ശോഭായാത്രയില്‍ കൃഷ്ണവേഷമണിഞ്ഞ് എത്തിയ കുട്ടികള്‍.
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി മാറ്റി. ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരും വിവിധ ദേവീദേവന്മാരുടെ വേഷമണിഞ്ഞ ബാലബാലികകളും ശോഭായാത്രയില്‍ അണിനിരന്നു. ശിവപാര്‍വതി, ബ്രഹ്മാവ്, ഗണപതി, മഹാവിഷ്ണു, അയ്യപ്പന് തുടങ്ങി വിവിധ ഈശ്വരസ്വരൂപങ്ങളുടെ വേഷങ്ങളണിഞ്ഞ കുട്ടികളും കലാരൂപങ്ങളും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി.
വൈകിട്ട് നാലോടെ എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച മഹാ ശോഭായാത്രയ്ക്ക് ആന്ധ്രപ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗം ശ്രീ ബല്ലി കല്യാണ്‍ ചക്രവര്‍ത്തി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച ശോഭായാത്രകള്‍ ജോസ് ജംഗ്ഷനില്‍ സംഗമിച്ചു. യാത്രകള്‍ ഒന്നിച്ചുചേര്‍ന്നതോടെ അത് മഹാ ശോഭായാത്രയായി മാറി.
തുടര്‍ന്ന് എറണാകുളം നഗരവീഥികളിലൂടെ സഞ്ചരിച്ച യാത്ര എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സമാപിച്ചു. എറണാകുളം ശിവക്ഷേത്ര സന്നിധിയിലെത്തിയ ശോഭായാത്രയെ ക്ഷേത്രസമിതിയുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തില്‍ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.