പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
അധ്യാപക- വിദ്യാർഥി അകലം കുറയണം
ഇന്നത്തെ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ പ്രധാന പ്രശ്നം അകലം മാത്രമല്ല, രണ്ടു തലമുറകൾ ജീവിക്കുന്ന ലോകങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്. അധ്യാപകൻ വളർന്ന ലോകവും വിദ്യാർഥി വളരുന്ന ഡിജിറ്റൽ ലോകവും ഒരുപോലെയല്ല. അതുകൊണ്ട് പഴയകാല ബന്ധത്തിന്റെ മാതൃകകൾ മാത്രം ഉപയോഗിച്ച് ഇന്നത്തെ കുട്ടികളെ സമീപിക്കാൻ കഴിയില്ല. ഇന്ന് കുട്ടികൾക്ക് അധ്യാപകനിൽ നിന്ന് വിവരങ്ങൾ മാത്രം ആവശ്യമില്ല. ഒരു ക്ലിക്കിൽ അവർക്ക് വിവരങ്ങളുടെ മഹാസമുദ്രം ലഭ്യമാണ്. എന്നാൽ ആ വിവരങ്ങളിൽ നിന്ന് ശരി തെരഞ്ഞെടുത്ത്, അതിനെ ജീവിതജ്ഞാനമാക്കി മാറ്റാൻ സഹായിക്കുന്ന ഒരാളെയാണ് അവർക്ക് ആവശ്യം. അവിടെയാണ് അധ്യാപകന്റെ പ്രസക്തി.
അതുകൊണ്ട് അധ്യാപകൻ കുട്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാളായി മാത്രമല്ല, കുട്ടിയുടെ കൂടെ നടക്കുന്ന ഒരാളായി മാറണം. ചോദ്യങ്ങളെ ഭയപ്പെടാത്ത അധ്യാപകനും, അധ്യാപകനോട് ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടാത്ത വിദ്യാർഥിയും ഉണ്ടാകുന്പോഴാണ് യഥാർഥ പഠനം സംഭവിക്കുന്നത്. അധ്യാപകന്റെ അധികാരം നഷ്ടപ്പെടേണ്ടതില്ല; പക്ഷേ അധികാരത്തിന്റെ ഭാഷയിൽ നിന്ന് സ്വാധീനത്തിന്റെ ഭാഷയിലേക്ക് അത് മാറണം. ഭയത്താൽ അനുസരിക്കുന്ന വിദ്യാർഥിയെക്കാൾ വിശ്വാസത്താൽ വഴികാട്ടിയെ സ്വീകരിക്കുന്ന വിദ്യാർഥിയാണ് നമുക്ക് വേണ്ടത്. അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ഭാവി Teacher teaches, student listens എന്നതിലല്ല മറിച്ച് Teacher and student learn, question and grow together എന്ന പുതിയ സംസ്കാരത്തിലാണ്.
സിസ്റ്റർ ലിസ്യു മരിയ എസ്എബിഎസ്, പ്രിൻസിപ്പൽ, നിർമലമാത കോണ്വന്റ് സ്കൂൾ, മലന്പുഴ.
ലോകം കെട്ടിപ്പടുക്കുന്ന ക്ഷമ നഷ്ടപ്പെടുത്തരുത്
കളിക്കളങ്ങളിലെ ആരവങ്ങൾ നഷ്ടപ്പെട്ട് സ്ക്രീനിലെ വെളിച്ചത്തിൽ തളച്ചിടപ്പെടുകയാണ് ഇന്നത്തെ കൗമാരം. വായനയുടെ ലോകത്തേക്ക് കടക്കാനുള്ള ജാലകങ്ങൾ അടഞ്ഞ്, ചെറു വീഡിയോകളുടെ അനന്തമായ ഒഴുക്കിലാണ് അവരുടെ ശ്രദ്ധ.
കളിക്കളം പഠിപ്പിച്ചിരുന്ന തോൽവിയെ ഉൾക്കൊള്ളാനും ടീമായി ചേർന്ന് ജയിക്കാനുമുള്ള പാഠങ്ങൾ ഇന്ന് പാഠപുസ്തകത്തിലില്ല. ഒരു പുസ്തകം തുറന്ന്, ഒറ്റയ്ക്ക് ചിന്തിച്ച്, സ്വന്തം ഭാവന കൊണ്ട് ഒരു ലോകം കെട്ടിപ്പടുക്കുന്ന ക്ഷമ കൗമാരത്തിന് നഷ്ടമാകുന്നു.
എല്ലാം റെഡിമെയ്ഡായി കിട്ടുന്ന ഡിജിറ്റൽ ലോകത്ത് തെരഞ്ഞും അന്വേഷിച്ചും അറിയാനുള്ള ആകാംക്ഷ മങ്ങിപ്പോകുന്നു. കളിക്കളം നൽകിയിരുന്ന സൗഹൃദങ്ങളും വഴക്കുകളും ഇണക്കങ്ങളും ഇന്ന് കമന്റ് ബോക്സിലെ ഇമോജികളിൽ ഒതുങ്ങുന്നു.
വായന നൽകിയിരുന്ന ഭാഷയുടെ ആഴവും ചിന്തയുടെ വ്യക്തതയും ഇല്ലാതെ ആശയവിനിമയം പോലും ഉപരിപ്ലവമാകുന്നു. മാതാപിതാക്കളുടെ അമിതമായ മത്സരബുദ്ധിയും മാർക്കിനോടുള്ള ആർത്തിയും കുട്ടികളെ മുറിക്കുള്ളിൽ തളച്ചിടുന്നു. വെയിലത്ത് കളിക്കാത്തതുകൊണ്ട് ശരീരം തളരുന്നു, വായിക്കാത്തതുകൊണ്ട് മനസ് ദരിദ്രമാകുന്നു. കൗമാരം എന്നത് ഫോണിൽ സ്ക്രോൾ ചെയ്തു തീർക്കേണ്ട ഒന്നല്ല, ജീവിച്ചു തീർക്കേണ്ട ഒരു അനുഭവമാണ്. ഒരു നല്ല പുസ്തകവും ഒരു നല്ല കളിക്കളവും ഒരു കുട്ടിക്ക് നൽകുന്ന ആത്മവിശ്വാസം മറ്റൊന്നിനും നൽകാനാവില്ല. അതുകൊണ്ടുതന്നെ കുട്ടികളെ വീണ്ടും മുറ്റത്തേക്കും ഗ്രന്ഥശാലകളിലേക്കും കൈപിടിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.
സിസ്റ്റർ നിർമൽ, പ്രിൻസിപ്പൽ, കാണിക്കമാത സ്കൂൾ, പാലക്കാട്.
മൂല്യമുള്ള ബന്ധം, പുതിയ പ്രഭാതത്തിന്
സാങ്കേതികവിദ്യ കുടുംബബന്ധങ്ങളിലും അധ്യാപക വിദ്യാർഥി ബന്ധങ്ങളിലും മനുഷ്യബന്ധങ്ങളിലും വരുത്തിയ മാറ്റം നമ്മുടെ ഭാവനക്കും അറിവിനും ഒക്കെ അകലെ നിൽക്കുന്നു. അവിടെ നിന്ന് ചിന്തിക്കുന്പോൾ അധ്യാപക വിദ്യാർഥി ബന്ധവും പുനർവായനക്ക് വിധേയമാകേണ്ടിയിരിക്കുന്നു. അറിവ് ഗുരുവിന്റെ അവസാന വാക്കല്ല എന്ന യാഥാർഥ്യത്തിൽ നിന്ന് അധ്യാപക വിദ്യാർഥി ബന്ധം മാറ്റി എഴുതപ്പെട്ടു. ലഹരി, സാമൂഹിക ബന്ധത്തിലെ മൂല്യച്യുതി എന്നിവ സാഹചര്യം പിന്നേയും മോശമാക്കി. അതുകൊണ്ട് എല്ലാം നവീകരിക്കപ്പെടുന്ന പുതിയ പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കാം.
യു.കെ. ലത, പ്രിൻസിപ്പൽ, ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്എസ്എസ്, പാലക്കാട്.
അധ്യാപകർക്കു വീഴ്ചയുണ്ടാകരുത്
അധ്യാപകരും പൊതുസമൂഹത്തിന്റെ ഭാഗമായതിനാൽ സമൂഹത്തിലുണ്ടാകുന്ന മൂല്യച്യുതികളുടെ പ്രതിഫലനം ഈ രംഗത്തും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. കച്ചവടമനോഭാവവും ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള വിമുഖതയും രാഷ്ട്രീയ അതിപ്രസരവും ഇന്ന് വിദ്യാഭ്യാസരംഗത്തെ മലിനമാക്കിയിട്ടുണ്ട്. കുരുന്നുകളിലേക്ക് ധാർമികമൂല്യങ്ങൾ പകരേണ്ട അധ്യാപകർ തന്നെ മയക്കുമരുന്നുകളുടെ വിതരണ ചങ്ങലയിലെ കണ്ണികളായിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഭാവിതലമുറയെ രൂപപ്പെടുത്തുന്നവരായതുകൊണ്ടുതന്നെ അധ്യാപകരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ധാർമിക നിലവാരം മറ്റാരേക്കാളും ഉയർന്നതാണ്. അവിടെയുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. എങ്കിലും ഒറ്റപ്പെട്ട ചില വ്യക്തികളുടെ തെറ്റായ പ്രവണതകളെ മുൻനിർത്തി അധ്യാപക സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ന്യായമല്ല. തങ്ങളുടെ കൈകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളെ ഉത്തരവാദിത്ത ബോധത്തോടെ നേർവഴിയ്ക്ക് നടത്തുന്ന അധ്യാപകരാണ് ഭൂരിഭാഗവും.
അറിവ് പകർന്നുനൽകുന്നതിനൊപ്പം സ്വന്തം ജീവിതം കൊണ്ട് മാതൃക നൽകാൻ കഴിയുന്പോഴേ അധ്യാപക ജീവിതം പൂർണതയിൽ എത്തുകയുള്ളൂ.
ഡോ. സോജൻ ജോസ്, അസോസിയേറ്റ് പ്രഫസർ, ഗവ. വിക്ടോറിയ കോളജ്, പാലക്കാട്.
സ്വന്തം നാട്, മറക്കരുതാത്ത ഉത്തരവാദിത്വം
വിദ്യാഭ്യാസരംഗത്ത് പുത്തൻ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥികളും ചലനാത്മകമായിത്തീർന്നിരിക്കുന്നു. തങ്ങളുടെ ഭാവിയെകുറിച്ച് അവർ തന്നെ ചില കണക്കുകൂട്ടലുകൾ ചിട്ടപ്പെടുത്തുന്നു. അതിലൊന്നാണ് അമിതമായ വിദേശ പലായനം. എന്നാൽ നമ്മുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നത് തെറ്റല്ല. അത് കുട്ടികളുടെ സ്വപ്നങ്ങളുടെ ഭാഗമാണ്. എന്നാൽ വിജയത്തെ വിദേശരാജ്യങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്ന ചിന്ത എത്രമാത്രം ശരിയാണന്നുള്ളത് ചിന്താവഹമാണ്. നമ്മുടെ നാട്ടിലും അവസരങ്ങൾ സൃഷ്ടിക്കാനും അവ കണ്ടെത്താനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാർഗം മാത്രമല്ല, സ്വന്തം സമൂഹത്തിന് എന്തെങ്കിലും നൽകാനുള്ള ശേഷിയും അതിലൂടെ വളർത്തണം. ലോകത്തിന്റെ ഏത് കോണിൽ എത്തിയാലും സ്വന്തം നാടിനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം മറക്കാത്ത തലമുറയെയാണ് നമുക്ക് വളർത്തേണ്ടത്.
കെ.കെ. രസ്ന, അധ്യാപിക, സെന്റ് ഡൊമിനിക് കോണ്വന്റ് സ്കൂൾ മണ്ണാർക്കാട്.
ലഹരിവിപത്തിനെ തിരിച്ചറിഞ്ഞു നേരിടണം
വിദ്യാർഥികൾക്കിടയിൽ അക്രമങ്ങൾ ചെയ്യാനുള്ള പ്രവണത മുൻകാലത്തേക്കാൾ വർധിച്ചിട്ടുണ്ട്. തീരെ നിസാര കാര്യങ്ങൾക്കായി നമ്മുടെ കുട്ടികൾ ചെയ്യുന്ന അതിക്രമങ്ങൾ അറിയുന്പോൾ വലിയ ദുഃഖം തോന്നുന്നു. അക്രമസ്വഭാവത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ ഒന്ന് ഗുരുതരമായ ലഹരി ഉപയോഗം തന്നെയാണ്. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളത്രയും ചെറിയ അളവിൽ ലഭിക്കുന്ന രാസവസ്തുക്കൾ മതി നമ്മുടെ യുവത്വത്തിന്റെ ഉൗർജത്തെ ലഹരിയുടെ തമോഗർത്തങ്ങളിലേക്ക് വലിച്ചടുപ്പിക്കാൻ. ലഹരിയുടെ ഉപയോഗം മാത്രമല്ല, അതിന്റെ വിപണനത്തെ ഒരു വരുമാനമാർഗമായി കാണുന്ന ഒരു പുതുതലമുറ ഉയർത്തുന്ന ഭീഷണിയും വളരെ വലുതാണ്. മൊബൈൽ ഫോണ് അമിത ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളേക്കാൾ വലുതാണ് കുട്ടികളുടെ മനസിൽ അതുണ്ടാക്കുന്ന അനഭിലഷണീയമായ മാറ്റങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലേക്ക് തീരെചെറിയ പ്രായത്തിൽ തന്നെ പ്രവേശനം ലഭിക്കുകയും എന്നാൽ അതിന്റെ ഉചിതമായ ഉപയോഗം എങ്ങനെയായിരിക്കണം എന്നൊരു മാർഗരേഖ മുന്നിൽ ഇല്ലാതിരിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.
പി. സന്തോഷ് കുമാർ, പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൊറ്റശേരി.
അധ്യാപകർക്കും ആത്മപരിശോധന നല്ലതാണ്
സമൂഹത്തിന്റെ പോക്ക് നല്ല രീതിയിലല്ല എന്ന അഭിപ്രായം ഇന്ന് പൊതുമണ്ഡലത്തിൽ ധാരാളമായിട്ടുണ്ട്. എന്നാൽ സമൂഹത്തിന്റെ അംഗീകാരം ലഭിക്കത്തക്കവിധം ഇതിന് മാതൃകയാവാൻ മുന്നിൽ നിൽക്കേണ്ട അധ്യാപക സമൂഹം ഇന്ന് പലതരത്തിൽ ക്രോസ് വിസ്താരം നേരിടുകയാണ്. ശാസ്ത്രം പഠിപ്പിക്കുന്നതിനപ്പുറം ശാസ്ത്രബോധത്തിലധിഷ്ഠിതമായ ജീവിതം പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തിൽ പ്രാവർത്തികമാക്കി കാണിക്കുക എന്നത് ഏതൊരധ്യാപകനും സ്വാംശീകരിക്കേണ്ട ഒന്നാണ്. ചെയ്യുന്ന ഏതൊരു പ്രവൃത്തിയോടും നൂറ് ശതമാനവും സത്യസന്ധത പുലർത്തുക എന്നതും അനുകരണീയമാണ്. പണിയായുധങ്ങൾക്ക് മൂർച്ച പരിശോധിക്കാത്ത ഒരു വിഭാഗമായി ഇന്നത്തെ അധ്യാപക സമൂഹം മാറുന്നുണ്ടോ എന്നത് ആത്മപരിശോധന നടത്താൻ ഈ ഒരു ദിനം ഓരോ അധ്യാപകനും തയാറാകണം. വീട്ടിലും സ്കൂളിലും മാലിന്യ സംസ്കരണം മാതൃകാപരമായി ചെയ്യാൻ ഓരോ അധ്യാപകനും ശ്രമിച്ചാൽ ഇന്ന് കേരളം നേരിടുന്ന വലിയ ഒരു പ്രതിസന്ധി തരണം ചെയ്യാം. ഇത്തരത്തിൽ അധ്യാപകരിലൂടെ മാതൃകകൾ വളർന്നുവരുന്ന ഒരു കേരളം സ്വപ്നം കാണാൻ ഈ ദേശീയ അധ്യാപക ദിനം പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുകയാണ്.
സി. സനോജ്, പ്രധാനാധ്യാപകൻ, ഗവ.എൽപി സ്കൂൾ വെള്ളിനേഴി.
മൊബൈൽ സ്ക്രീനും ലഹരിയും വെല്ലുവിളി
ഇന്നത്തെ ക്ലാസ് മുറികളിലെ ഏറ്റവും വലിയ വെല്ലുവിളി പാഠപുസ്തകം അല്ല, മൊബൈൽ സ്ക്രീനും, ലഹരിയുമാണ്. കുട്ടികൾക്ക് റീൽസും ഗെയിമും ലൈക്കും ലോകമായപ്പോൾ ജീവിതം ബോറടിക്കുന്നതായി തോന്നിത്തുടങ്ങി. ആ ഒഴിവിലേക്കാണ് ലഹരി കൂൾ ആയി കയറിവരുന്നത്. ഞങ്ങൾ കാണുന്നത് ശ്രദ്ധ കിട്ടാത്ത ഏകാന്തതയ്ക്ക് പരിഹാരമായാണ് കുട്ടികൾ ഫോണിനും ലഹരിക്കും അടിമപ്പെടുന്നത് എന്നാണ്. ശിക്ഷ കൊണ്ട് ഇത് മാറില്ല. സ്നേഹവും സമയവും കൊണ്ട് മാത്രമേ മാറൂ. ഒരു പിരീഡ് പാഠം മാറ്റിവെച്ച് അവരുടെ കഥ കേൾക്കാനും ഗ്രൗണ്ടിലേക്ക് ഇറക്കാനും ഞങ്ങൾക്ക് കഴിയണം.വീട്ടിലും സ്കൂളിലും ‘സ്ക്രീൻ ടൈം’ കുറച്ച് ‘നമ്മുടെ ടൈം’ കൂട്ടണം. ലഹരിക്കെതിരേ പ്രസംഗിക്കുന്നതിന് മുന്നേ നമ്മൾ ആദ്യം ഫോണ് താഴെ വച്ച് മാതൃകയാകണം. കുട്ടികൾ നമ്മൾ പറയുന്നത് കേൾക്കുന്നില്ല, നമ്മൾ ജീവിക്കുന്നത് കാണുകയാണ്. ഈ അധ്യാപക ദിനത്തിൽ ഒരു കൈപിടുത്തം കൊണ്ട് ഒരു ജീവിതമെങ്കിലും തിരികെ കൊണ്ടുവരുമെന്നതാണ് എന്റെ പ്രതിജ്ഞ.
സിസ്റ്റർ ലീമ റോസ്, പ്രിൻസിപ്പൽ, സെന്റ് തോമസ് സിഎച്ച്എസ്എസ് ഒലവക്കോട്.
അധ്യാപകർ ജീവിതത്തിന്റെ വഴികാട്ടി
ലഹരിയുടെ ഇരുട്ടിനെതിരെ വിദ്യാർഥിയുടെ മനസിൽ തെളിയിക്കേണ്ട ആദ്യത്തെ ദീപം ഭയത്തിന്റേതല്ല, അറിവിന്റേയും ആത്മബോധത്തിന്റേയുമാണ്. ഒരു അധ്യാപകന്റെ ദൗത്യം പാഠപുസ്തകത്തിന്റെ താളുകൾ പൂർത്തിയാക്കുന്നതിലല്ല; വഴിതെറ്റിപോകുന്ന ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ ശരിയായ ദിശയുടെ അടയാളം പതിപ്പിക്കുന്നതിലാണ്.
ആർ. കാർത്തിക, സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ, പാലക്കാട്.
രക്ഷിതാക്കൾ ജാഗരൂകരാകണം
ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയ പല കുട്ടികൾക്കും ലഹരിവസ്തുക്കൾ കിട്ടുന്നത് സ്വന്തം വീട്ടിൽനിന്ന് തന്നെയാണ് എന്നതാണ് സത്യം. പലപ്പോഴും രക്ഷിതാക്കൾ ഉപയോഗിച്ചതിനു ശേഷം വീട്ടിൽവയ്ക്കുന്ന ലഹരിവസ്തുക്കൾ ഒരു രസത്തിന് ഉപയോഗിച്ച് നോക്കിയാണ് അവർ ലഹരിയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ലഹരി മൂലം ശിഥിലമായ കുടുംബങ്ങളിൽനിന്ന് വരുന്ന ഇത്തരം കുട്ടികൾ മിക്കവാറും അക്രമവാസന ഉള്ളവരായും കാണപ്പെടുന്നുണ്ട്. പഴയതുപോലെ അവരെ പരിശോധിക്കാനോ അഥവാ ലഹരിവസ്തുക്കൾ കണ്ടെത്തിയാൽ തന്നെ ഒന്ന് ഉപദേശിക്കാനോ പോലും ഇന്ന് അധ്യാപകർക്ക് പേടിയാണ്. സോഷ്യൽ മീഡിയകൾ സത്യാവസ്ഥ അറിയാതെ അധ്യാപകരെ വിചാരണ ചെയ്യുന്ന സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് സ്വന്തം ജീവിതത്തിന്റേയും ജോലിയുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുക എന്നത് മാത്രമേ പല അധ്യാപകർക്കും ചെയ്യാൻ കഴിയുന്നുള്ളൂ എന്നത് ഇന്നത്തെ അധ്യാപക സമൂഹത്തിന്റെ ഗതികേടാണ്. അതിന് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.
റെമിയ പി.ദാസ്, അധ്യാപിക, സെന്റ് പീറ്റേഴ്സ് സിഎച്ച്എസ് കൂക്കംപാളയം.
അധ്യാപകർക്കൊപ്പം രക്ഷിതാക്കളും കണ്ണിചേരണം
വിദ്യാഭ്യാസം കേവലം അറിവു നേടലിനപ്പുറം അതിജീവനത്തിനു കൂടിയുള്ള പരിശീലനമാകണം. സമഗ്ര വിദ്യാഭ്യാസം ഒരു സാധ്യതയല്ല , അത് ഇന്നിന്റെ അനിവാര്യതയാണ്. പരിശീലനം അനസ്യൂതം തുടരുന്ന, തുടരേണ്ട ഒരു പ്രക്രിയയാണ്. ജീവിതത്തെ അറിയുവാനും സ്വപ്നം കാണാനും സഹവസിക്കുവാനും മൂല്യങ്ങളുടെ ശേഖരങ്ങളെ ഖനനം ചെയ്യുവാനും നാം കുട്ടികൾക്ക് തുടർച്ചയായ അവസരവും ധൈര്യവും നല്കുന്പോൾ മാറ്റം സാധ്യമാകും. ഇതിന് അധ്യാപകർക്കൊപ്പം രക്ഷിതാക്കളും കണ്ണിചേരേണ്ടതുണ്ട്.
ലഹരി അല്ല പ്രശ്നം ജീവിതത്തെത്തന്നെ ലഹരിയാക്കാൻ സാധിക്കാതെ പോകുന്നതാണ്. പഠനവും കലാ കായിക വിനോദങ്ങളും ആധുനിക പരിശീലനരീതികളും ഒരുമിച്ചുള്ള സഞ്ചാരവും സൗഹൃദവും ജീവിതത്തെ പ്രകാശത്തോടെ കാണുവാൻ പ്രചോദനമാകണം. രാജ്യത്തെ പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതൽ തന്നെ സമഗ്രതയിൽ ഉൗന്നിയുള്ളതാണ്.
ശശികുമാർ, ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്വന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ കായികപരിശീലകൻ, ദേശിയ ഫുട്ബോൾ മാച്ച് കമ്മീഷണർ.
സൈബറിടത്തിനപ്പുറവും വിശാലമായ ലോകം
നൂതന സാങ്കേതികവിദ്യയുടെ വിപ്ലവാത്മകമായ വളർച്ച പുതുതലമുറയുടെ ജീവിതരീതികളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മതിമറന്നിരിക്കുന്പോൾ കൗമാരക്കാരായ കുട്ടികൾ നഷ്ടപ്പെടുത്തുന്നത് കൂട്ടുകൂടി കളിക്കാനുള്ള സുവർണാവസരങ്ങളാണ്. അതിവിശാലമായ സൈബർ ഇടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ശൂന്യമായ മനസുമായി കൂടെയുള്ളവരെ പോലും തിരിച്ചറിയാനാകാതെ ഏകാന്തതയിലേക്കും മാനസികസമ്മർദ്ദങ്ങളിലേക്കും ലഹരിവസ്തുക്കളിലേക്കും വഴുതിവീഴുന്ന കൗമാരക്കാർക്ക് കളിക്കളങ്ങളും വായനയുടെ ലോകവും അന്യമാകുന്നത് ഏറെ വേദനാജനകമാണ്. വായനയുടെ സ്വപ്നച്ചിറകിലേറി അതിരുകളില്ലാത്ത വിസ്മയ പ്രപഞ്ചത്തിൽ പറന്നുയരുന്പോൾ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും കുട്ടികൾ തിരിച്ചറിയണം. ഇന്റർനെറ്റിനെ അമിതമായി ആശ്രയിക്കുന്പോൾ യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടമാകും. എന്നാൽ ഉത്തമഗ്രന്ഥങ്ങളുടെ വായന അറിവിന്റെ അനന്ത സാധ്യതകൾക്ക് വഴിതുറക്കും. കൂട്ടുകാരുമൊത്തു കളിക്കുന്പോൾ കിട്ടുന്ന മാനസികോല്ലാസവും നല്ല പുസ്തകങ്ങളുടെ വായനയിലൂടെ കരഗതമാകുന്ന വൈജ്ഞാനിക വളർച്ചയും വിദ്യാർഥികൾക്ക് സ്വന്തമാക്കാൻ കഴിയണം.
ജാസ്മിൻ സെബാസ്റ്റ്യൻ, അധ്യാപിക, മൗണ്ട് കാർമൽ ഹയർ സെക്കൻഡറി
സ്കൂൾ, ജെല്ലിപ്പാറ.
ചിന്താശേഷിയുള്ള കൗമാരം വിരിയണം
കളികൾ നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുന്നു. വായന അറിവും ചിന്താശേഷിയും നൽകുന്നു. ഡിജിറ്റൽ ലോകത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ഒപ്പം കളികൾക്കും വായനയ്ക്കും സമയം കണ്ടെത്തുകയും ചെയ്താൽ ഉന്മേഷകരമായ ചിന്താശേഷിയുള്ള കൗമാരത്തെ കൂടുതൽ സന്തോഷവും സന്പന്നവുമാക്കാൻ കഴിയും. നാടിന്റെ വികസനത്തിന്റെ അടിത്തറയായി മാറുകയും ഇതിലൂടെ ചെയ്യാം.
എം. ദിവ്യ, അധ്യാപിക, മോഡൽ ഹൈസ്കൂൾ പേഴുംകര.
കളിയും വായനയും തിരിച്ചുപിടിക്കണം
കളിക്കളങ്ങളിൽ നിന്ന് കിതപ്പുകളും കുതിപ്പുകളും അകലുന്പോൾ അത് ഒരു തലമുറയുടെ സന്തോഷത്തെയും ആരോഗ്യത്തെയുമാണ് ഇല്ലാതാക്കുന്നത്. പുസ്തകങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന കൗമാരം അറിവിന്റെ വെളിച്ചത്തിൽ നിന്ന് അജ്ഞതയുടെ ഇരുട്ടിലേക്ക് വഴിതെറ്റി കൂപ്പുകുത്തി വീഴുന്ന കാഴ്ചതന്നെ എത്ര അലോസരമാണ്. ഡിജിറ്റൽ വായനയുടെ കാലഘട്ടമാണെന്ന് എത്രയാവർത്തിച്ചാലും കളിസ്ഥലങ്ങളും പുസ്തകത്താളുകളും കീഴടക്കുന്ന മൊബൈൽ സ്ക്രീനുകൾ സൃഷ്ടിക്കുന്ന ഭീകര നിശബ്ദത ഭാവിക്ക് ഭീഷണി തന്നെയാണ്. കളിയിടങ്ങൾ ശാരീരികക്ഷമത വളർത്തുന്പോൾ വായന മനസിനേയും ചിന്തയേയും ഉത്തേജിപ്പിക്കുന്നു. കളിക്കാനും വായിക്കാനും സമയം കണ്ടെത്താത്ത കൗമാരം ജീവിതത്തിലെ വിലപ്പെട്ട അനുഭവപാഠങ്ങളെയാണ് നഷ്ടപ്പെടുത്തുന്നത്.വായനയില്ലാതെ മനവും ചലനമില്ലാതെ തനുവും കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഭംഗം സൃഷ്ടിക്കുകയാണ്. കൗമാരത്തെ സ്ക്രീനുകളിൽ നിന്ന് കളിയിടങ്ങളിലേക്കും പുസ്തകങ്ങളിലേക്കും തിരികെ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിന് ദീപശിഖയേന്തേണ്ടത് തീർച്ചയായും അധ്യാപകർ തന്നെയാണ്. ഒപ്പം മാതാപിതാക്കളും. കളിയും വായനയും തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ആരോഗ്യവും അറിവും മൂല്യബോധവുമുള്ള ഒരു തലമുറയെ വളർത്താനാകൂ. ഈ അധ്യാപക ദിനത്തിൽ ക്രിയാത്മക തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ ചിന്തകളിലും പ്രവൃത്തിയിലും വെളിച്ചവുമായി അധ്യാപകർ പ്രതിബദ്ധരാകട്ടെ എന്ന് ആശംസിക്കുന്നു.
ഇ.ടി. ഷൈനി, ചരിത്രവിഭാഗം മേധാവി, മേഴ്സി കോളജ്, പാലക്കാട്.
ഊഷ്മളം, അധ്യാപക -വിദ്യാർഥി ബന്ധം
എക്കാലത്തും ഉൗഷ്മളമായ ബന്ധങ്ങളിൽ ഒന്നാണ് അധ്യാപക -വിദ്യാർഥി ബന്ധം. തലമുറകൾ മാറുന്നതിനനുസരിച്ച് രീതികളിലും ഇടപെടലുകളിലും മാറ്റം സംഭവിക്കുന്നു എന്നുമാത്രം. ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന ഗുരുവിൽനിന്ന് സുഹൃത്തും വഴികാട്ടിയുമായി മാറി അധ്യാപകൻ. പുതിയ തലമുറ അധ്യാപകനെ സമപ്രായക്കാരിൽ ഒരാളായി കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഭാഷയും സംസാരവും എല്ലാം മനസിലാക്കുന്ന ഒരാളെ മാത്രം അംഗീകരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുതുതലമുറയോട് ചേർന്നുനിൽക്കാൻ കഴിയുക എന്നത് തന്നെയാണ് അധ്യാപക വിദ്യാർഥി ബന്ധത്തിലെ വെല്ലുവിളി.ടീച്ചറോടുള്ള ആരാധനയും ഇഷ്ടവും അവർ പഠിപ്പിക്കുന്ന വിഷയത്തെ കൂടുതൽ അറിയാനും മനസിലാക്കാനുള്ള സാഹചര്യമാക്കി വളർത്തിയെടുക്കുന്ന ഒരു വിഭാഗവും ക്ലാസ് മുറികളിൽ ഉണ്ട്. സ്നേഹത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി അവർ അധ്യാപകർക്കായി കാത്തുവയ്ക്കുന്നു. പൊതുഇടങ്ങളിൽ കണ്ടുമുട്ടുന്പോൾ കരുതലിന്റെ സ്പർശവുമായി ഓടിയെത്താനും ശ്രമിക്കുന്നു. കാലം മാറും പക്ഷേ ആ മാറ്റങ്ങൾക്കിടയിലും ചില ബന്ധങ്ങൾ കാലത്തെ അതിജീവിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ യഥാർഥ സ്നേഹവും ആദരവും രൂപപ്പെടുന്പോൾ പ്രായത്തിന്റേയും തലമുറയുടേയും വ്യത്യാസങ്ങൾ അപ്രസക്തമാവും.
ശ്രീല കെ. നായർ, എച്ച്എസ്എസ്ടി ജേർണലിസം, എൻഎസ്എസ് എച്ച്എസ്എസ് അകത്തേത്തറ.
ഓൺലൈനിൽ കുടുങ്ങി ഒറ്റപ്പെട്ടുപോകരുത്
ഡിജിറ്റൽ സ്ക്രീനുകളുടെ നീലവെളിച്ചത്തിൽ കൗമാരവും ബാല്യവും നഷ്ടപ്പെടുത്തുന്ന ഒരു തലമുറയെയാണ് നാം ഇന്ന് കാണുന്നത്. കളിക്കളങ്ങളും വായനാമുറികളും വിജനമാകുന്പോൾ അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു വിനോദവും വായനയുമല്ല, ഒരു വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വവികാസമാണ്. കളിക്കളങ്ങൾ നഷ്ടമാകുന്പോൾ കായികവിനോദങ്ങളിലൂടെ ലഭിക്കുന്ന പരസ്പരസഹകരണം, കൂട്ടായ്മ, പരാജയങ്ങളെ അതിജീവിക്കാനുളള മനോധൈര്യം എന്നിവ കുട്ടികൾക്ക് നഷ്ടമാകുന്നു. ഇന്നത്തെ കൗമാരം ഓണ്ലൈൻ മൾട്ടിപ്ലെയർ ഗെയിമുകളുടെ ലോകത്താണ്. അവിടെ കുട്ടികൾ ആയിരക്കണക്കിന് ആളുകളുമായി ബന്ധിപ്പിക്കപ്പെടുന്പോൾ അവർ തികച്ചും ഒറ്റപ്പെട്ടവരാണ്. വായനയിൽ നിന്നുളള അകൽച്ച റീലുകളും ഷോർട്സുകളും നൽകുന്ന തൽക്ഷണ തൃപ്തിക്ക് അടിമപ്പെടുന്നതോടെ ഏകാഗ്രതയും ചിന്താശേഷിയും സർഗാത്മകതയും ഇല്ലാതാകുന്നു. ഇത് കുട്ടികളുടെ ഭാഷാപരിജ്ഞാനവും വിശകലനശേഷിയും തകർക്കുന്നു. വീടുകളിൽ നോണ് സ്ക്രീൻ സോണുകൾ ഉണ്ടാക്കുകയും സ്കൂളുകളിൽ കായികവിനോദങ്ങൾ നിർബന്ധമാക്കുകയും രക്ഷിതാക്കൾ സ്വന്തം സ്ക്രീൻ സമയം കുറച്ച് മാതൃകയാവുകയും ചെയ്യണം. ഡിജിറ്റൽ സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ചുള്ള വായനാമുറികളും സർഗാത്മക ചർച്ചകളും നടക്കുന്ന കൂട്ടായ്മകൾ പുനർജീവിപ്പിക്കുകവഴി ആരോഗ്യകരമായ പുതുതലമുറയെ നമുക്ക് സൃഷ്ടിക്കാം.
പി. ജിംസി മാറ്റി, എച്ച്എസ്ടി സോഷ്യൽ സയൻസ്, ബിഇഎം എച്ച്എസ്എസ് പാലക്കാട്.
കളിയും വായനയും അകറ്റിനിർത്തരുത്
ഇന്നത്തെ കൗമാരകാലം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഒരുകാലത്ത് സ്കൂൾ വിട്ടെത്തിയ കുട്ടികളുടെ സായാഹ്നങ്ങൾ കളിക്കളങ്ങളിലെ ചിരികളാലും ആവേശങ്ങളാലും നിറഞ്ഞിരുന്നു. അതുപോലെ ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിച്ചും കഥകളുടെയും അറിവിന്റെയും ലോകത്ത് സഞ്ചരിച്ചും അവർ സമയം ചെലവഴിച്ചിരുന്നു. എന്നാൽ ഇന്ന് മൊബൈൽ ഫോണുകളും വീഡിയോ ഗെയിമുകളും സാമൂഹികമാധ്യമങ്ങളും കൗമാരക്കാരുടെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളായി മാറിയിരിക്കുന്നു. ഇതുമൂലം കളിക്കളങ്ങളിലേക്കുള്ള അവരുടെ ചുവടുകൾ കുറയുകയും പുസ്തകങ്ങളോടുള്ള താത്പര്യം മങ്ങുകയും ചെയ്യുന്നു. കളിക്കളങ്ങൾ ശരീരത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം സൗഹൃദം, സഹകരണം, കായികമനോഭാവം, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങളും വളർത്തുന്നു. വായനയാകട്ടെ അറിവ് വർധിപ്പിക്കുകയും ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കളിയും വായനയും ജീവിതത്തിൽ നിന്ന് അകന്നുപോകുന്പോൾ ശാരീരിക പ്രശ്നങ്ങൾ, ഏകാഗ്രതക്കുറവ്, സാമൂഹിക ഇടപെടലുകളുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ ഉണ്ടാകാം. കളിക്കളങ്ങളുടെയും പുസ്തകങ്ങളുടെയും ലോകം തിരിച്ചുപിടിക്കാൻ കഴിയുന്പ
Tags : Knowledge NattuVishasham DistrictNews