പ്രതീകാത്മക ചിത്രം
കാസർഗോഡ്: കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പൊതുജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽ നിന്നും വിവിധ സംഘടനകളിൽനിന്നും നിവേദനങ്ങൾ സ്വീകരിച്ചുകൊണ്ട് ഗ്രാമീണമേഖലകളിൽ പുതുതായി അനുവദിച്ച ബസ് റൂട്ടുകൾ പ്രഖ്യാപനത്തിലൊതുങ്ങി.
സംസ്ഥാനത്താകെ 503 പുതിയ ബസ് റൂട്ടുകൾ അനുവദിച്ചുകൊണ്ടാണ് ഫെബ്രുവരി അവസാനവാരം മോട്ടോർ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും അതുകഴിഞ്ഞ് ഭരണമാറ്റവും വന്നതോടെ ഈ പ്രഖ്യാപനം നടപ്പായില്ല.
ജില്ലയിൽ മലയോരമേഖലയിലെ ഉൾപ്രദേശങ്ങളെ വിവിധ ടൗണുകളുമായി ബന്ധിപ്പിക്കുന്ന ഏതാനും ബസ് റൂട്ടുകൾ ഈ പട്ടികയിലുണ്ടായിരുന്നു. തുടർന്നും കൂടുതൽ റൂട്ടുകൾ അനുവദിക്കുന്നതിനായി ആവശ്യവും ഉയർന്നിരുന്നു.
നിലവിലുള്ള പ്രധാന റൂട്ടുകളിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തിന് പുതിയ റൂട്ടുകൾ ഊർജം പകരുമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി ബസുകൾ ഓടാത്ത ഉൾനാടൻ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് തികച്ചും ലാഭകരമായി സർവീസ് നടത്താൻ സാധിക്കും.
മലയോരമേഖലയിലും ഇടനാട്ടിലുമുള്ള ഗ്രാമീണ റോഡുകളിൽ ഒട്ടുമിക്കതും ഇപ്പോൾ മെക്കാഡം ടാറിംഗ് നടത്തി മികച്ച നിലവാരത്തിലാണ്. എന്നാൽ മിക്കയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത സ്ഥിതിയാണ്. സാധാരണക്കാരും വിദ്യാർഥികളുമടക്കം കൂടിയ തുക നൽകി ജീപ്പ്, ഓട്ടോറിക്ഷ സർവീസുകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇത്തരത്തിലുള്ള റോഡുകളിലൂടെ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിച്ചാൽ അത് ജനങ്ങൾക്കും ബസ് വ്യവസായത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി ബസുകളുമായുള്ള മത്സരത്തിൽ നഷ്ടം സംഭവിക്കുന്നതുമൂലം ഓട്ടം നിർത്താനൊരുങ്ങുന്ന സ്വകാര്യ ബസുകൾക്കും ഇത്തരത്തിലുള്ള ഗ്രാമീണ റൂട്ടുകളിലേക്കു മാറാൻ അവസരമൊരുക്കാം.
ജനപ്രതിനിധികളുടെയും ഗതാഗത വകുപ്പിന്റെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ആവശ്യം.
Tags : bus routes NattuVishasham DistrictNews