ഇലതീനി നശിപ്പിച്ച തോട്ടത്തിലെ വാഴ.
ഇരിക്കൂർ: മലയോരത്തെ വാഴത്തോട്ടങ്ങളിൽ വില്ലനായി ഇലതീനി പുഴുക്കൾ വിലസുന്നു. വിവിധയിനം പുഴുക്കളുടെ ശല്യം കാരണം വാഴ കർഷകർ തീരാദുരിതത്തിലാണ്. ഇരിക്കൂർ, ഇരിട്ടി, പായം, ഉളിക്കൽ, പടിയൂർ, ആറളം, അയ്യൻകുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ പല വാഴത്തോട്ടങ്ങളും ഇലതീനിപ്പുഴുക്കൾ കീഴടക്കിക്കഴിഞ്ഞു. വാഴയില മുഴുവനായും തിന്നുതീർത്താണ് ഇവ പെരുകിക്കൊണ്ടിരിക്കുന്നത്. ഞാലിപ്പൂവൻ വാഴകളിലാണ് കൂടുതൽ ആക്രമണം. ഇല പൂർണമായും തിന്നുതീർത്ത വാഴകളിലെ കുലകൾ മൂപ്പെത്താതെ നശിക്കുകയാണ്.
വാഴയുടെ തളിരിലയാണ് ഇവയ്ക്ക് ഏറെയിഷ്ടം. ശാസ്ത്രീയമായ പരിചരണമില്ലാത്ത തോട്ടങ്ങളിലാണ് പുഴുശല്യം കൂടുതൽ. പുഴു ആക്രമണമുള്ള വാഴയുടെ തളിരില പൂർണമായി പുറത്തെത്തുമ്പോഴേക്കും അതിലെ ജൈവാംശം മുഴുവൻ തിന്നുതീർത്തിരിക്കും. പ്യൂപ്പ ദശയിലേക്ക് കടക്കുമ്പോഴാണ് ഇവ സംരക്ഷണം തേടി ശക്തമായ മഴയേൽക്കാത്ത സ്ഥലങ്ങളിലേക്കെത്തുന്നത്. പൊതുവേ പുളിരസം കൂടിയ മണ്ണിലെ ചെടികളിലാണ് പുഴു വ്യാപകമായത്. വാഴയുടെ തടയിലും പുഴുക്കൾ കയറി വാഴകൾ നശിക്കുന്നുണ്ട്.
വേപ്പധിഷ്ഠിത കീടനാശിനി സോപ്പ് ലായനി ചേർത്ത് വിളകളിൽ തളിച്ചാലും ഫലിക്കാത്ത സ്ഥിതിയാണ്. പുഴുവുള്ള വാഴയിലകൾ മുറിച്ചെടുത്ത് കത്തിച്ച് കളഞ്ഞാലും ഇവയെ തുരത്താം.
അനുകൂല കാലാവസ്ഥാ ഘടകം കാരണമുള്ള അതിജീവനമാണ് പുഴു വ്യാപകമായി പെരുകാൻ ഇടയാക്കിയത്. മലയോരത്ത് വാഴകർഷകർക്ക് തീരാ ദുരിതമാണ് കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്നത്.
“ഇത്തവണ വെയിലും മഴയും മാറിമാറിയുണ്ടായ സവിശേഷമായ കാലാവസ്ഥയാണ് പുഴു വ്യാപകമാകാൻ കാരണം. തോരാമഴയുണ്ടായിരുന്നെങ്കിൽ വലിയൊരു വിഭാഗം പുഴുക്കളും പൂർണ വളർച്ചയെത്തും മുന്പേ ചത്തൊടുങ്ങുമായിരുന്നു.”
സജീവൻ (കർഷകൻ)