തകരാറിലായ ബസിലെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് കയറ്റുന്നു.
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ മൂലഹള്ളയ്ക്കും മഥൂരിനുമിടയില് കെഎസ്ആര്‍ടിസിയുടെ മൈസൂരു-തിരുവനന്തപുരം സ്കാനിയ ബസ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ തകരാറിലായത് യാത്രക്കാരെ വലച്ചു.
42 യാത്രക്കാര്‍ മൂന്ന് മണിക്കൂറോളം വഴിയില്‍ കുടുങ്ങി. ബത്തേരി ഡിപ്പോയില്‍നിന്ന് ബസ് എത്തിച്ചാണ് യാത്രക്കാരെ കയറ്റിവിട്ടത്.
മൈസൂരുവില്‍നിന്നു വൈകുന്നേരം ആറേമുക്കാലോടെയാണ് ബസ് പുറപ്പെട്ടത്. മഥൂര്‍ ചെക്ക്പോസ്റ്റ് കഴിഞ്ഞതോടെ പിന്‍ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി. അകത്ത് പുക നിറഞ്ഞതോടെ യാത്രക്കാര്‍ വാതിലിലൂടെയും സൈഡ് ഗ്രാസ് നീക്കിയും വാഹനത്തിന് പുറത്തുചാടി. മൊബൈല്‍ സിഗ്നല്‍ തീരേ കുറഞ്ഞ സ്ഥലമായതിനാല്‍ സഹായത്തിന് ഡിപ്പോയുമായി ബന്ധപ്പെടാന്‍ ജീവക്കാര്‍ക്ക് കഴിഞ്ഞില്ല. രാത്രി ഒമ്പതു മുതല്‍ ഗതാഗത നിരോധനമുള്ളതിനാല്‍ ഇതുവഴി മറ്റ് വാഹനങ്ങളൊന്നും വന്നിരുന്നില്ല.
മൈസൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ ജീവനക്കാരിയായ യാത്രക്കാരി ദീപിക വാഹനം തകരാറിലായ വിവരം കാണിച്ച് അയച്ച ഫോണ്‍ സന്ദേശം ആലപ്പുഴയിലുള്ള പിതാവ് പ്രദീപന് ലഭിച്ചതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. സന്ദേശം കണ്ട പ്രദീപ് ബത്തേരി പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും നടന്നില്ല. പിന്നീട് കല്‍പ്പറ്റ സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ബത്തേരി ഡിവൈഎസ്പിയുടെ നമ്പര്‍ നല്കി. പ്രദീപ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ബത്തേരി ഡിവൈഎസ് പി. അബ്ദുള്‍ കരീം കെഎസ്ആര്‍ടിസി അധികൃതരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ സഹായത്തോടെയാണ് അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള ബസ് ഡിപ്പോയില്‍നിന്ന് യാത്രക്കാര്‍ കുടുങ്ങിയ സ്ഥലത്ത് എത്തിച്ചത്.