്നേഹവും കരുതലും ചേരുന്പോഴാണ് യഥാർഥ വിദ്യാഭ്യാസം പൂർണമാകുന്നത്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, (അസി. പ്രഫസർ, സെന്റ് തോമസ് കോളജ്, തൃശൂർ)
തലമുറകളിലെ വിടവ് ബന്ധങ്ങൾ സങ്കീർണമാക്കുന്നു
തലമുറ വിടവും സാങ്കേതിക വളർച്ചയും അധ്യാപക-വിദ്യാർഥി ബന്ധങ്ങളെ സങ്കീർണമാക്കുന്നു. കോവിഡനന്തര വിദ്യാഭ്യാസ മാറ്റങ്ങൾ നിരന്തര ഗവേഷണത്തിനു വിധേയമാക്കണം. ജീവിതശൈലീമാറ്റം, ഏകാഗ്രതക്കുറവ്, ആത്മവിശ്വാസമില്ലായ്മ എന്നിവ വിദ്യാർഥികളെ ക്ലാസ് റൂമിൽ താത്പര്യമില്ലാത്തവരാക്കുന്നു. പഠനം ക്ലാസ് മുറികളിലൊതുങ്ങുന്നത് വിദ്യാർഥികളുടെ സാമൂഹിക ഇടപെടലുകൾക്കും വ്യക്തിത്വവികാസത്തിനും സാധ്യത നൽകുന്നില്ല. മാറ്റങ്ങളെ വീണ്ടുവിചാരമില്ലാതെ അതിവേഗം പുൽകാനുള്ള വിദ്യാർഥികളുടെ അഭിനിവേശങ്ങൾ നിയന്ത്രിക്കാൻ അധ്യാപകരും രക്ഷിതാക്കളും പരാജയപ്പെടുന്നു. വിദ്യാർഥികളോട് കുറച്ചുനേരം വ്യക്തിപരമായി സംസാരിക്കാൻ പോലും സമയംകിട്ടാത്തവിധം പഠനം കൈകാര്യം ചെയ്യേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. വിദ്യാർഥികളുടെ മനോഭാവ നിർമാണത്തിൽ തിരുത്തൽ നടപടിയെടുക്കാൻ സ്വാതന്ത്ര്യമില്ലാത്തത് ഇന്നിന്റെ അധ്യാപകവൃത്തി യാന്ത്രികമാക്കുന്നു.
ഡോ. പി. രഞ്ജിത്ത് (എൻഎസ്എസ് മുൻ സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ് വിഭാഗം)
ചേർത്തുപിടിക്കാം, കഴിവുകൾ തിരിച്ചറിഞ്ഞ്
അറിവിനൊപ്പം ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും പകരുകയെന്നതാണ് അധ്യാപകന്റെ യഥാർഥ ദൗത്യം. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു ചേർത്തുപിടിക്കുന്പോഴാണ് അധ്യാപനം അർഥവത്താകുന്നത്. ഇന്ന്, അധ്യാപക- വിദ്യാർഥി ബന്ധത്തിൽ അകലങ്ങളുണ്ടെങ്കിലും സ്നേഹവും വിശ്വാസവുംനിറഞ്ഞ ബന്ധങ്ങൾക്കു വലിയ സ്ഥാനമുണ്ട്. സാങ്കേതികവിദ്യ എത്ര വളർന്നാലും കുട്ടിയുടെ മനസ് മനസിലാക്കി അവന് ആത്മവിശ്വാസം നൽകുന്ന അധ്യാപകന്റെ സാന്നിധ്യത്തിന് പകരമാകില്ല. സമൂഹത്തിലെ തിൻമകൾ അധ്യാപക സമൂഹത്തെയും സ്വാധീനിക്കുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും പരസ്പരം വിശ്വാസത്തോടെ കൈകോർക്കുന്പോഴാണു നല്ല തലമുറയെ വളർത്താൻ കഴിയുക. അറിവ് പകരുന്ന കൈകളേക്കാൾ പ്രധാനമാണു സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ഹൃദയം. അധ്യാപനം എന്നതു തൊഴിൽ മാത്രമല്ല, ദൗത്യമാണ്.
സിസ്റ്റർ ഷാനി ലിസ്ബത്ത് (എച്ച്എം, സെന്റ് ക്ലെയേഴ്സ് സിജിഎച്ച്എസ്, കിഴക്കേകോട്ട)
ജീർണതകളെ ചെറുക്കാൻ കൂട്ടായ ശ്രമംവേണം
സാങ്കേതികവിദ്യയും ഡിജിറ്റൽ യുഗത്തിലെ ആശയവിനിമയക്കുറവും അമിതമായ മത്സരബുദ്ധിയും അധ്യാപക വിദ്യാർഥി വൈകാരിക അകലം വർധിപ്പിച്ചു. വ്യക്തിബന്ധങ്ങളിലെ ഊഷ്മളത നഷ്ടമായി. ഗുരുഭൂതർ നൽകുന്ന സ്നേഹത്തിനും കരുതലിനും പകരമാകാൻ മറ്റൊരു മാധ്യമത്തിനും കഴിയില്ല. മൂല്യച്യുതിയും ലഹരിയുപയോഗം ഉൾപ്പെടെയുള്ള പ്രവണതകളും വിദ്യാഭ്യാസ മേഖലയെയും ബാധിച്ചു. അറിവു പകരുന്നതിനപ്പുറം കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പിന്തുണയ്ക്കുന്ന മാതൃകയാകാൻ അധ്യാപകനു കഴിയണം. മൂല്യാധിഷ്ഠിത തലമുറയെ വാർത്തെടുക്കാൻ അധ്യാപക സമൂഹത്തിന്റെ ആത്മവിമർശനവും പ്രതിബദ്ധതയും അത്യാവശ്യമാണ്. അധ്യാപകരും രക്ഷിതാക്കളും ചേർന്നു നടത്തുന്ന കൂട്ടായ ശ്രമങ്ങൾക്ക് മാത്രമേ വിദ്യാലയ അന്തരീക്ഷത്തിലെ ജീർണതകൾ ചെറുത്തുതോൽപ്പിക്കാൻ കഴിയൂ. ആത്മാർഥതയും പരസ്പര വിശ്വാസവും വീണ്ടെടുക്കുന്നതിലൂടെ മാത്രമേ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ മഹത്വം വീണ്ടെടുക്കാൻ സാധിക്കൂ.
സിസ്റ്റർ ഡോ. ഡാനിഷ് (ക്ലിനിക്കൽ കൗണ്സലിംഗ് സൈക്കോളജിസ്റ്റ്, സെന്റ് മേരീസ് ജിഎച്ച്എസ്, ചൊവ്വന്നൂർ)
കുട്ടികളെ സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കണം
ജീവിതകാലം മുഴുവൻ വിദ്യാർഥിയായി പുതിയ അറിവുകൾ ഉൾക്കൊള്ളുന്നവനാകണം അധ്യാപകൻ. ചിന്താശേഷിയുള്ള വ്യക്തിയായി നിലകൊള്ളുന്നതിനൊപ്പം മാർഗദർശിയും പ്രചോദകനുമാകണം. ഒപ്പം, കുട്ടികളെ സ്വയം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവനുമാകണം. അറിവു പകരാമെന്ന പരിമിതചിന്തയിൽ വിദ്യാർഥിയെ സമീപിക്കരുത്. മാതാവും പിതാവും സുഹൃത്തുമായി തുടരണം. വിദ്യാർഥികളെ ചില സന്ദർഭങ്ങളിൽ തിരുത്തേണ്ടിവരും. അതു ശിക്ഷണമായി കരുതുക. കുപിതമായ മനസുകൊണ്ടു തിരുത്താൻ ശ്രമിക്കുന്പോൾ മർദനമോ പീഡനമോ ആയി മാറും. കുട്ടികളുടെ കുടുംബ, സാമൂഹിക പശ്ചാത്തലം അറിയുന്നവർക്ക് അവരെ പ്രചോദിപ്പിക്കാൻ എളുപ്പമാണ്. വൈവിധ്യമാർന്ന പഠനാന്തരീക്ഷംകൂടി ഒരുക്കുന്പോൾ അധ്യാപക- വിദ്യാർഥി ബന്ധം കൂടുതൽ ദൃഢമാകും. പഠനം ആനന്ദകരമാകും.
എം. പീതാംബരൻ മാസ്റ്റർ (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
വിദ്യാലയം നല്ല മനുഷ്യരെ രൂപപ്പെടുത്തുന്ന ഇടം
അധ്യാപകദിനം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും സാമൂഹിക ഉത്തരവാദിത്വവും പുനർവിചിന്തനം ചെയ്യേണ്ട അവസരവും കൂടിയാണ്. നല്ല വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ അടിത്തറയ്ക്കു പ്രധാനം. വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുകയും ജീവിതത്തെ നേരിടാനുള്ള കരുത്ത് നൽകുകയും ചെയ്യുന്നതാണ് യഥാർഥ അധ്യാപക ധർമം. പ്രധാനാധ്യാപകനെന്ന നിലയിൽ വിദ്യാലയത്തിന്റെ ഭൗതിക വളർച്ചയ്ക്കൊപ്പം കുട്ടികളുടെയും അധ്യാപകരുടേയും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്കും പ്രധാന്യം നൽകണം. വിദ്യാലയം പരീക്ഷകളാൽ മികച്ച ഫലം നേടുന്ന ഇടം മാത്രമല്ല, നല്ല മനുഷ്യരെ രൂപപ്പെടുത്തുന്ന ഇടം കൂടിയാണ്.
സി. ജോയ് ചെറിയാൻ ( പ്രധാനാധ്യാപകൻ, എംഎഎസ്എം വിഎച്ച്എസ്എസ്, വെൻമേനാട്)
ശരിതെറ്റുകൾ തിരിച്ചറിയാൻ പഠിപ്പിക്കേണ്ടത് അധ്യാപകർ
മാറുന്ന കാലത്തിന് അനുസരിച്ച് അധ്യാപനരീതികൾ എങ്ങനെ മാറ്റണമെന്നത് അധ്യാപകർ ചിന്തിക്കണം. കോവിഡിനുശേഷം ഡിജിറ്റൽ ക്ലാസ് റൂമുകൾ സജീവമായി. ഇത് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വ്യക്തിബന്ധങ്ങളിൽ മാറ്റം വരുത്തി. വിരൽത്തുന്പിലുള്ള വിവരങ്ങളിൽ ശരിയും തെറ്റും തിരിച്ചറിയാൻ പഠിപ്പിക്കേണ്ടത് അധ്യാപകരാണ്. എഐ ടൂളുകൾ പഠനത്തെ സഹായിക്കുന്പോൾ മാനവികതയും ധാർമികതയും പകരാൻ അധ്യാപകർക്കാണു സാധിക്കുക. വർധിക്കുന്ന മാനസിക സമ്മർദങ്ങൾക്കിടെ കുട്ടികൾക്കു കൗണ്സലിംഗും സ്നേഹവും നലകാൻ അധ്യാപകർക്കു കഴിയണം.
ജെയ്സൻ മാത്യു (സോഷ്യൽ സയൻസ് അധ്യാപകൻ നിർമല ഹൈസ്കൂൾ, കുണ്ടുകാട്)
തിരിച്ചറിയണം, കുട്ടികളിലെ മാറ്റങ്ങൾ
അധ്യാപകനെന്ന നിലയിൽ വിദ്യാർഥിസമൂഹത്തിന്റെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്താനാകാത്ത സാമൂഹിക സാഹചര്യമാണു സംജാതമാകുന്നത്. പഠനം സ്മാർട്ട് ആയെങ്കിലും വിദ്യാർഥികളുടെ സ്വഭാവത്തിൽ കാതലായ മാറ്റങ്ങളുണ്ട്. സോഷ്യൽ മീഡിയയും വിപ്ലവകരമായ സാമൂഹിക നിലപാടുകളുമാണു വിദ്യാർഥികളെ വളർത്തുന്നത്. പ്രത്യേകിച്ചും കൗമാരക്കാരെ. ആത്മഹത്യയെക്കുറിച്ചു എഐയോടു സംസാരിക്കുന്ന കുട്ടികളെ മാതാപിതാക്കൾപോലും ഭയക്കുന്നിടത്ത് മാറ്റത്തിന്റെ വേരുകൾ കണ്ടെത്താം. താത്കാലിക സന്തോഷങ്ങളിലേക്കും ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനാകാത്ത അവസ്ഥാന്തരങ്ങളിലേക്കും ചെന്നെത്തുന്പോൾ അധ്യാപകർ നിസഹായരാകുന്നു. ഇതു നേരിടാനുള്ള പരിശീലനം അധ്യാപകർക്കും മികച്ച പാരന്റിംഗിൽ മാതാപിതാക്കളും ശ്രദ്ധാലുക്കളായാൽ കുട്ടികൾ ആർജിക്കുന്ന അറിവുകൾ തിരിച്ചറിവുകളാക്കുന്ന നിറകുടങ്ങളായി മാറും.
ടോബി തോമസ്, (പ്രിൻസിപ്പൽ, സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പുതുക്കാട്.)
തിരുത്തൽ ശിക്ഷയല്ല, വഴികാട്ടാനുള്ള ഇടപെടലാണ്
അധ്യാപകരുടെ യഥാർഥ സന്പാദ്യം കാലങ്ങൾക്കുശേഷം തേടിവരുന്ന വിദ്യാർഥികളുടെ സ്നേഹമാണ്. പ്രതികൂല കാലാവസ്ഥയിൽ മോശമാകുന്ന വിളവുപോലെ വളരുന്ന സാഹചര്യങ്ങളാണു കുട്ടികളെ മോശക്കാരാക്കുന്നത്. അധ്യാപകന്റെ വാക്കും നോട്ടവും കരുതലും നാം പോലുമറിയാതെ കുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കും. കുട്ടികളോട് ആത്മാർഥതോടെ ഇടപെടുന്ന അധ്യാപകരും വിശ്വാസ്യതതോടെ അധ്യാപകരെ സമീപിക്കുന്ന വിദ്യാർഥികളും തമ്മിലുളള ബന്ധം ഡിജിറ്റൽ കാലത്തും ഉഷ്മളമായി നിലനിൽക്കുന്നു. പ്രത്യാഘാതങ്ങളെ ഭയന്ന് കുട്ടികളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ അധ്യാപകർ മടിക്കുന്ന സാഹചര്യം ആശങ്കയ്ക്കു വകനൽകുന്നു. തിരുത്തൽ ശിക്ഷയല്ല, വിവേകമുള്ള വഴികളിലേക്കു നയിക്കാനുള്ള ഇടപെടലാണെന്ന തിരിച്ചറിവുണ്ടാകണം. അധ്യാപകന്റെ അധികാരത്തെയും കുട്ടിയുടെ അവകാശങ്ങളെയും പരസ്പരവിരുദ്ധമായി കാണാതെ ഉത്തരവാദിത്വവും അവകാശവും ഒരുപോലെ സംരക്ഷിക്കുന്ന അന്തരീക്ഷമാണ് വേണ്ടത്.
ഇ.സി. കവിത, ( ഇംഗ്ലീഷ് അധ്യാപിക, ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചേലക്കര)
മാറിയത് വിദ്യാർഥി മാത്രമല്ല, സമൂഹംകൂടിയാണ്
വിദ്യാർഥിയെ മനസിലാക്കി ലക്ഷ്യത്തിലേക്കു നയിക്കുകയാണ് അധ്യാപകന്റെ ചുമതല. അവനിലെ ശരിയായ സ്വത്വത്തെ തിരിച്ചറിയണം. അധ്യാപകൻ നൽകിയ സ്നേഹത്തിലൂടെ ജീവിതം പൂത്തുലഞ്ഞ അനുഭവകഥകൾ പങ്കിടുന്ന വിദ്യാർഥികൾ ഏറയാണ്. -ഒരുവട്ടംകൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം - എന്ന് ഓരോ കുട്ടിയുടെയും ചുണ്ടിലെ ഈണമായി മാറിയതും ഇതുതന്നെയാണ്. അധ്യാപക- വിദ്യാർഥി ബന്ധം തോളോടുതോൾ ചേർന്ന സുഹൃദ്ബന്ധത്തിനു തുല്യമായി മാറിയെങ്കിലും മൂല്യച്യുതിയുണ്ടായി എന്നത് അതിശയോക്തിയല്ല. അതു സമൂഹത്തിന്റെ മാറ്റംകൂടിയാണ്. വിൽത്തുന്പിൽ ഒതുങ്ങുന്ന ലോകത്തെ കണികമാത്രമായി അധ്യാപകൻ മാറി. എങ്കിലും ചോറുണ്ണാത്തവന്റെ പാത്രത്തിലേക്ക് അന്നം വിളന്പുന്ന ഗുരുക്കൻമാർ ഇന്നും സമൂഹത്തിൽ ബാക്കിയുണ്ട്.
ബിൻസി തോമസ് (സിഎഎൽപിഎസ്, ചെവ്വൂർ)
ഹൃദയം കീഴടക്കും, ഒരു നോട്ടംപോലും!
അധ്യാപനം ഒരു കലയാണ്. അതിന്റെ ഉള്ളറിഞ്ഞു പ്രവർത്തിക്കുന്പോഴേ കുട്ടികളുടെ ഹൃദയത്തെ തൊടാനാകൂ. ചേർത്തുപിടിക്കലിന്, തലോടലിന്, എന്തിന് സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിലൂടെ പോലും കുട്ടികളുടെ ഹൃദയം കീഴടക്കാൻ കഴിയും. സമൂഹത്തിനു മാതൃകയാകണമെന്നു ബോധ്യമുള്ള അധ്യാപകർ സമൂഹത്തിലെ ജീർണതകളിൽ വീഴില്ല. മുന്നിലിരിക്കുന്ന വിദ്യാർഥി തന്റേതല്ലെന്ന തോന്നലുണ്ടാകുന്ന നിമിഷം വിദ്യാലയത്തിന്റെ പടിയിറങ്ങുകയെന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾ പ്രസക്തമാണ്. നനഞ്ഞ കളിമണ്ണിൽനിന്നു ശിൽപം നിർമിക്കുന്നതുപോലെ കുഞ്ഞുങ്ങളിലെ കഴിവുകൾ കണ്ടെത്തി വളർത്താനും അവരറിയാതെ നൻമയുടെ വിത്തുകൾ പാകാനും അധ്യാപകനു കഴിയും. അതിനു ഹൃദയം കൊണ്ടു പഠിപ്പിക്കണം. മാറുന്ന കാലത്ത് അധ്യാപകനെന്ന പദം മെന്റർ എന്ന പദത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. A good teacher is a friend, guide and Philo sopher. യഥാർഥ ഗുരു ഒന്നും പഠിപ്പിക്കുന്നില്ല. വെളിച്ചത്തിലേക്ക് നയിക്കുക മാത്രം ചെയ്യുന്നു.
വി. ശ്രീബ, (എവിഎം എൽപിഎസ്, പാന്പൂർ, തൃശൂർ)
അവർക്കുവേണ്ടത് ആരോഗ്യമുള്ള മനസും ശരീരവും
പുത്തൻ കണ്ടെത്തലുകളുടെ വസന്തകാലമാണ് കൗമാരം. എന്നാൽ, ഡിജിറ്റൽ സ്ക്രീനിനുള്ളിലാണ് ഇന്നത്തെ കൗമാരം. അമിതമായ പഠനഭാരവും പ്രവേശന പരീക്ഷകൾക്കു വേണ്ടിയുള്ള കഠിന പരിശ്രമങ്ങളും കൂടിയാകുന്പോൾ പാഠപുസ് തകങ്ങൾക്ക് അപ്പുറമുള്ള വായനയും കളിക്കളങ്ങളും കുട്ടികൾക്ക് നഷ്ടമാകുന്നു. കളിക്കളങ്ങൾ വിനോദോപാധികൾ മാത്രമല്ല, പരസ്പര വിശ്വാസം, പരാജയങ്ങളെ നേരിടാനുള്ള മനക്കരുത്ത്, സഹകരണ മനോഭാവം തുടങ്ങിയ ഗുണങ്ങൾ വളർത്തുന്ന പരിശീലനക്കളരികൾ കൂടിയാണ്. റീലുകളിലും കുറിപ്പുകളിലും ഒതുങ്ങുന്ന പുതുതലമുറയ്ക്ക് ആഴത്തിലുള്ള ചിന്താശേഷിയും ഭാഷാശുദ്ധിയും അതോടൊപ്പം സമൂഹത്തിൽ ആരോഗ്യപരമായും ക്രിയാത്മകമായും ഇടപെടാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. സാങ്കേതികവിദ്യ പൂർണമായി തള്ളിക്കളയാൻ നമുക്കാവില്ല. അതിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ച് കളിക്കളങ്ങളിലേക്കും അക്ഷരലോകത്തേക്കും കുട്ടികളെ തിരികെ കൊണ്ടുവരണം. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
പി.എസ്. ജീൻ മരിയ (എസ്എച്ച് ഓഫ് മേരീസ് സിഎൽപിസ്, കണ്ടശാംകടവ്).
വേണ്ടതു കൂട്ടായ ഇടപെടലുകൾ
അറിവിനൊപ്പം നൻമയും മൂല്യങ്ങളും പകരാനുള്ള ഉത്തരവാദിത്വമാണ് അധ്യാപനം. ഇന്നത്തെ തലമുറയെ ശാസനകൊണ്ടല്ല, സ്നേഹവും കരുതലും കൊണ്ടാണ് ഹൃദയത്തോട് ചേർത്തുനിർത്താനാകുന്നത്. അധ്യാപക-വിദ്യാർഥി ബന്ധങ്ങളിൽ അകലം അനുഭവപ്പെടുന്നെങ്കിലും സ്നേഹവും വിശ്വാസവും നിറഞ്ഞ ഊഷ്മള ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. വിടവുകൾ കുറയ്ക്കുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട്. സ്വഭാവ രൂപീകരണത്തിലും ജീവിതവഴി കണ്ടെത്തുന്നതിലും കൂട്ടായ ഇടപെടൽ അനിവാര്യമാണ്. പഠിപ്പിച്ച പാഠങ്ങൾ മറന്നാലും, നമ്മൾ നൽകിയ സ്നേഹം അവരുടെ ഹൃദയത്തിൽ അവശേഷിക്കുന്നുവെങ്കിൽ അതാണ് അധ്യാപകന്റെ യഥാർഥ വിജയം.
ബിന്ദു ദേവരാജ്, (പ്രധാനാധ്യാപിക, കുത്താന്പുള്ളി ഗവ. യു പി. സ്കൂൾ )
അധ്യാപകർ സഹയാത്രയുടെ വക്താക്കളാകണം
അറിവിന്റെ വിത്തുകൾ മനുഷ്യഹൃദയങ്ങളിൽ പാകുന്നവരാണ് അധ്യാപകർ. വിതയ്ക്കുമ്പോഴും വളർന്ന് ഫലംചൂടാൻ സഹായിക്കുമ്പോഴും മാത്രമേ അധ്യാപകൻ നല്ലൊരു അധ്യാപകനാകു. അപ്പോൾ മാത്രമേ അധ്യാപകഹൃദയങ്ങളിൽനിന്ന് ഒഴുകുന്ന സ്നേഹത്തിനും കരുതലിനും ഇടമുണ്ടാവുകയുള്ളൂ. നന്മയുടെ സുഗന്ധത്തെ അടച്ചുവയ്ക്കാനാകില്ലല്ലോ. കരുതലിന്റെ വെളിച്ചത്തെ മറക്കാനും സാധിക്കില്ല. ഒരുകാലത്ത് മാതൃകകളുടെ അവസാനവാക്കായി തലമുറകൾ ആദരിക്കുന്ന അധ്യാപകവൃത്തിയിലും വിശുദ്ധിയുടെ നൂലിഴകൾക്ക് ഭംഗം വരുത്താതിരിക്കാൻ അധ്യാപക സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. അവർ മലമുകളിലെ ദീപസ്തംഭംപോലെ പ്രകാശിക്കുന്നവരാകട്ടെ.
സിസ്റ്റർ ആഗ്നസ് സിഎംസി (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, എച്ച്എം, സേക്രഡ് ഹാർട്ട് സിജിഎച്ച്എസ് എസ്, തൃശൂർ)
വഴികാട്ടണം, അറിവിലേക്കും മൂല്യങ്ങളിലേക്കും
അധ്യാപകർ എന്നും വഴികാട്ടികളാണ്. തന്റെ വിദ്യാർഥിയെ അറിവിലേക്കും, മൂല്യങ്ങളിലേക്കും, ജീവിതവിജയത്തിലേക്കും നയിക്കുന്പോഴാണ് വഴികാട്ടുകയെന്ന അധ്യാപനകല പൂർണമാകുന്നത്. ഇതൊരു കൂട്ടുത്തരവാദിത്വമാണ്. ഈ യാത്രയിൽ അധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളും ഒരുമിച്ചുനടക്കണം. അധ്യാപകവൃത്തി ഒരു ജോലി മാത്രമല്ല, തലമുറയെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വം കൂടിയാണ്. അധ്യാപകരുടെ വാക്കും പ്രവൃത്തിയും വിദ്യാർഥികളിൽ സ്വാധീനം ചെലുത്തുന്നതായതുകൊണ്ട് സ്നേഹത്തോടും സമർപ്പണത്തോടുംകൂടെ ഈ ദൗത്യം നിർവഹിക്കാൻ സാധിക്കണം.
സിസ്റ്റർ വെർജിൻ റോസ് (സെന്റ് മേരീസ് എച്ച്എഫ്സിയുപി സ്കൂൾ, ആന്പക്കാട്)
വഴികാട്ടണം, സൗഹാർദപരമായി
വിദ്യാലയങ്ങളിൽ അധ്യാപക- വിദ്യാർഥി ബന്ധങ്ങൾ സൗഹാർദപരമാണ്. ജെൻ സീ കാലഘട്ടത്തിൽ പൊതുവേ ഇല്ലാതെപോയ ബഹുമാനമോ ആദരവോ കുട്ടികൾക്ക് അധ്യാപകരോടുമില്ല എന്നതു വാസ്തവമാണ്. അധ്യാപകരെ കായികമായി നേരിടാൻ വിദ്യാർഥികൾ മുതിരുന്ന വാർത്തകളും കുറവല്ല. സമൂഹത്തിൽ വളരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണിത്. വളരുന്ന തലമുറയ്ക്കു നല്ല ചിന്തകൾ പകരാനും പ്രചോദനമേകാനും അധ്യാപകർക്കു കഴിയണം. സൗഹാർദപരമായി വഴികാട്ടാൻ സാധിക്കണം. അധ്യാപകനെന്ന നിലയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും ഇതാണ്.
ജോഫി സി. മഞ്ഞളി (ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് ഹൈസ്കൂൾ, വേ ലൂപ്പാടം) .
Tags : Knowledge NattuVishasham DistrictNews