അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
അധ്യാപകർ കുട്ടികളുടെ
സുഹൃത്താവണം
ഒരു അധ്യാപിക എന്ന നിലയില്‍ ഓരോ ദിവസവും ക്ലാസ് മുറിയില്‍ കാണുന്ന കാഴ്ചകള്‍ എനിക്ക് ഓരോ പുതിയ അനുഭവങ്ങളാണ്. കുട്ടികളുടെ കുറുമ്പുകളും ചിരികളും വിജയങ്ങളും പരാജയങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളുമെല്ലാം എന്റെ അധ്യാപക ജീവിതത്തിന്റെ ഭാഗമാണ്.
ഇന്നത്തെ കാലത്ത് ആധുനിക സാങ്കേതികവിദ്യയും പുതിയ പഠനരീതികളും കുട്ടികളുടെ പഠനത്തെ കൂടുതല്‍ എളുപ്പവും രസകരവുമാക്കിയിരിക്കുന്നു. ഹൈടെക് ക്ലാസ് മുറികളും ഡിജിറ്റല്‍ ബോര്‍ഡുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സുമെല്ലാം കുട്ടികള്‍ക്ക് പുതിയ അറിവിന്റെ വാതിലുകള്‍ തുറക്കുന്നു. എന്നാല്‍ ഒരു കുട്ടിയുടെ മനസിലേക്ക് എത്തിച്ചേരാന്‍ സാങ്കേതികവിദ്യകള്‍ക്കപ്പുറം സ്നേഹവും കരുതലും കേള്‍ക്കാനുള്ള മനസും ആവശ്യമാണ്.
ഒരിക്കല്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ പതിവുള്ള ചിരിയില്ലാതെ ഒരു കുട്ടി എന്റെ അരികില്‍ വന്നു നിന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവളുടെ മനസിലെ ഒരു ചെറിയ വിഷമം എന്നോട് പങ്കുവച്ചു. വലിയവര്‍ക്ക് ചെറിയതായി തോന്നിയ ആ വിഷമം അവളുടെ കുഞ്ഞുമനസില്‍ വലിയൊരു ഭാരമായിരുന്നു.
ഞാന്‍ ഉപദേശിക്കാതെ കുറച്ചുനേരം ഒരു നല്ല കൂട്ടുകാരിയെപ്പോലെ അവളുടെ വാക്കുകള്‍ കേട്ടിരുന്നു. അവള് സംസാരിച്ചുതീര്‍ന്നപ്പോള്‍ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞത് കണ്ടപ്പോള്‍, ഒരു കുട്ടിയുടെ മനസിലെ ഭാരമൊന്ന് കുറയ്ക്കാന്‍ കഴിയുന്നത് അധ്യാപകന്റെ വലിയൊരു വിജയമാണെന്ന് ഞാന്‍ മനസിലാക്കി. കുട്ടികള്‍ക്ക് വിശ്വസിച്ച് മനസുതുറക്കാവുന്ന ഒരു നല്ല സുഹൃത്താവണം അധ്യാപകര്‍. ചിലപ്പോള്‍ ഒരു നല്ല വാക്കിന് ഒരു കുട്ടിയുടെ ദിവസം തന്നെ മാറ്റാന്‍ കഴിയും.
സിസ്റ്റര്‍ ജൂലി ഗ്രേസ് എസ്ഡി,
സാവിയോ എച്ച്എസ്എസ്, ദേവഗിരി,
കോഴിക്കോട്.
കുട്ടികളോടൊത്ത്
സഞ്ചരിക്കണം
കുട്ടികളെ പഠിക്കാന്‍ സഹായിക്കുക, കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക എന്നതിലുപരി കുട്ടികളെ കേള്‍ക്കുന്ന, അറിയുന്ന, ഉള്‍ക്കൊള്ളുന്ന, സ്നേഹിക്കുന്ന, കാലത്തിനൊത്ത്അവരോടൊപ്പം സഞ്ചരിക്കുന്ന അധ്യാപകരെയാണ് മക്കള്‍ക്കെന്നും പ്രിയം.
വി.എസ്. സുജയ,
എയുപിഎസ് ചാത്തമംഗലം
ഉത്തരവാദിത്വം ഏറുന്നു
‘മാതാ പിതാ ഗുരു ദൈവം' എന്നത് കുട്ടികളെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന അതിരറ്റ പുണ്യമായ സ്ഥാനത്താണ് അധ്യാപകരെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
എന്നാല്‍ ആധുനിക കാലത്ത്, മാതാപിതാക്കള്‍ക്കു ശേഷമല്ലേ അധ്യാപകര്‍ വരുന്നത്, അപ്പോള്‍ അവരുടെ സ്ഥാനം ചെറുതല്ലേ? എന്ന് ചില കുട്ടികളെങ്കിലും സംശയം പ്രകടിപ്പിക്കാറുണ്ട്. കുട്ടികള്‍ യാഥാര്‍ഥ്യത്തിലല്ല ജീവിക്കുന്നത്. അവരിപ്പോള്‍ മിഥ്യയുടെ ലോകത്താണ്. ചുരുക്കിപറഞ്ഞാല്‍ അവര്‍ റീല്‍സിന്റെ ആകര്‍ഷണവലയത്തിലാണ്. ശരിയും തെറ്റും വേര്‍തിരിച്ചറിയാനുള്ള വിവേകം നല്‍കുന്നത് അധ്യാപകനാണ്. അധ്യാപകന്റെ അറിവിലൂടെ മാത്രമാണ് ഒരാള്‍ക്ക് ദൈവീകമായ സാത്വിക ഗുണങ്ങളിലേക്കും ജീവിത ലക്ഷ്യത്തിലേക്കും എത്തിച്ചേരാന്‍ സാധിക്കുന്നത്.
കെ.ടി. ഫാത്തിമ നുസ്റ,
ജിഎംഎച്ച്എസ്, രാരോത്ത്.
അധ്യാപകന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല
സാങ്കേതികത എത്ര പുതിയ ചരിത്രം നിര്‍മിച്ചാലും ഒരു അധ്യാപകന്റെ സാന്ത്വനത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല എന്ന വെളിച്ചമാണ് ഇന്നും നമ്മുടെ പ്രതീക്ഷ.
സാങ്കേതിക വിസ്ഫോടനത്തിന്റെ കാലമാണിത്. നിമിഷനേരം കൊണ്ട് ലോകം നമ്മുടെ കൈവെള്ളയില്‍ എത്തുന്നു. പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും നമ്മെ അതിശയിപ്പിക്കുന്നു. എന്നാല്‍ ചില ഘട്ടങ്ങളില്‍, സാമൂഹിക പരിസരങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികളുടെ ഇടപെടല്‍ കാണുമ്പോള്‍ ഞെട്ടിപ്പോകുന്നു. സാങ്കേതികത നല്കുന്ന അറിവിനൊപ്പം ജീവിതം നല്‍കുന്നില്ല എന്ന തിരിച്ചറിവാണത്. അവിടെയാണ് അധ്യാപകന്റെ പ്രസക്തി. അധ്യാപകന്റെ ഒരു ചെറിയ സാന്ത്വന വാക്കിനും ഒരു തലോടലിനും ഉപദേശത്തിനും വിദ്യാര്‍ഥിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും.
കെ.സി. ശിഹാബ് ,
ഐയുഎംഎല്പി സ്കൂള്‍, കന്നൂട്ടിപ്പാറ.
അധ്യാപകന്, മായാത്ത ഓര്മ
വിദ്യാഭ്യാസ പ്രക്രിയയില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന് ഏറെ ആഴമുള്ള സ്ഥാനമാണുള്ളത്. ഒരു പുസ്തകത്തിനും പകരം വയ്ക്കാനാകാത്ത ചില അറിവുകള്‍ ജീവിതം പഠിപ്പിക്കും. ആ ജീവിതപാഠങ്ങളിലേക്ക് ഒരു കുട്ടിയെ കൈപിടിച്ചുനടത്തുന്നത് പലപ്പോഴും അധ്യാപകനായിരിക്കും.ഒരു കുട്ടി ക്ലാസ് മുറിയിലേക്ക് കൊണ്ടുവരുന്നത് പുസ്തകങ്ങളും പഠനോപകരണങ്ങളും മാത്രമല്ല, അവന്റെ ചെറിയ സ്വപ്നങ്ങളും ആശങ്കകളും സംശയങ്ങളും പ്രതീക്ഷകളും കൂടിയാണ്.
ക്ലാസ് മുറികള്‍ മാറും. ജീവിതം പല വഴികളിലൂടെ സഞ്ചരിക്കും. പക്ഷേ, ഒരിക്കല്‍ നമ്മില്‍ വിശ്വാസം അര്‍പ്പിച്ച അധ്യാപകന്റെ മുഖവും വാക്കുകളും ഹൃദയത്തില്‍ മായാത്ത ഒരു ഓര്‍മയായി അവശേഷിക്കും.
ജാന്‍സി വര്‍ഗീസ്,
എംഇഎസ് ഫാത്തിമ റഹിം സെന്‍ട്രല്‍ സ്കൂള്‍,
കൈതപ്പൊയില്‍.
അധ്യാപകരുടെ പങ്ക് വിലപ്പെട്ടത്
സമൂഹം മാറുകയാണ്. സാങ്കേതിക വിദ്യയും തലമുറകളുടെ ചിന്തകളും മാറുകയാണ്. പക്ഷെ സ്നേഹവും കരുതലും മാതൃകയും ഒരിക്കലും അന്യമാവുന്നില്ല.
അതിനാല്‍ അറിവിനൊപ്പം നല്ല മനുഷ്യനെ രൂപപ്പെടുത്താന്‍ അധ്യാപകരുടെ പങ്ക് വിലപ്പെട്ടതാണ്. അധ്യാപകന് പാഠപുസ്തകം പഠിപ്പിക്കുന്നയാള്‍ എന്നതില്‍നിന്ന് കുട്ടി തെറ്റുചെയ്യുമ്പോള്‍ തിരുത്തുന്നയാളും തളരുമ്പോള്‍ താങ്ങുന്നയാളും സ്വപ്നം കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നയാളും വിജയിക്കുമ്പോള്‍ കൈയ്യടിക്കുന്നയാളുമാണ്. വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും ബഹുമാനിക്കാനും കുട്ടിയെ പ്രാപ്തരാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്.
എം.അപര്‍ണ
ജിഎംയുപി സ്കൂള്‍, പള്ളിപ്പുറം
ചാലക്കര, തച്ചംപൊയില്‍.
പരസ്പര ബഹുമാനവും
വിശ്വാസവും വേണം
അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം പുസ്തകങ്ങളിലെ അറിവിനേക്കാള്‍ വലുതാണ്. ഒരു നല്ല അധ്യാപകന് വിദ്യാര്‍ഥിയുടെ കഴിവുകള്‍ തിരിച്ചറിയുകയും അവനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
അതുപോലെ, വിദ്യാര്‍ഥിയുടെ വിശ്വാസവും ബഹുമാനവും അധ്യാപകന് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. സ്നേഹവും കരുതലും നിറഞ്ഞ ഒരു അധ്യാപക-വിദ്യാര്‍ഥി ബന്ധം ക്ലാസ് മുറിയെ ഒരു പഠനസ്ഥലം മാത്രമല്ല, വളര്‍ച്ചയുടെ ഇടമാക്കി മാറ്റുന്നു.
പി.ആര്. സൂര്യമോള്‍,
ടി.കെ. ട്രസ്റ്റ് പബ്ളിക് സ്കൂള്‍, ഈങ്ങാപ്പുഴ.
കളിക്കളവും വായനയും
നഷ്ടപ്പെടുന്ന കൗമാരം
സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്ന കാലമാണ് കൗമാരം. എന്നാല്‍ ഇന്ന് ആ ചിറകുകള് പലപ്പോഴും മൊബൈല്‍ സ്ക്രീനിന്റെ ചതുരക്കൂട്ടില് കുടുങ്ങിപ്പോകുന്നു. സ്ക്രീനിലെ ലോകം നിങ്ങളെ പലതും കാണിക്കും. എന്നാല്‍ കളിയും വായനയും നിങ്ങളെ നിങ്ങളായി രൂപപ്പെടുത്തും.
ഇന്ന് നിങ്ങള്‍ വായിക്കുന്ന ഒരു നല്ല പുസ്തകം നാളെയുടെ ഒരു നല്ല ചിന്തയായി മാറും. ഇന്ന് നിങ്ങള്‍ കളിക്കുന്ന ഒരു കളി നാളെയുടെ ആത്മവിശ്വാസമായി മാറും. പ്രിയപ്പെട്ട കുട്ടികളേ, സാങ്കേതികവിദ്യയെ ഉപയോഗിക്കുക. അതിന്റെ അടിമകളാകരുത്. നിങ്ങളുടെ കൈകളില്‍ ഒരു പുസ്തകവും ഒരു കളിപ്പന്തും കൂടിയുണ്ടാകട്ടെ.
ഡെല്ല ഡേവിസ്,
ഹെഡ്മിസ്ട്രസ്, എഎല്‍പിഎസ്, വെഴുപ്പുര്‍,
താമരശേരി.
വായിക്കാനും കളിക്കാനും
അവസരമൊരുക്കണം
ഇന്നത്തെ കൗമാരക്കാര്‍ കളിക്കളങ്ങളില്‍ നിന്ന് അകന്ന് മൊബൈല്‍ ഫോണിന്റെയും ഡിജിറ്റല്‍ ലോകത്തിന്റെയും പിന്നാലെ പോകുന്നത് ആശങ്കാജനകമാണ്.
കളി കുട്ടികളുടെ ശരീരത്തെ മാത്രമല്ല, മനസിനെയും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്.
ഒരു അധ്യാപകനെന്ന നിലയില്‍, കുട്ടികള്‍ക്ക് പാഠപുസ്തക അറിവിനൊപ്പം കളിക്കാനും വായിക്കാനും ആവശ്യമായ സമയം ലഭിക്കണം. വിദ്യാലയങ്ങളില്‍ കൂടുതല്‍ കളിസ്ഥലങ്ങളും വായനയ്ക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കേണ്ടത് അനിവാര്യമാണ്.രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കുട്ടികളില്‍ വായനാശീലവും കായികതാല്പര്യവും വളര്‍ത്താന്‍ കഴിയും.
എന്‍.ആര്.അമ്പിളി,
ഗാഥ പബ്ലിക് സ്കൂള്‍, പൂനൂര്.
കുട്ടികളെ കേള്‍ക്കണം
അധ്യാപകന് പാഠപുസ്തകത്തിലെ അറിവ് പകരുന്ന ഒരാള്‍ മാത്രമല്ല, ഒരു കുട്ടിയുടെ മനസിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന വ്യക്തിയാണ്. ഇന്നത്തെ തലമുറയ്ക്ക് ഉപദേശം നല്‍കുന്നതിലുപരി അവരെ കേള്‍ക്കുകയാണ് ആവശ്യം.
ഭയത്തില്‍ നിന്നുള്ള അനുസരണയല്ല, വിശ്വാസത്തില്‍ നിന്നുള്ള ബന്ധമാണ് ക്ലാസ് മുറിയില്‍ വളരേണ്ടത്. ഒരു കുട്ടി തന്റെ അധ്യാപകനെക്കുറിച്ച്, എന്നെ മനസിലാക്കുന്ന ഒരാളുണ്ട് എന്ന് ചിന്തിക്കുന്നിടത്താണ് യഥാര്‍ഥ വിദ്യാഭ്യാസം ആരംഭിക്കുന്നത്.ഡിജിറ്റല്‍ ലോകം ഉപയോഗിക്കുന്ന കുട്ടികളല്ല, ഡിജിറ്റല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന കുട്ടികളാണ് നമുക്ക് വേണ്ടത്.
ഗീത മനോജ്,
മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍.
ഇടപെടലാണ് പ്രധാനം
അധ്യാപക ജീവിതത്തിന്റെ 36 വര്‍ഷം പിന്നിടുമ്പോള്‍ ആകെ അറിയുന്നത് ഒരു അധ്യാപികന്റെ നിറം എന്നത് സ്നേഹം മാത്രമാണ് എന്നാണ്.
കുട്ടികള്‍ ശലഭങ്ങളാണ്. അവര്‍ നമ്മെ തേടിയെത്തും. ഉള്ളില്‍ അല്‍പ്പം തേന്‍ മധുരം കരുതി വയ്ക്കണം എന്നുമാത്രം. എങ്കില്‍ നമ്മെ തേടിയെത്തുന്ന അവരുടെ ജീവിതം ചാരുതയുള്ളതായി തീരും. നാം വിതച്ച സ്നേഹം മറ്റൊരു ഭാവത്തില്‍ നമ്മെ തേടിയെത്തും. അധ്യാപകര്‍ എത്ര കുലീനമായി കുട്ടികളില്‍ ഇടപെടുന്നു എന്നതാണ് പ്രധാനം. എന്നും മാതൃക മുടന്തന്‍ കുഞ്ഞാടിനെ തോളിലേറ്റിയ യേശുനാഥന്‍ തന്നെ.
സുനില ജോണ്‍ ഹെഡ്മിസ്ട്രസ്,
പ്രൊവിഡന്‍സ് എല്‍പി സ്കൂള്‍,
കോഴിക്കോട്
കുട്ടികളെ തിരിച്ചുകൊണ്ടുവരണം
കുട്ടികളുടെ കൈകളില്‍ പുസ്തകങ്ങള്‍ക്കു പകരം മൊബൈലും കളിസ്ഥലങ്ങള്‍ക്കു പകരം സ്ക്രീനും സൗഹൃദങ്ങള്‍ക്കു പകരം ഓണ്‍ലൈന്‍ ലോകവും നിറയുന്ന കാലമാണിത്. ലഹരി ഉപയോഗവും മൊബൈല്‍ അഡിക്ഷനും കുട്ടികളിലെ അക്രമവാസനയും വെറും കുട്ടികളുടെ പ്രശ്നങ്ങളായി കാണാന്‍ കഴിയില്ല. ഇത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.
കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ കേള്‍ക്കണം.നമ്മുടെ പ്രതികരണം ശിക്ഷയല്ല, സ്നേഹവും കരുതലും ശരിയായ മാര്ഗനിര്ദേശവുമാകട്ടെ.
കെ.ഒ.അബ്ദുല്‍ മജീദ്,
പന്നൂര് ഈസ്റ്റ് എഎംഎല്‍പി സ്കൂള്‍, കുറുന്താറ്റില്‍,
കിഴക്കോത്ത്.
മൂല്യം പകരാന്‍ അധ്യാപകനേ കഴിയൂ
ഒരുകാലത്ത് ഗുരു ശിഷ്യന് ദൈവമായിരുന്നു. ഇന്ന് പലപ്പോഴും വെറും ഒരു സിലബസ് തീര്‍ക്കുന്ന യന്ത്രമായി മാറുന്നു.
സ്മാര്‍ട്ട് ഫോണിന്റെ സ്ക്രീനില്‍ കുട്ടി ലോകം കാണുമ്പോള്‍, അധ്യാപകന്റെ ശബ്ദം അവന് രണ്ടാമത്തെ ഓപ്ഷനായി കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും, ഒരു കുട്ടി ജീവിതത്തില്‍ തളരുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേരുകളില്‍ ഇപ്പോഴും ഒരു അധ്യാപകന്റെ പേരുണ്ടാകും.
അതാണ് ഈ ബന്ധത്തിന്റെ ഊഷ്മളത. ടെക്നോളജിക്ക് വിവരം നല്കാന് കഴിയും പക്ഷേ ഒരു കുട്ടിക്ക് മനുഷ്യനായി വളരാന്‍ ആവശ്യമായ മൂല്യങ്ങള്‍ പകര്‍ന്നു നല്കാന് ഒരു നല്ല അധ്യാപകനു മാത്രമേ കഴിയൂ.
മിനി സുരേഷ്,
ഐ ഗേറ്റ്, പൂനൂര്.
അധ്യാപനം: ഹൃദയങ്ങളില്‍
അവശേഷിക്കുന്ന വെളിച്ചം
അധ്യാപിക എന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും വിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍ ബാക്കിയായിത്തീരുന്ന സ്നേഹവും ആദരവുമാണ്.
അറിവ് പകര്‍ന്നുനല്‍കുക എന്നതിനപ്പുറം ഓരോ കുട്ടിയുടെയും ഉള്ളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരുടെ സ്വപ്നങ്ങള്‍ക്ക് ദിശയും ജീവിതത്തിന് മൂല്യബോധവും നല്‍കുക എന്നതാണ് അധ്യാപകധര്മമെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനാല്‍ അധ്യാപകന്റെ സ്വഭാവവും സത്യസന്ധതയും തന്നെയാണ് ഏറ്റവും ശക്തമായ പാഠപുസ്തകം. നന്മയുടെ വെളിച്ചം ഒരു ജീവിതത്തില്‍നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പകരുമ്പോഴാണ് അധ്യാപകവൃത്തിയുടെ മഹത്വം പ്രകീര്‍ത്തിക്കപ്പെടുന്നത്.
ഷെറിന് മേരി ജോണ്‍.
സെന്റ് ആന്റണീസ് യുപി സ്കൂള്‍, കണ്ണോത്ത്.
സ്നേഹവും ബഹുമാനവും നിറഞ്ഞ ബന്ധം വേണം
അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞതായിരിക്കണം ഒരു നല്ല അധ്യാപകന് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന ഒരാള്‍ മാത്രമല്ല കുട്ടികളുടെ കഴിവുകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് അവരെ ശരിയായ രീതിയിലേക്ക് നയിക്കുന്ന ഒരു വഴികാട്ടി കൂടിയാവണം. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകനോട് ഭയമില്ലാതെ സംസാരിക്കാനും സംശയങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും കഴിയണം.
ബി. സ്മിത,
വാദിഹുസ പബ്ളിക് സ്കൂള്‍, എളേറ്റില്‍,
വട്ടോളി
ഹൃദയത്തില്‍ നന്മ ചൊരിയണം
അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവ് പകര്‍ന്നു നല്കുന്നതില് മാത്രം ഒതുങ്ങുന്നതല്ല, അത് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ബന്ധമാണ്.
ഇന്നത്തെ മാറിയ സാമൂഹിക സാഹചര്യത്തില്‍ ഈ ബന്ധത്തില്‍ ചില അകല്‍ച്ചകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഊഷ്മള ബന്ധങ്ങള്‍ ഇന്നും ധാരാളമുണ്ട്.കുട്ടികളുടെ കഴിവുകളെയും പരിമിതികളെയും മനസിലാക്കി അവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് യഥാര്‍ഥ അധ്യാപക-വിദ്യാര്‍ഥി ബന്ധം വളരുന്നത്. പരസ്പരം കേള്‍ക്കാനും മനസിലാക്കാനും കഴിയുന്ന ബന്ധമാണ് ഇന്നത്തെ വിദ്യാഭ്യാസരംഗത്തിന് ഏറ്റവും ആവശ്യം. അധ്യാപകന്റെ സ്നേഹവും വിദ്യാര്‍ഥിയുടെ വിശ്വാസവും ചേരുമ്പോള്‍ ക്ലാസ് മുറി അറിവിന്റെ ഇടം മാത്രമല്ല, നല്ല മനുഷ്യരെ രൂപപ്പെടുത്തുന്ന ഇടമായി മാറും.
സിസ്റ്റര്‍ വചന എസ്ഐസി,
സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, വേളംകോട്.
അധ്യാപകന് ശില്പിയാകണം
അധ്യാപകന് അറിവ് പകര്‍ന്നു നല്കുന്ന ഒരാള്‍ മാത്രമല്ല, നാളെയുടെ സമൂഹത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ്. ഒരു വിദ്യാര്‍ഥിയുടെ ചിന്തകളെയും സ്വഭാവത്തെയും മൂല്യബോധത്തെയും സ്വാധീനിക്കുന്നതിലൂടെ അധ്യാപകന് സമൂഹത്തിന്റെ ഭാവിയെത്തന്നെയാണ് സ്വാധീനിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ അധ്യാപകന്റെ ഉത്തരവാദിത്വം കൂടുതല്‍ വിശാലമായിരിക്കുകയാണ്. നല്ല മാതൃകയിലൂടെ കുട്ടികളുടെ മനസില്‍ നല്ല ബോധ്യങ്ങള്‍ സൃഷ്ടിക്കണ്ടവനാണ് ഓരോ അധ്യാപകനും.
മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ ഒരു അധ്യാപകന്റെ പങ്ക് വളരെ വലുതാണ്. മാനുഷിക ഗുണങ്ങളും ധാര്‍മികമൂല്യങ്ങളും കുട്ടികള്‍ക്കു പകര്‍ന്നു നല്കാന് ഏറ്റവും അധികം സാധിക്കുന്നത് അധ്യാപകര്‍ക്കാണ്.
ഫാ. ബിബിന്‍ ജോസ്,
സെന്റ് മേരീസ് ഹൈസ്കൂള്‍, കൂടത്തായി
ആത്മപരിശോധന നടത്തണം
ഒരു അധ്യാപകനായി തട്ടകത്തിലിറങ്ങിയ നാള് മുതല്‍ ഞാന്‍ നെഞ്ചിലേറ്റുന്നൊരു വിശ്വാസമുണ്ട്, പഠിപ്പിക്കുന്ന വിഷയത്തേക്കാള്‍ കുട്ടി ഓര്‍ത്തു വയ്ക്കുക അധ്യാപകന്റെ സ്നേഹവും പെരുമാറ്റവുമാണ്.
ക്ലാസ് മുറികളില്‍ നാം നല്കുന്ന അറിവിന്റെ ആഴമല്ല, പകരം അവരുടെ ജീവിതത്തെ നാം എങ്ങനെ തൊട്ടറിഞ്ഞു എന്നതാണ് ഒരു അധ്യാപകന്റെ യഥാര്‍ഥ ബാക്കിപത്രം. വര്‍ഷങ്ങള്‍ക്കു ശേഷവും വഴിയരുകില്‍ വച്ച് കണ്ട് 'സാര്‍...' എന്ന് വിളിച്ച് കുശലം ചോദിക്കുന്ന പഴയൊരു വിദ്യാര്‍ഥിയുടെ കണ്ണുകളിലെ തിളക്കത്തോളം പോന്ന മറ്റൊരു പുരസ്കാരവും ഈ ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ അധ്യാപകസമൂഹത്തിലേക്കും പടരുന്നു എന്ന ആരോപണം കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. ചുരുക്കം ചിലരുടെ തെറ്റായ പ്രവണതകള്‍ ഈ വിശുദ്ധ തൊഴിലിന്റെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്നു എന്നത് നഗ്നമായ സത്യമാണ്. എന്നാല്‍, എല്ലാ പ്രതിസന്ധികള്‍ക്കിടയിലും കുട്ടികളുടെ നല്ല ഭാവി മാത്രം സ്വപ്നം കാണുന്ന, സ്വന്തം ജീവിതം കൊണ്ട് മാതൃകയാകുന്ന ഒരുപാട് അധ്യാപകര്‍ ഇന്നും നമുക്കിടയിലുണ്ട്.
ലൂസി തോമസ്,
ഓക്സിലിയം നവജ്യോതി സ്കൂള്‍,
കുന്നമംഗലം
മഹത്തായ ഉത്തരവാദിത്വം
അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്വമാണ്. കുട്ടികള്‍ക്ക് അറിവ് പകര്ന്നുനല്കുന്നതിനോടൊപ്പം നല്ല സ്വഭാവവും മൂല്യബോധവും ആരോഗ്യകരമായ ജീവിതശീലങ്ങളും വളര്‍ത്തുക എന്നതാണ് അധ്യാപകന്റെ പ്രധാന ദൗത്യം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിലും അധ്യാപകന്റെ പ്രസക്തി ഒരിക്കലും കുറയുന്നില്ല.ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ ചില അകല്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഊഷ്മള ബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഓരോ കുട്ടിയിലുമുള്ള അക്കാദമികവും കായികവുമായ കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന അധ്യാപകരാണ് നല്ലൊരു സമൂഹത്തിന്റെ യഥാര്‍ത്ഥ ശില്പികള്.
നോബിള്‍ കുര്യാക്കോസ്,
സെന്റ് ആന്റണീസ് ഹൈസ്കൂള്‍, കണ്ണോത്ത്.
നിശബ്ദ ശില്പികള്
അധ്യാപകര്‍ അറിവിന്റെ അക്ഷരങ്ങള്‍ പകരുന്നവര്‍ മാത്രമല്ല, ഒരു തലമുറയുടെ ചിന്തകള്‍ക്ക് ആകാശവും സ്വപ്നങ്ങള്‍ക്ക് ചിറകുകളും നല്കുന്ന നിശബ്ദ ശില്പികളാണ്.
ക്ലാസ് മുറിയില്‍ തെളിയുന്ന അധ്യാപകരുടെ ജ്ഞാനദീപം വിദ്യാര്‍ഥികളിലൂടെ നാളെത്തെ സമൂഹത്തിന്റെ വഴിത്താരകളിലാണ് പ്രകാശിക്കുന്നത്.അധ്യാപകരുടെ കൈകളില്‍ രൂപപ്പെടുന്നത് കേവലം വിദ്യാര്‍ഥികളല്ല, ഒരു സമൂഹത്തിന്റെ സ്വഭാവവും സംസ്കാരവും ഭാവിയുമാണ്.അധ്യാപകരുടെ ജീവിതത്തിന്റെ പൂര്‍ണത പഠിപ്പിച്ച പാഠങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് അവര്‍ രൂപപ്പെടുത്തിയ മനുഷ്യരുടെ നന്മയിലാണ്. നല്ല ഒരു അധ്യാപകന് എന്നും നല്ലൊരു വിദ്യാര്‍ഥി കൂടിയാണ്. ഒരു അധ്യാപകന്റെ വാക്കുകള്‍ മറന്നുപോയേക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ സ്പര്‍ശം ജീവിതവഴികളില്‍ മായാത്ത അടയാളമായി അവശേഷിക്കും.
ഡിവിന് തോമസ്
സാവിയോ എച്ച്എസ്എസ്,
ദേവഗിരി
അധ്യാപകന് ജോലിക്കാരനായി മാറുന്നു
ഒരു നാടിന്റെ അച്ചുതണ്ട് ഒരു അധ്യാപകനായിരുന്ന ഒരു നല്ലകാലം നമുക്കിവിടെ ഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങള്‍ക്കും ‘ ‘മാഷേ' എന്നു വിളിച്ച് ആര്‍ക്കും ആശ്രയിക്കാവുന്ന ഒരു പ്രതീക്ഷയായിരുന്നു അധ്യാപകന്. അറിവ് പകരുന്ന അധ്യാപകന്റെ സ്ഥാനത്ത് ഗൂഗിളും ചാറ്റ്ജിപിടിയും വ്യക്തമായ മേല്‍ക്കോയ്മ നേടുകയും അച്ചടക്കവും സ്നേഹവും പകര്‍ന്നു നല്‍കിയിരുന്ന അധ്യാപകനെ നിയമത്തിന്റെ കണ്ണിലൂടെ സംശയത്തിന്റെ നിഴലില്‍ ആക്കുകയും ചെയ്തപ്പോള്‍ അധ്യാപകന് ഈ പുതിയ കാലത്ത് വെറും ജോലിക്കാരനായി മാറ്റപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. കാലത്തിന്റെ മാറ്റം അധ്യാപകരും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നുവെന്നത് ഒരു സ്വാഭാവിക പരിണാമവുമാണ്.
സ്നേഹവും സഹാനുഭൂതിയും മനുഷ്യന്റെ ഉള്ളില്‍ ബാക്കിയുള്ളിടത്തോളം കാലമത്രെയും അധ്യാപകന് അനിവാര്യത തന്നെയായിരിക്കും.
സോണിമോന്‍ സേവ്യര്‍
ജയ്റാണി എസ്എബിഎസ് പബ്ലിക് സ്കൂള്‍,
ബാലുശേരി
Tags : Nattuvishesham Districtnews Deepikanews classroom.