പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം.
അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
പുതുതലമുറയിലെ മാനസിക സ്വഭാവമാറ്റങ്ങൾ എന്റെ വിദ്യാലയത്തിലും ചുറ്റുപാടുകളിലുമായി ഞാൻ നിരന്തരം കാണുന്നുണ്ട്. മാറി മാറി വരുന്ന മാറ്റങ്ങളെ സ്വീകരിക്കുന്ന മനുഷ്യൻ അവന്റെ ചിന്താഗതിയിലും സ്വഭാവത്തിലും സന്തോഷപൂർവം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുമായി സൗഹൃദപരമായ ആശയവിനിമയം നടത്തുകയും ഉപദേശിക്കുന്നതിനേക്കാൾ കേൾക്കാനും മനസിലാക്കാനും ശ്രമിക്കുകയും വേണം. സാങ്കേതിക വിദ്യയെ പൂർണമായി നിരസിക്കുന്നതിന് പകരം അതിന്റെ നല്ല വശങ്ങൾ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്.
ഫാ. കെ.സി. മാത്യു എസ്ഡിബി, മുഖ്യാധ്യാപകൻ, ഡോൺബോസ്കോ സെൻട്രൽ സ്കൂൾ മഞ്ചേശ്വരം, കാസർഗോഡ്.
"ഞാൻ ഒരു അധ്യാപികയാണ്' എന്ന് പറയുമ്പോൾ അഭിമാനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വബോധവുമാണ് എന്റെ മനസിൽ നിറയുന്നത്. കാരണം അധ്യാപനം കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് ഒരു പുതിയ തലമുറയുടെ മനസിൽ നന്മയുടെയും മൂല്യങ്ങളുടെയും വിത്തുകൾ പാകുന്ന പവിത്രമായ ദൗത്യമാണ്.
ജോളി സെബാസ്റ്റ്യൻ കാരക്കുന്നേൽ,അധ്യാപിക, ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, പൂപ്പറമ്പ്.
ഒരു കുട്ടിയുടെ കൈയിൽ ആദ്യമായി അക്ഷരം കുറിച്ചുകൊടുക്കുന്ന നിമിഷം മുതൽ, അവന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഓരോ നിമിഷവും അധ്യാപകന്റെ സ്നേഹവും കരുതലും ഒപ്പമുണ്ട്. പാഠപുസ്തകത്തിലെ അറിവുകൾ പകർന്നുനൽകുക മാത്രമല്ല, ജീവിതത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുകയും നല്ല മനുഷ്യനായി വളരാൻ വഴികാട്ടുകയും ചെയ്യുന്നതാണ് അധ്യാപക ധർമം.
ഫാ. അഖിൽ മുക്കുഴി, വൈസ് പ്രിൻസിപ്പൽ, സാൻജോസ് മെട്രൊപൊളിറ്റൻ സ്കൂൾ, തലശേരി.
പുതുതലമുറകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്ന സേവനമേഖലയെന്ന നിലയിൽ അധ്യാപനം രാഷ്ട്രസേവനം തന്നെയായി പരിഗണിക്കപ്പെടുന്നതാണ്. എന്നിരുന്നാലും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അധ്യാപന ശൈലിയിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
ജിജോ പി. ജോസഫ്, പ്രഭാഷകൻ, അധ്യാപകൻ, എയുപി സ്കൂൾ ബിരിക്കുളം.
അധ്യാപക സമൂഹം കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നവരായിരിക്കണം. വിദ്യാർഥികളുമായി നിബന്ധനകളില്ലാത്ത സ്നേഹബന്ധമാണ് ഉടലെടുക്കേണ്ടത്. തിരുത്തേണ്ടിടത്ത് തിരുത്താനും കരുതലാവേണ്ടിടത്തു ചേർത്തുപിടിക്കാനും സങ്കടങ്ങളെ കേൾക്കാനും ഉൾക്കൊള്ളാനും അധ്യാപകർക്കു സാധിക്കണം.
സിസ്റ്റർ റെജീന മാത്യു, മുഖ്യാധ്യാപിക, സെന്റ് ജോസഫ് യുപി സ്കൂൾ കരുവെള്ളടുക്കം, വെള്ളരിക്കുണ്ട്.
അറിവ് അടിച്ചേൽപിക്കുന്ന പഴയ രീതിയിൽ നിന്നു കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മെന്ററായി അധ്യാപകർ മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച ആശയവിനിമയം വേഗത്തിലാക്കിയെങ്കിലും വൈകാരികമായ അടുപ്പം കുറയാൻ കാരണമായി.
ഷിജു പി. ലൂക്കോസ്, ഹോളി ഫാമിലി എച്ച്എസ്എസ്, രാജപുരം.
പുതുതലമുറയിലെ സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം കാരണം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞു വരുന്നതായി കാണാം. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും സോഷ്യൽ മീഡിയയിലെ ഷോർട്ട് വീഡിയോകളും കാരണം കുട്ടികൾക്ക് ദീർഘനേരം ഒരു വിഷയത്തിൽ മാത്രം മനസ് ഉറപ്പിച്ചു നിർത്താൻ ബുദ്ധിമുട്ട് നേരിടുന്നു. ഏത് കാര്യത്തിനും ഉടനടി ഫലം വേണമെന്ന ആഗ്രഹം കുട്ടികളിൽ ക്ഷമയില്ലായ്മയും വാശിയും കൂട്ടാൻ ഇടയാക്കുന്നു.
രാജേഷ് കുമാർ, പ്രിൻസിപ്പൽ, ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മയ്യിൽ.
സാങ്കേതികവിദ്യയുടെ കടന്നുവരവ് അധ്യാപനത്തെ കൂടുതൽ ലളിതമാക്കിയെങ്കിലും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന് ഒരുപരിധിവരെ മങ്ങലേൽപ്പിച്ചിട്ടുണ്ട്. സ്ക്രീനുകൾക്ക് മുന്നിലിരുന്ന് അറിവ് കൈമാറ്റം ചെയ്യുമ്പോൾ ഗുരുവും ശിഷ്യനും തമ്മിലുണ്ടാകേണ്ട മാനസികമായ അടുപ്പവും മുഖാമുഖമുള്ള ആശയവിനിമയവും കുറഞ്ഞുപോകുന്നു.
എ.ഡി. ബോബി, ഫ്ളവറെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എകെജി നഗർ, ഉളിക്കൽ.
പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഒരു നല്ല അധ്യാപകന്റെ സ്വാധീനം ഒരിക്കലും മായുന്നില്ല. അത് യുഗങ്ങളോളം നിലനിൽക്കുന്നു. അധ്യാപകന്റെ മാർഗദർശനവും ജ്ഞാനവുമാണ് ഒരു കുട്ടിയുടെ മനസിനെ രൂപപ്പെടുത്തുന്നത്. അധ്യാപകൻ പാഠങ്ങൾ മാത്രമല്ല ജീവിതമൂല്യങ്ങളും പഠിപ്പിച്ചു കുട്ടികൾക്ക് ഒരു യഥാർഥ പ്രചോദനമായിത്തീരുന്നു.
സിസ്റ്റർ ഫ്രാൻസി റോസ് , പ്രിൻസിപ്പൽ, കാര്യപ്പള്ളി സെന്റ് എലിസബത്ത് പബ്ലിക് സ്കൂൾ.
പ്രതീക്ഷകളുടെ ചിറകുകൾ മുളപ്പിച്ച് ആത്മവിശ്വാസത്തോടെ ഉയരങ്ങളിലേക്ക് പറക്കാൻ പ്രാപ്തരാക്കുന്ന പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠരേ, നിങ്ങൾക്ക് വന്ദനം. മാഞ്ഞുപോകുന്ന അക്ഷരങ്ങൾക്കപ്പുറം ചിന്തകൾക്ക് മൂർച്ചകൂട്ടിയും കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചും തെറ്റുകൾ തിരുത്തിയും ജീവിക്കാൻ പഠിപ്പിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
ലിൻസി പി. സാം, പ്രിൻസിപ്പൽ, സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂൾ, തലശേരി.
ഇന്നത്തെ ക്ലാസ് മുറികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ സൃഷ്ടിക്കുന്ന അകലം അധ്യാപക വിദ്യാർഥി ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പരസ്പര വിശ്വാസവും സ്നേഹവും അടിസ്ഥാനമാക്കി ഈ അകൽച്ചയെ മറികടക്കുന്ന ധാരാളം ഗുരു- ശിഷ്യബന്ധങ്ങൾ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിൽ ഉണ്ട്.
ടി.എം. ഷാന്റി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുപനത്തടി.
ഒരു അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രം പകർന്നു നൽകുന്ന ഒരാളല്ല. ഒരു കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, തെറ്റുകൾ തിരുത്തി, നല്ലൊരു മനുഷ്യനായി വളരാൻ വഴികാട്ടുന്ന വ്യക്തിയാണ് അധ്യാപകൻ. ഓരോ കുട്ടിയുടെയും ജീവിതത്തിന് ദിശാബോധവും നിറവും നൽകുന്നത് അധ്യാപകരാണ്.
സിസ്റ്റർ സുപ്രഭ എസ്ഐസി, ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടുവിൽ.
പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം. പഴയകാലത്തെ ഭയത്തിലധിഷ്ഠിതമായ അച്ചടക്ക സങ്കല്പങ്ങൾക്ക് ഇന്നത്തെ മാറുന്ന ക്ലാസ് മുറികളിൽ പ്രസക്തിയില്ല. ശിക്ഷ ഭയന്ന് അനുസരിക്കുന്നതിനേക്കാൾ, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സ്വയം അച്ചടക്കം വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് പ്രധാനം.
ആഷ്ലിൻ രാജ്, അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി.
അറിവിന്റെ വെളിച്ചം പകർന്നും സ്നേഹത്തിന്റെ കരുതലോടെ ചേർത്തുപിടിച്ചും തെറ്റുകളിൽ തിരുത്തിയും വിജയങ്ങളിൽ പ്രോത്സാഹിപ്പിച്ചും ഒരു നല്ല അധ്യാപകൻ തന്റെ വിദ്യാർഥിയുടെ ജീവിതത്തിൽ മായാത്ത അടയാളം പതിപ്പിക്കുന്നു. ഇന്നത്തെ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിൽ അധ്യാപകന്റെ ഈ ദൗത്യം കൂടുതൽ ഉത്തരവാദിത്വമുള്ളതായിരിക്കുന്നു. ഒരു അധ്യാപകന്റെ ഒരു നല്ല വാക്ക് ചിലപ്പോൾ ഒരു കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാകാം.
സിസ്റ്റർ സവിത സിഎംസി, പ്രിൻസിപ്പൽ, മൗണ്ട് കാർമൽ കോൺവെന്റ് സ്കൂൾ, കല്ലടി, തൊണ്ടിയിൽ.
ഇന്നത്തെ കുട്ടികളുടെ ചിന്തയും സ്വഭാവവും മനസിലാക്കാൻ അധ്യാപകർ ശ്രമിക്കണം. ഇപ്പോഴത്തെ കുട്ടികൾ കൂടുതൽ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്. കുട്ടികളോടൊപ്പം ചേർന്ന് അവരിലൊരാളായി അധ്യാപകൻ മാറിയാൽ കുട്ടികളെ നേർവഴിക്ക് നയിക്കാൻ വളരെ എളുപ്പമായിരിക്കും.
കെ.വി. മെസ്മർ, മുഖ്യാധ്യാപകൻ, ഗവ. മാപ്പിള യുപി സ്കൂൾ, തളിപ്പറമ്പ്.
അധ്യാപക–വിദ്യാർഥി ബന്ധത്തിൽ ഇന്ന് ഒരു അകലം അനുഭവപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്; എന്നാൽ അതിനിടയിലും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനേകം ഊഷ്മള ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യയും സാമൂഹികമാറ്റങ്ങളും ജീവിതശൈലിയിലെ വ്യതിയാനങ്ങളും കുട്ടികളുടെ ചിന്തയെയും സമീപനങ്ങളെയും മാറ്റിയിട്ടുണ്ടെങ്കിലും അധ്യാപകന്റെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല.
ബിജു മല്ലപ്പള്ളി, ബളാന്തോട് ജിഎച്ച്എസ്എസ്.
അറിവ് പകർന്നു നൽകുക മാത്രമല്ല, അറിവിനെ ജീവിതബോധമാക്കി മാറ്റുകയാണ് ഒരു അധ്യാപകന്റെ യഥാർഥ ദൗത്യം. കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം അവരുടെ ചിന്തകളെയും സ്വഭാവത്തെയും മൂല്യബോധത്തെയും രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വവും അധ്യാപകനുണ്ട്.
ബ്രദർ.ഡോ. റെജി സ്കറിയ സിഎസ്ടി, പ്രിൻസിപ്പൽ, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ, പൊടിക്കളം, ശ്രീകണ്ഠപുരം.
അറിവിന്റെ വെളിച്ചം പകർന്ന് നൽകി വിദ്യാർഥികളെ നന്മയുടെയും മൂല്യങ്ങളുടെയും പാതയിലൂടെ നയിക്കുന്ന മഹത്തായ ദൗത്യമാണ് അധ്യാപകരുടേത്. ഒരു നല്ല അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും മാനവികതയും വിദ്യാർഥികളിൽ വളർത്താൻ സഹായിക്കുന്നു.
സിസ്റ്റർ ഡോ. ഗ്രേസി ചെല്ലങ്കോട്ട്, പ്രിൻസിപ്പൽ, പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ.
ഇന്നത്തെ കാലത്ത് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ചില അകൽച്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുടുംബാന്തരീക്ഷത്തിലെ വ്യത്യാസങ്ങളും ഇതിന് കാരണമാണ്. എന്നാൽ എല്ലാ ബന്ധങ്ങളും അകന്നുപോയെന്ന് പറയാനാകില്ല. ഇന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ വിജയത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ.
അമൽ ജോർജ്, അധ്യാപകൻ, സെന്റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ.
കാലം മാറുന്നതിനൊപ്പം കോലം മാറുക എന്ന ചൊല്ല് പോലെ പുതിയ തലമുറയിലെ ചിന്തകളിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കാലത്തിന്റെ മാറ്റങ്ങളോടൊപ്പം രൂപപ്പെടുന്ന പുതിയ ചിന്താശൈലിയായി കണ്ട് കുടുംബവും അധ്യാപകരും സമൂഹവും ശരിയായ പിന്തുണ നൽകിയാൽ അവരുടെ കഴിവുകളെ സമൂഹത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും.
റീജേഷ് രാജൻ, അധ്യാപകൻ, എക്സൽ പബ്ലിക് സ്കൂൾ, മാഹി.
ഇന്നത്തെ കുട്ടികൾ ഗൂഗിളിൽ ഉത്തരം തേടുമ്പോൾ അധ്യാപകരുടെ അനുഭവങ്ങൾക്ക് വില കുറയുന്നതായി തോന്നാം. എന്നാൽ ക്ലാസ് മുറികളിൽ കുട്ടികളുടെ കണ്ണിലെ തിളക്കം കാണുമ്പോൾ ഇന്നും കുട്ടികൾ അധ്യാപകരെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെന്ന സത്യം മനസിലാകുന്നു.
സജി ജയിംസ് കണ്ണന്താനം, മുഖ്യാധ്യാപകൻ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തോമാപുരം.
ഇന്നത്തെ കേരളത്തിലെ കൗമാരം കളിക്കളങ്ങളിൽ നിന്നും വായനയുടെ ലോകത്തുനിന്നും അകന്ന് മൊബൈൽ ഫോണിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും അമിത ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. കളിസ്ഥലങ്ങളുടെ കുറവും പഠനത്തിലെ അമിത മത്സരവും കുട്ടികളുടെ സ്വതന്ത്രമായ കളിസമയത്തെ കുറയ്ക്കുന്നു. ഓൺലൈൻ ഗെയിമുകളും റീലുകളും വിനോദത്തിന്റെ പ്രധാന മാർഗങ്ങളായി മാറിയതോടെ പുസ്തകവായനയോടുള്ള താത്പര്യവും കുറഞ്ഞുവരുന്നു.
ഇ.ജെ. തങ്കമ്മ, ഹെഡ്മിസ്ട്രസ്, കാരിസ് യുപി സ്കൂൾ, മാട്ടറ.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടേയും വേഗതയേറിയ ലോകത്തിലാണ് പുതിയ യുഗത്തിലെ കുട്ടികൾ വളരുന്നത്. കൃത്യമായ മാർഗനിർദേശം നല്കുക എന്നതാണ് ഇന്നത്തെ കാലത്ത് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എൻ.എസ്. സൂസമ്മ, മുഖ്യാധ്യാപിക, മഞ്ഞളാംപുറം യുപിഎസ്, കേളകം.
അനേകം തിന്മയുടെ വിത്തുകൾ മുളപൊട്ടിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ നന്മയുടെ വിത്തുകൾ പാകുന്നതിനും സ്നേഹത്തോടെയുള്ള തിരുത്തലുകളിലൂടെ വിദ്യാർഥികളെ നേർവഴിയിലേക്കു നയിക്കുന്നതിനും ഇക്കാലത്ത് അധ്യാപകന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. അറിവിന്റെ വെളിച്ചവും സ്നേഹത്തിന്റെ ഊഷ്മളതയും പകർന്നു നൽകുന്ന ഭാവിതലമുറയുടെ ശില്പികളാണ് എല്ലാ അധ്യാപകരും.
സിസ്റ്റർ അർച്ചന യുഎംഐ, പ്രിൻസിപ്പൽ, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ.
അധ്യാപകരുടെ അർപ്പണബോധവും ജ്ഞാനവും പ്രോത്സാഹനവും വിദ്യാർഥികളിൽ മായാത്ത സ്വാധീനം ചെലുത്തുകയും ശോഭനമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
സിസ്റ്റർ അയോണ സൈമൺ, പ്രിൻസിപ്പൽ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂനിയർ കോളജ്, കണ്ണൂർ.
അധ്യാപന ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കുമ്പോൾ അഭിമാനവും ആത്മസംതൃപ്തിയും നിറഞ്ഞ ഓർമകൾ ഏറെയുണ്ട്. പുതിയ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഒരു മേഖലയായി അധ്യാപന രംഗം മാറുന്നുണ്ട്.
സീമ ജോഷി, അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്, കടുമേനി.
വിദ്യാർഥികളുടെ ഭാവിയിലും അവരുടെ സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിൽ അധ്യാപകരുടെ സ്ഥാനം എപ്പോഴും ഉയർന്നു നിൽക്കുന്നത്. കോവിഡിന് ശേഷം ഡിജിറ്റൽ യുഗത്തിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റവും സ്മാർട്ട് ഫോണുകളുടെ അമിതപ്രാധാന്യവും പുതുതലമുറകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിവരണാതീതമാണ്.
അനിൽ ജേക്കബ്, പ്രിൻസിപ്പൽ, സെന്റ് ജോൺസ് എച്ച്എസ്എസ്, പാലാവയൽ.
ഓരോ വിദ്യാർഥിയുടെയും മനസറിഞ്ഞ്, അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരാണ് അധ്യാപകർ. എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!
ലിസി ആന്റണി, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കണ്ണൂർ.
ഓരോ കുട്ടിയും വ്യത്യസ്തമായ പാഠപുസ്തകമാണ്. ആ പാഠപുസ്തകം വായിച്ചറിയുന്നവനാണ് യഥാർഥ ഗുരു. അതിനാൽത്തന്നെ ഇക്കാലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കാൻ മാത്രമല്ല, കേൾക്കാനും പഠിക്കണം. ജയിക്കാൻ വേണ്ടി മാത്രം പഠിപ്പിക്കാതെ നല്ല മനുഷ്യരായി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.
സോണിയ ജോസ്, അധ്യാപിക, സെന്റ് ജോസഫ് യുപി സ്കൂൾ, അറബി.
Tags : Knowledge NattuVishasham DistrictNews