നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി അതിരുകല്ലിടീൽ ആരംഭിച്ചപ്പോൾ.
തൃക്കരിപ്പൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ ബീരിച്ചേരി മേൽപാലം നിർമാണത്തിന്റെ മുന്നോടിയായി അതിരുകല്ലിടൽ തുടങ്ങി. തൃക്കരിപ്പൂർ -പയ്യന്നൂർ പ്രധാനപാതയിലെ 265 നമ്പർ ബീരിച്ചേരി റെയിൽവേ ലെവൽ ക്രോസിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സമർപ്പിച്ച ജനറൽ അറേഞ്ച്ഡ് ഡ്രോയിംഗിന് അടുത്തിടെ റെയിൽവേ അംഗീകാരം നൽകിയതോടെയാണ് നടപടികൾക്ക് തുടക്കമിട്ടത്.
ആർബിഡിസികെയ്ക്ക് നിർമാണചുമതലയുള്ള പ്രവർത്തനങ്ങൾക്ക് കിറ്റ്കോ നേതൃത്വത്തിലാണ് അതിരുകല്ലിടൽ ആരംഭിച്ചത്. മുനിവ്വിറുൽ അറബിക് കോളജ് പരിസരത്ത് നിന്നാണ് ഇന്നലെ രാവിലെ അതിരുകല്ലിടുന്നതിന് തുടക്കമിട്ടത്. മൂന്നു ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 439.46 മീറ്ററാണ് ബീരിച്ചേരി മേൽപാലത്തിന്റെ ആകെ ദൈർഘ്യം. റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് 208 മീറ്ററും വടക്കു ഭാഗത്ത് 185 മീറ്ററുമാണ് നീളം. 10.5 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ 7.5 മീറ്റർ ക്യാരജ് വേയും ഇരുവശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുന്നു. അതിരുകല്ലിടൽ പൂർത്തിയാക്കുന്നതോടെ ഇരുഭാഗങ്ങളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കും. സ്വകാര്യ വ്യക്തികളിൽ നിന്നായി ഏതാണ്ട് ഒരേക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഈ ഭൂമിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടതുണ്ട്. 28.23 കോടി രൂപയാണ് പാലം നിർമാണത്തിന്റെ എസ്റ്റിമേറ്റ് തുക. ഏറ്റെടുക്കുന്ന ഭൂ ഉടമകൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാര തുക കൂടി ഉൾപ്പെടുത്തിയാണിത്.നാലുകോടി രൂപയിൽപരം നഷ്ടപരിഹാര തുകയായി നീക്കിയിട്ടുണ്ട്. തൃക്കരിപ്പൂർ ടൗണിലും സമീപ റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുകയും ജനജീവിതവും വ്യാപാര രംഗവും ദുരി തപൂർണമാക്കുകയും ചെയ്ത തൃക്കരിപ്പൂരിലെ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ യാഥാർഥ്യമായാൽ തൃക്കരിപ്പൂരിനു മാത്രമല്ല ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വലിയപറമ്പിനും പടന്ന ഉൾപ്പെടെയുള്ള തൊട്ടടുത്ത പഞ്ചായത്തുകൾക്കും ഗതാഗത മേഖലയിൽ നേട്ടമുണ്ടാകും.