തൃശൂർ: രണ്ടുമാസത്തെ അവധിയുടെയും കളിചിരികളുടെയും വേനൽച്ചൂടാറി വിദ്യാലയമുറ്റങ്ങൾ വീണ്ടും സജീവമായി. പുത്തനുടുപ്പും പുസ്തകങ്ങളും ബാഗും കുടയുമായി അറിവിന്റെ പുതിയ ലോകത്തേക്ക് കുട്ടിക്കൂട്ടം ചുവടുവച്ചതോടെ ക്ലാസ് മുറികൾ ഉണർന്നു. വർണക്കടലാസുകളും തോരണങ്ങളും തൂക്കി ഉത്സവപ്രതീതിയിലാണ് വിദ്യാലയങ്ങൾ പ്രവേശനോത്സവത്തെ വരവേറ്റത്.
ഇടവേളയ്ക്കുശേഷം കൂട്ടുകാരെയും സഹപാഠികളെയും വീണ്ടും കണ്ടുമുട്ടിയതിന്റെ ആവേശത്തിലായിരുന്നു മുതിർന്ന കുട്ടികൾ. കെട്ടിപ്പിടിച്ചും കൈകോർത്തും അവർ അവധിക്കാല വിശേഷങ്ങൾ പങ്കുവച്ചപ്പോൾ, കളിയിടങ്ങളിൽനിന്ന് ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തിയതിന്റെ പരിഭവവും ചിലരുടെ മുഖത്തുണ്ടായിരുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അമ്മയുടെയും അച്ഛന്റെയും കൈപിടിച്ചെത്തിയ കുരുന്നുകളുടെ സാന്നിധ്യമായിരുന്നു പ്രവേശനോത്സവത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. സ്കൂൾ ഗേറ്റ് കടക്കുന്നതുവരെ തുള്ളിച്ചാടി നടന്നവർ മാതാപിതാക്കളുടെ കൈവിരലുകളിൽനിന്ന് വേർപെട്ടതോടെ വിതുമ്പി. പോകല്ലേ... എന്ന കരച്ചിലോടെ ക്ലാസ്മുറികളിലേക്ക് നീങ്ങിയ കുട്ടിപ്പട്ടാളത്തെ അധ്യാപകരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ചു.
കണ്ണീരൊഴുക്കിയ കുരുന്നുകളുടെ വിഷമംമാറ്റാൻ മധുരപലഹാരങ്ങളും ബലൂണുകളുമായി അധ്യാപകർ എത്തിയതോടെ സ്കൂൾ മുറ്റം പെട്ടെന്നുതന്നെ കളിചിരികളിലേക്ക് വഴിമാറി. പാട്ടും നൃത്തവും വാദ്യേമേളങ്ങളും അരങ്ങുനിറഞ്ഞതോടെ ആശങ്കകൾമാറി പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിനം കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി.
Tags : nattu vishesham festival of knowledge