കുമ്പളം ടോൾ പ്ലാസയിലെ തൂണിൽ ഇടിച്ചുനിൽക്കുന്ന സ്വകാര്യ ബസ്.
പനങ്ങാട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. 24 യാത്രക്കാർക്ക് പരിക്കേറ്റു. എരമല്ലൂർ-കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന മുല്ലശേരി (തിരുവാതിര) ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ ബസ് തൂണിലിടിച്ചാണ് നിന്നത്.
ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു അപകടം. അരൂർ ഭാഗത്ത് നിന്ന് വന്ന ബസ് ടോൾ പ്ലാസ എളുപ്പത്തിൽ മറികടക്കാനായി, കുണ്ടന്നൂരിൽ നിന്ന് അരൂർ ഭാഗത്തേക്ക് വാഹനങ്ങൾ കടക്കുന്ന ഭാഗത്ത് കൂടി ട്രാക്ക് മാറി കയറുകയായിരുന്നു. ടോൾ പ്ലാസയിലെത്തിയ സമയം ബസ് അമിത വേഗതയിലായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. ബസ് ടോൾ പ്ലാസയിലെ തൂണിൽ ഇടിച്ചതിന്റെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ച് വീണാണ് യാത്രക്കാർക്ക് പരിക്കേറ്റത്.
അപകടത്തിൽ മുൻവശം പൂർണമായി തകർന്ന ബസ് തൂണിലിടിച്ച് മറിയാറായ വിധത്തിൽ ചരിഞ്ഞാണ് നിന്നത്. ഉടൻ നാട്ടുകാരും മറ്റു യാത്രക്കാരും പൊലിസും ചേർന്ന് പരിക്കേറ്റവരെ മറ്റൊരു ബസിലും ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റവരിൽ 17 പേർ സ്ത്രീകളും ഏഴ് പേർ പുരുഷന്മാരുമാണ്.
അരൂർ സ്വദേശികളായ കണ്ടങ്കൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽ ദേവദാസ് (61), പുള്ളിയത്തറ പത്രോസ് (65), തറയിൽ ടി.എൻ. സലീപൻ (65), പുരുത്തുക്കാട് ബിന്ദു (45), വട്ടക്കുളം അഴുവേലിപ്പറമ്പ് ശ്യാമ (46), ആലീസ് (51), കടവിപ്പറമ്പിൽ പ്രസന്ന ഷൺമുഖൻ (58), കട്ടപ്പുരയ്ക്കൽ പ്രജിഷ (43), കോയിപ്പറമ്പിൽ രത്നകുമാരി (62), കാരത്തറ സതി (61), തട്ടമ്പിള്ളി പത്മാവതി (64), ചക്കനാട്ട് റീന ജെയിംസ് (45), എരമല്ലൂർ സ്വദേശികളായ വെട്ടുവേൽചിറ രജിത (46), തായിപ്പറമ്പിൽ ജസ്റ്റിൻ (53), പുതുവൽനികർത്ത് ശ്രീജ കുഞ്ഞുമോൻ (47), ആലപ്പുഴ സ്വദേശികളായ പുത്തൻപറമ്പിൽ സാബു (60), കുന്നേൽ നിഷ (43), കൊല്ലം അതിനാട് നോർത്ത് വെളുത്തിടത്ത് തറയിൽ ബാബു (55), അസം സ്വദേശിനി മാപ്ഗോഗോ (34), ചേർത്തല മഞ്ചാടിക്കുന്നേൽ രാധാമണി (57), ചന്തിരൂർ തഴുപ്പിൽ എസ്. സുമി (43), ഫോർട്ടുകൊച്ചി പേരേക്കൽ പി.ആർ. റുഫൈദ (24), അരൂക്കുറ്റി ആലങ്ങാട്ട് രമ്യ രവീന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.