അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
അധ്യാപകനും കുട്ടിയും
തമ്മിലുള്ള ഹൃദയബന്ധമാണ് വിദ്യാഭ്യാസം
അധ്യാപനം ഒരു ജോലി മാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന മഹത്തായ ഉത്തരവാദിത്തവുമാണ്. കാലചക്രം മുന്നോട്ടു നീങ്ങുമ്പോള്‍ അധ്യാപക, വിദ്യാര്‍ഥി ബന്ധങ്ങളില്‍ വിള്ളല്‍ പ്രവണത കൂടുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ പഠനം മാത്രം ലക്ഷ്യമാക്കുകയും പരസ്പരമുള്ള മനസിലാക്കലിനും കേള്‍വിക്കും സമയം കുറയുകയും ചെയ്തതാണ്. അമിതമായ പഠന ഭാരം, മത്സര ബോധം, രക്ഷിതാക്കളുടെ അമിത പ്രതീക്ഷകള്‍, അധ്യാപകരുടെ ജോലിഭാരം, കുട്ടികളുടെ മാറുന്ന മാനസികാവസ്ഥ ഇവയെല്ലാം ഈ അകലം വര്‍ധിപ്പിക്കുന്നു. കുട്ടികളെ കേള്‍ക്കുക, അവരുടെ വികാരങ്ങളെ മാനിക്കുക, അധ്യാപകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക, പഠനത്തോടൊപ്പം സൗഹൃദപരമായ ഇടപെടലുകള്‍ക്ക് സമയം കണ്ടെത്തുക. അതുപോലെ ഓരോ അധ്യാപകനും കുട്ടിയില്‍ നിന്ന് വേണ്ടത് അനുസരണ മാത്രമല്ല പരസ്പര വിശ്വാസവും ബഹുമാനവും ആണ്. വിദ്യാഭ്യാസത്തിന്റെ ഹൃദയം പുസ്തകത്തില്‍ അല്ല, അധ്യാപകനും കുട്ടിയും തമ്മിലുള്ള ഹൃദയബന്ധത്തിലാണ്.
കെ.എസ്. രഞ്ജിത
(ചെറുകാട്ടൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍)
വിദേശപഠനത്തിനുശേഷം
നാട്ടിൽ തിരിച്ചെത്തി സംരംഭങ്ങൾ തുടങ്ങണം
ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയിലേത്. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പാധാന്യം നല്കുന്ന നമ്മുടെ രാജ്യത്ത് ഇന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ സിംഹഭാഗവും വിദേശ പഠനത്തില്‍ ആകൃഷ്ടരാണ്. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 18 ലക്ഷം കടന്നതായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇന്നത്തെ സമൂഹത്തിന്റെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിഭാ പലായനം അഥവാ ബ്രെയിന്‍ ഡ്രെയിന്‍. മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിതനിലവാരം, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍, ആധുനിക പഠനസൗകര്യങ്ങള്‍, സാമ്പത്തിക സുരക്ഷ, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയില്‍ ആകൃഷ്ടരായി സ്ഥിരമായോ ദീര്‍ഘകാലത്തേക്കോ മറ്റുരാജ്യങ്ങളില്‍ കുടിയേറുന്ന പ്രവണതയുടെ പിന്നാലെയാണ് നമ്മുടെ വിദ്യാര്‍ഥികള്‍. വര്‍ധിച്ചുവരുന്ന വിദേശപഠന-വിദേശ തൊഴില്‍ പ്രവണത നമ്മുടെ നാടിന്റെ തകര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വഴിതെളിക്കും. മനുഷ്യവിഭവശേഷിയുടെ മികച്ച അവസരങ്ങള്‍ തേടിയുള്ള പലായനം രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാനും പുതിയ സംസ്കാരം, ഭാഷ, സ്വയം പര്യാപ്തത എന്നിവ കൈവരിക്കുവാനും സഹായിക്കും. വിദേശപഠനത്തിനുശേഷം തിരികേ വന്ന് സംരംഭങ്ങള്‍ തുടങ്ങുന്നതിനു ആകര്‍ഷകമായ അവസരങ്ങളും ഉയര്‍ന്ന സാമ്പത്തിക സുരക്ഷയും ലഭ്യമാക്കണം. എങ്കില്‍ വിദ്യാര്‍ഥികളുടെ പലായന പ്രവണതയ്ക്ക് ഒരളവോളം തടയിടാനും രാജ്യത്തെ വികസന പാതയിലേക്ക് നയിക്കാനും കഴിയും.
ജെ. റോസ
(വിവേകോദയം എല്‍പി സ്കൂള്‍, പുതുശേരിക്കടവ്)
അധ്യാപകരുടെയും കുട്ടികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടി
കാലം മാറിയപ്പോള്‍ കവിത പൂത്തിരുന്ന ക്ലാസ് മുറികളും പൂക്കാതെയായി. ചുമരുകള്‍ക്കുള്ളില്‍ മനപൂര്‍വമല്ലാത്ത ചില അകലങ്ങള്‍ വളര്‍ന്നുതുടങ്ങി. പഠനരീതികള്‍ നൂതനരീതികളിലേക്ക് വഴിമാറി. വാക്കുകള്‍ കുറഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടി. വിവരങ്ങളുടെ ലോകം വിരല്തുമ്പിലുള്ളതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് അധ്യാപനത്തെ മറ്റെന്തു തൊഴിലിനെയുംപോലെ മാത്രം കാണാനേ കഴിയുന്നുള്ളൂ എന്നുള്ളത് മനസില്‍ വല്ലാത്ത വിങ്ങല്‍ ഉണ്ടാക്കുന്ന യാഥാര്‍ഥ്യമാണ്. പറയാന്‍വച്ച ഒരുപാട് കഥകളും അനുഭവങ്ങളും തിരുത്തലുകളും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിശബ്മാകുന്നു. പലപ്പോഴും ഹൃദയംകൊണ്ട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികള്‍ക്കത് കേള്‍ക്കാനോ ആ ഭാഷ മനസിലാക്കാനോ കഴിയുന്നില്ല.എന്തായാലും കടുംപിടിത്തകാരനായ ഒരു ചാക്കോ മാഷും പുതിയ പിള്ളേരുടെ വൈബ് പിടിക്കുന്ന " മലര് മിസും 'പലപ്പോഴും ഉള്ളില്‍ വാദപ്രതിവാദം നടത്തുന്നു. എങ്കിലും എല്ലാ അകലങ്ങളെയും തോല്പിച്ച് ചില ബന്ധങ്ങള്‍ ഇന്നും പൂക്കുന്നുണ്ട്. കരുതലിന്റെ, വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ ഊഷ്മളതയില് അതങ്ങനെ തഴച്ചുവളരാന്‍ ശ്രമിക്കുന്നുണ്ട്.
അല്‍ഫോന്‍സ ദേവസ്യ
(സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയംപബ്ലിക് സ്കൂള്‍, വെള്ളമുണ്ട)
അനുഭവങ്ങളുടെ വിജ്ഞാന
വിശാലതയിലേക്ക് വിദ്യാർഥികളെ നയിക്കണം
വിവര സാങ്കേതിക വിദ്യ ലോകം കീഴടക്കി വാഴുന്ന ഈ കാലഘട്ടത്തിൽ അധ്യാപനം എന്ന തൊഴിൽ വളരെ വെല്ലുവിളികൾ നിറഞ്ഞതായി മാറിയിരിക്കുന്നു. അധ്യാപകർക്ക് മുൻപ് ലഭിച്ചിരുന്ന ആദരവും ബഹുമാനവും ഇന്നില്ല എന്നുള്ളത് അടുത്തിടെയായി നടക്കുന്ന പല സംഭവങ്ങളിലൂടെയും സ്പഷ്ടവുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ അധ്യാപകരുടെ പ്രസക്തി കുറയുന്നുണ്ടോ എന്ന് പല അധ്യാപകർ തന്നെയും സംശയിക്കുന്നു. എന്നാൽ അധ്യാപകൻ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നത് കേവലം പാഠപുസ്തകം മാത്രമല്ല ജീവിതം കൂടിയാണ് എന്ന യാഥാർഥ്യം മനസിലാക്കുന്പോൾ ഈ സംശയത്തിന് പ്രസക്തിയില്ലാതാകും.
പാഠപുസ്തകത്തിൽ നിന്നും ലഭിക്കുന്ന കേവല ജ്ഞാനത്തിനപ്പുറത്തേക്ക് അനുഭവങ്ങളുടെ വിജ്ഞാന വിശാലതയിലേക്ക് വിദ്യാർഥികളെ നയിക്കാൻ സാധിക്കുന്നത് അധ്യാപകർക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയുടെ പിടിയിലമർന്നു നിലയില്ലാകയത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന യുവതലമുറയെ കൈപിടിച്ചുയർത്താൻ അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. നവസമൂഹത്തെ കുരുതി കൊടുക്കുന്ന ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അധ്യാപകർക്ക് കളങ്കമേൽപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നുവെങ്കിലും അധ്യപനത്തിന്റെ മാഹാത്മ്യം മനസിലാക്കി അതിനെ സ്നേഹിക്കുന്ന സമൂഹത്തെ നേർവഴിയിൽ നയിക്കാൻ വിജ്ഞാനത്തിന്റെ നൽ വിത്തുകൾ വിതക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ധാരാളം അധ്യാപകർ ഇന്നത്തെ സമൂഹത്തിൽ ഉണ്ടെന്നുള്ളതാണ് നമ്മുടെ നേട്ടം.
സി.എസ്. സാനി
(സുൽത്താൻ ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ)
അധ്യാപക വിദ്യാർഥി ബന്ധം സംരക്ഷിക്കണം
അധ്യാപക വിദ്യാർഥി ബന്ധത്തിലെ സ്നേഹവും ഊഷ്മളതയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അധ്യാപകരുടെ സ്നേഹവും കരുതലും കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാർഥികളെ മനസിലാക്കി ചേർത്ത് നിർത്തുന്ന അധ്യാപകരാണ് നല്ലൊരു തലമുറയെ വാർത്തെടുക്കുന്നത്. അധ്യാപക വിദ്യാർഥി ബന്ധം ശക്തമാകുന്പോൾ പഠനാന്തരീക്ഷവും വിദ്യാലയ ജീവിതം കൂടുതൽ സന്തോഷകരമാകും. സ്നേഹവും പരിഗണനയും നിറഞ്ഞ അധ്യാപക സമീപനം കുട്ടികളുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. അറിവ് പകരുന്നതിനൊപ്പം കുട്ടികളുടെ മനസറിഞ്ഞ് കൂടെ നിൽക്കുക എന്നതും അധ്യാപകന്റെ വലിയ ഉത്തരവാദിത്തമാണ്.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷാ വിജയം മാത്രമല്ല നല്ല മനുഷ്യരെ വാർത്തെടുക്കലും കൂടിയാണ്. കുട്ടികളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൂടുതൽ ശക്തമാക്കണം. അധ്യാപകന്റെ ഒരോ നല്ല വാക്കും കരുതലും ഒരു വിദ്യാർഥിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും.
സിസ്റ്റർ റോഷ്ണി
(ജോസഫ്
ആർസി യുപി
സ്കൂൾ പള്ളിക്കുന്ന്)
അധ്യാപകരെ കുട്ടികളുടെ
അരികിലേക്ക് തുറന്നു വിടണം
വൃത്തിയായി തന്നെ ചെയ്യേണ്ട പ്രവൃത്തിയാണ് അധ്യാപകവൃത്തി. അധ്യാപകന് ഒന്നും അസാധ്യമല്ല. ഓരോ കുട്ടിയിലും ഒരു നിധിശേഖരമുണ്ടെന്ന് തിരിച്ചറിഞ്ഞ് ശക്തീകരിക്കലാണ് വിദ്യാഭ്യാസം. ഈ വിജ്ഞാന വിസ്ഫോടന കാലത്ത് അറിവുപകരലിനുപരി അവശ്യം വേണ്ട അറിവുകൾ സെലക്ട് ചെയ്തു ഗുണകരമായി പ്രയോഗിക്കാനാണ് വിദ്യാർഥികളെ പ്രേരിപ്പിക്കേണ്ടത്. എഐയും ശാസ്ത്ര സാങ്കേതികവിദ്യകളും ലക്ഷ്യമല്ല മാർഗം മാത്രമാണെന്ന് അറിയണം. ലഹരിക്കെതിരേ അകപുറങ്ങളിൽ കുട്ടിയെ ദൃഢീകരിക്കണം. പരിസ്ഥിതിയെയും മറ്റു മനുഷ്യരെയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യലാണ് സംസ്കാരം എന്ന് തിരിച്ചറിയണം. ദേശം ഒരു വൃക്ഷമാണെന്ന തിരിച്ചറിവോടെ ചാരി നിൽക്കണം. പൗരത്വവും മൂല്യബോധവും സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വവും ഇഴ ചേർത്തേ നെയ്യാനാകൂ എന്ന് ബോധ്യപ്പെടണം. ഇതിലേക്കെല്ലാം വിരൽ വെളിച്ചമാക്കി ചൂണ്ടി നിൽക്കാൻ അധ്യാപന് ആകണമെങ്കിൽ അതിന് ആദ്യം വേണ്ടത് കുട്ടി വിദ്യാലയത്തിൽ എത്തുകയല്ല അധ്യാപകൻ വിദ്യാർഥിയുടെ വീട്ടിലെത്തുകയാണ്. ഭാരിച്ച സിലബസ് ആവശ്യക്കാർ പഠിക്കട്ടെ എന്ന് ലഘൂകരിച്ച് അടിസ്ഥാനപാഠങ്ങൾ കുറച്ചുകൂടി രസകരമാക്കുകയാണ് ഉചിതം. എങ്കിൽ എല്ലാ വിദ്യാർഥികളും ഏതെങ്കിലും മേഖലയിൽ വിദഗ്ധരാകും. അതിന് വിദ്യാഭ്യാസത്തിന്റെ മനസ് കുറച്ചുകൂടി വിശാലമാകണം. ഭാരിച്ച ക്ലറിക്കൽ ജോലികളും അനാവശ്യ ഡ്യൂട്ടികളും ഒഴിവാക്കി അധ്യാപകരെ കുട്ടികളുടെ അരികിലേക്ക് തുറന്നു വിടണം. അപ്പോൾ അധ്യാപകദിനം കുട്ടികളുടെയും നാടിന്റെയും ഉത്സവമായി മാറും.
ജോസ് പള്ളത്ത് ( പ്രധാനാധ്യാപകൻ, കല്ലോടി സെന്റ് ജോസഫ്സ്
യുപി സ്കൂൾ)
വിദ്യാഭ്യാസം ഹൃദയങ്ങൾ
തമ്മിലുള്ള ആത്മ ബന്ധം
കാലം മാറുന്നതിനനുസരിച്ച് വിദ്യാലയ അന്തരീക്ഷത്തിലും പഠന രീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്ന് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൽ വ്യക്തമായ ഒരു അകലം രൂപപ്പെടുന്നുണ്ടോ എന്ന ആശങ്ക വ്യാപകമാണ്. സാങ്കേതിക വിദ്യയുടെ കടന്നുവരവ്, ഡിജിറ്റൽ ലോകത്തെ ആസക്തി, മാറുന്ന ജീവിതശൈലി എന്നിവയൊക്കെ വിദ്യാർഥിക്ക് അറിവ് നേടാൻ അധ്യാപകൻ മാത്രമാണ് വഴി എന്ന പരന്പരാഗത സങ്കല്പത്തെ തിരുത്തിക്കുറിച്ചു. എങ്കിലും ഈ അകലങ്ങൾക്കിടയിലും ഹൃദയംകൊണ്ട് ഒന്നാകുന്ന ഊഷ്മളമായ അനുഭവങ്ങൾക്ക് ഇന്നും കുറവു വന്നിട്ടില്ല. സാങ്കേതിക വിദ്യയ്ക്കോ കൃത്രിമ ബുദ്ധിക്കോ പകർന്നു നൽകാൻ കഴിയാത്ത ഒന്നാണ് അധ്യാപകന്റെ സ്നേഹവും അനുകന്പയും കരുതലും. ഒരു കുട്ടിയുടെ മാനസിക പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ചേർത്തണയ്ക്കുന്നതും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുന്നതും ഇന്നും അധ്യാപകർ തന്നെയാണ്. അധ്യാപകൻ ഒരു വഴികാട്ടിയും സുഹൃത്തുമാണ്. വിദ്യാഭ്യാസം എന്നത് തലച്ചോറുകൾ തമ്മിലുള്ള ആശയവിനിമയം മാത്രമല്ല ഹൃദയങ്ങൾ തമ്മിലുള്ള ആത്മ ബന്ധം കൂടിയാണ്. ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞു തീർന്ന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
സിസ്റ്റർ സിജി ജോസഫ്
(ഹെഡ്മിസ്ട്രസ്, ദ്വാരക എയുപി സ്കൂൾ)
ജീവിതത്തെ നേരിടാനുള്ള
വഴികൾ പകർന്നു നല്‍കണം
ഒരു അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല ജീവിതത്തെ നേരിടാനുള്ള വഴികളും വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു. അതുകൊണ്ടുതന്നെ അധ്യാപന വൃത്തി വിശുദ്ധമായ ഒരു സേവനമായി സമൂഹം കണക്കാക്കുന്നു. അധ്യാപകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബാക്കി പത്രം വിദ്യാർഥികളുടെയും സമൂഹത്തിന്റെയും സ്നേഹാദരങ്ങളാണ്. കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നതിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് അധ്യാപകർ നിർണായക പങ്കുവഹിക്കുന്നുണ്ട്.
സത്യസന്ധത, കരുണ, സഹകരണം, അച്ചടക്കം, നല്ല ചിന്തകൾ, ജീവിത മൂല്യങ്ങൾ എന്നിവ അധ്യാപകർ പകർന്നു നൽകുന്നു. അധ്യാപക വിദ്യാർഥി ബന്ധത്തിന്റെ അടിത്തറ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ആണ്. സമൂഹത്തിലെ ജീർണതകൾ വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അന്തസും വിശ്വസ്തതയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അധ്യാപകന്റെയും കടമയാണ്. അധ്യാപകന്റെ സ്വഭാവവും നിലപാടുകളും കുട്ടികളുടെ വ്യക്തിത്വത്തിന്റെ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അറിവിനൊപ്പം നല്ല മനുഷ്യരെ വാർത്തെടുക്കുന്ന അധ്യാപകരാണ് ഓരോ സമൂഹത്തിന്റെ അടിത്തറ പാകുന്നത്.
ബിനിഷ റോബിൻ ( മുള്ളൻകൊല്ലി, സെന്റ് തോമസ് എയുപിസ്കൂൾ)
കുട്ടികളുടെ വഴികാട്ടിയാകണം
അധ്യാപകവൃത്തി സമൂഹത്തിലെ ഏറ്റവും ഉന്നതമായ ഒരു സേവനമാണ്. വിദ്യാർഥികളുടെ അറിവ് വർധിക്കുന്നതിനോടൊപ്പം നല്ലൊരു വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തുക എന്നതാണ് ഇന്നത്തെ അധ്യാപകരുടെ പ്രധാന ഉത്തരവാദിത്വം. പരസ്പര ബഹുമാനം, സൗഹൃദപരമായ ആശയ വിനിമയം, പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, ധർമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക എന്നിവയിലൂടെ അധ്യാപക, വിദ്യാർഥി ബന്ധം കൂടുതൽ ഊഷ്മളവും അർഥവത്തുമാക്കാൻ സാധിക്കുന്നതാണ്. വിദ്യാർഥികളുടെ വിജയം അധ്യാപകരുടെയും മാതാപിതാക്കളുടേയും സംയുക്തമായ പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. നല്ല സംസ്കാരവും മാതൃകാപരമായ പെരുമാറ്റവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിൽ വീടും വിദ്യാലയവും ഒരുപോലെ സഹകരിച്ചു പ്രവർത്തിക്കണം. അധ്യാപകർ അറിവ് പകർന്നു നൽകുന്നവർ മാത്രമല്ല ഒരു കുട്ടിയുടെ ചിന്തകളെയും സ്വഭാവത്തെയും ജീവിത മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന വഴി കാട്ടി കൂടിയാണ്.
ബിബിമോൾ
( കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ്
സ്കൂൾ)
പഠനസംവിധാനങ്ങൾ രാജ്യത്ത് ഒരുക്കണം
നമ്മുടെ രാജ്യത്ത് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. കേവലം ടെക്സ്റ്റ് ബുക്കിലെ പഠനത്തിന് ഉപരിയായി നല്ലൊരു സംസ്കാരം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ തുടരുന്ന മികച്ച സംസ്കാരം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. എവിടെ മികച്ചത് ലഭിക്കുന്നുവോ അവിടേയ്ക്ക് പാലായനം ഉണ്ടാകും എന്നത് സ്വാഭാവികമാണ്. മനുഷ്യന് ജനിച്ച കാലം മുതല്‍ തുടരുന്ന പലായനത്തിന് കാരണവും ഇതുതന്നെയാണ്.
അതിനാല്‍ പലായനത്തിന് അറുതി വരുത്തുക സാധ്യമല്ല. വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ചത് നമ്മുടെ രാജ്യത്തിന് നല്കാനായാല് ഇവിടേക്കും വിദ്യാര്‍ഥികളുടെ ഒഴുക്കുണ്ടാകും. വിദ്യാര്‍ഥികളുടെ ഇത്തരം ഒഴുക്കിനെ തടയിടേണ്ട കാര്യമില്ല.
ജോബി മാനുവല്‍
(ഹെഡ്മാസ്റ്റര്, നിര്‍മല ഹൈസ്കൂള്‍, തരിയോട്)
ശാസിക്കേണ്ടിടത്ത് ശാസിക്കണം
ഏറ്റവും സന്തോഷത്തോടെ ഏറ്റെടുത്ത ജോലിയാണ് അധ്യാപനം. എന്റെ മുമ്പിലുള്ള ഓരോ കുഞ്ഞു മുഖങ്ങളും പകര്‍ന്നു തരുന്ന സന്തോഷവും ഉന്മേഷവും ഏറെയാണ്. പുതിയ തലമുറ പഴയതില്‍ നിന്നും വിഭിന്നമാണ്. ഇന്നത്തെ കുട്ടികള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍പ് കുട്ടികള്‍ക്ക് നല്ലത് തെരഞ്ഞെടുത്തു നല്കാന് നമുക്ക് അവസരം ഉണ്ടായിരുന്നു.അച്ഛനമ്മമാര്‍ മാത്രമല്ല കുടുംബങ്ങളിലെ മുതിര്‍ന്നവരും അയല്പക്കത്തും ചുറ്റുവട്ടത്തുള്ള കാരണവന്മാരും തിരുത്താനും വഴി നടത്താനും കൂടെയുണ്ടായിരുന്നു. ഇന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അധ്യാപകര്‍ക്ക് പോലും ഭയമാണ്. മക്കളുടെ കുറവുകള്‍ അംഗീകരിക്കാന്‍ പല രക്ഷിതാക്കളും തയാറാകാത്ത സ്ഥിതിയും ഉണ്ട്. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുകയും ശാസിക്കേണ്ടിടത്ത് ശാസിക്കുകയും വേണം. എങ്കില്‍ മാത്രമേ നമ്മുടെ മക്കളെ അവരുടെ ഉള്ളിലുള്ള നന്മകളും മൂല്യങ്ങളും ചോര്‍ന്നുപോകാതെ ചേര്‍ത്തുനിര്‍ത്തി പകര്‍ന്നു നല്കുന്ന അറിവുകളിലൂടെ നക്ഷത്രത്തിളക്കമുള്ള മക്കള്‍ ആക്കി മാറ്റാന്‍ നമുക്ക് കഴിയൂ.
ഷീജ ചെറിയാന് (പ്രധാനാധ്യാപിക,
തരവണ എഎല്‍പി സ്കൂള്‍ ചെറുകര)
അധ്യാപകൻ കുട്ടികളുടെ വഴികാട്ടി
അധ്യാപകൻ അറിവ് പകരുന്നയാൾ മാത്രമല്ല, അറിവ് കണ്ടെത്താൻ കുട്ടികൾക്ക് വഴികാട്ടുന്നയാളുമാണ്. ഇന്നത്തെ ലോകത്ത് വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാണ്. എന്നാൽ ശരിയായ അറിവ് തെരഞ്ഞെടുക്കാനും വിമർശനാത്മകമായി ചിന്തിക്കാനും പഠിപ്പിക്കുന്നതിലാണ് അധ്യാപകന്റെ മഹത്വം. ഒരു നല്ല അധ്യാപകൻ പാഠപുസ്തകങ്ങളെക്കാൾ മനസുകളാണ് വായിക്കുന്നത്. ഓരോ കുട്ടിയുടെയും കഴിവും സ്വപ്നവും വെല്ലുവിളികളും തിരിച്ചറിയാൻ കഴിയുന്പോഴാണ് യഥാർഥ വിദ്യാഭ്യാസം നടക്കുന്നത്.വിദ്യാഭ്യാസത്തിലൂടെയുള്ള നമ്മുടെ കൂട്ടായ യാത്ര മാർക്ക് നേടാനുള്ളതല്ല, മനുഷ്യനാകാനുള്ളതാണ്.അധ്യാപനം തൊഴിൽമാത്രമല്ല, തലമുറകളെ രൂപപ്പെടുത്തുന്ന സൃഷ്ടിപ്രവർത്തനവുമാണ്. മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നവരാണ് അധ്യാപകർ. എന്നാൽ ഇന്നത്തെ കാലത്ത് ആ പ്രകാശത്തിന് പിന്തുണയും അംഗീകാരവും നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അധ്യാപകർ ഭാവിയെ സൃഷ്ടിക്കുന്നവരാണ്.
സജി ജോണ്‍ (പ്രധാനാധ്യാപകൻ,
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, കൊമ്മയാട്)
അറിവിന്റെ അവസാന
വാക്കല്ല അധ്യാപകർ
ഒരു കാലത്ത് നല്ല അധ്യാപകന് എന്നത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയുന്ന അല്ലെങ്കില്‍ നല്കുന്ന ഒരാളായിരുന്നു. ഇന്ന് അതിന്റെ അര്‍ഥം മാറിയിരിക്കുന്നു. കാരണം ഉത്തരങ്ങള്‍ കണ്ടെത്താന്‍ ലോകം മുഴുവന്‍ വിദ്യാര്‍ഥിയുടെ വിരല്‍ത്തുമ്പിലുണ്ട്. അപ്പോള്‍ അധ്യാപകന്റെ പ്രസക്തി എന്താണ് ? ഉത്തരം നല്കുന്നതിലല്ല, ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു കുട്ടിയെ പഠിപ്പിക്കുന്നതിലാണ്. ഇത് എന്തുകൊണ്ട്? ഇങ്ങനെ അല്ലെങ്കില്‍ മറ്റെങ്ങനെ? ഞാന്‍ കണ്ടത് ശരിയാണോ? എന്നിങ്ങനെ ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷത്തിലാണ് യഥാര്‍ഥ പഠനം ആരംഭിക്കുന്നത്. ഇന്നത്തെ അധ്യാപകര്‍ അറിവിന്റെ അവസാന വാക്കല്ല. അറിവിലേക്കുള്ള ഒരു വാതിലാണ്. കുട്ടിയെ തന്റെ മേല്‍ ആശ്രയിപ്പിക്കുന്നതിനുപകരം ഒരുദിവസം അധ്യാപകന്റെ സഹായമില്ലാതെയും ചിന്തിക്കാനും തീരുമാനിക്കാനും നല്ലതും ചീത്തയും തിരിച്ചറിയാനും കുട്ടികളെ കഴിവുള്ളവരാക്കുകയാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ വിജയം.
എന്‍. രമ്യ
(തോമാട്ടുചാല്‍ ശ്രീ
ചിന്മയ വിദ്യാമന്ദിരം)
ഉത്തരവാദിത്വബോധവുമുള്ള തലമുറയെ വളര്‍ത്തണം
വിദേശത്ത് പഠിച്ച് ജോലി നേടി അവിടത്തെ മികച്ച സൗകര്യങ്ങളില്‍ ജീവിക്കുക എന്നത് ഇന്നത്തെ യുവതലമുറയുടെ വലിയ സ്വപ്നമാണ്. അറിവിനും കഴിവിനും അതിരുകളില്ലാത്ത ഇക്കാലത്ത് ലോകം കാണാനും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാനും നാം തയാറാകണം. എന്നാല്‍, വിദശത്ത് എത്തിച്ചേരുക എന്നതാണ് മികച്ച വിജയത്തിന്റെ അളവുകോല്‍ എന്ന ചിന്ത പാടില്ല. നമ്മുടെ നാട്ടിലും മികച്ച അവസരങ്ങള്‍ ഉണ്ടെന്നും ശരിയായ രീതിയില്‍ പരിശ്രമിച്ചാല്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നുമുള്ള കാര്യം പലരും ഓര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ അവരെ നേര്‍വഴി നയിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. നാട്ടിലെ മികച്ച കോഴ്സുകളെയും ജോലി സാധ്യതയെയുംകുറിച്ച് ശരിയായ ധാരണ യഥാസയമം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചാല്‍ അവരുടെ നല്ല ഭാവിക്ക് പ്രയോജനപ്പെടും. ലോകത്തിന്റെ ഏത് കോണിലായായും സ്വന്തം വേരുകള്‍ ഈ മണ്ണിലാണെന്ന ബോധം യുവതലമുറ കാത്തുസൂക്ഷിക്കണം. പുറംരാജ്യങ്ങളില്‍ നേടിയ അറിവും കഴിവും അനുഭവങ്ങളും സ്വന്തം നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഉയര്‍ന്ന ചിന്തയും ഉത്തരവാദിത്വബോധവുമുള്ള തലമുറയെ വളര്‍ത്തുകയാണ് അധ്യാപകരുടെ യഥാര്‍ഥ ദൗത്യം.
കെ. ജയരത്നം
(ഗവ.യുപി സ്കൂള്‍,
ചെന്നലോട്)
ചാക്കോ മാഷുമാരുടെ കാലം കഴിഞ്ഞു
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വടിയെടുത്ത് പഠിപ്പിച്ചിരുന്ന ചാക്കോ മാഷുമാരുടെ കാലം കഴിഞ്ഞു. ഇന്ന് അധ്യാപകൻ സുഹൃത്തു കൂടിയാണ്. കുഞ്ഞു സന്തോഷങ്ങളിൽ കൂട്ടാളിയാകുന്ന, കുഞ്ഞു വാശികൾക്ക് ബോധപൂർവം നിന്നുകൊടുക്കുന്ന നല്ല സുഹൃത്ത്. കുട്ടിയുടെ കണ്ണുകളിലൂടെ അവന്റെ മനസു വായിച്ചെടുക്കാനുള്ള കഴിവ് നല്ലൊരു അധ്യാപകന് മാത്രം കൈമുതലായുള്ള മാജിക്കാണ്. ഓരോ അധ്യാപക ദിനവും മനോഹരമായ ദൗത്യത്തിന്റെ തിരിച്ചറിവുകളാണ്. കുഞ്ഞു കണ്ണുകളിലെ കൗതുകങ്ങളെ നിറഞ്ഞ വാത്സല്യത്തോടെ നോക്കി കാണുവാനും അവരുടെ കുഞ്ഞുനേട്ടങ്ങളെ പോലും സ്വന്തം വിജയമായി കാണുവാനും തോൽവികളിൽ ആശ്വാസത്തിന്റെ കൈത്താങ്ങായി മാറുവാനും കഴിയുന്നതാണ് ഈ കർമത്തിന്റെ പുണ്യം. ഒറ്റപ്പെട്ട സംഭവങ്ങൾ അപവാദങ്ങളായി മാറിയാലും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള സ്നേഹത്തിനും കരുതലിനും പകരമാവാൻ ഒരു മാധ്യമത്തിനം കഴിയില്ല.
ലിൻസി ലൂക്കോസ് ( അസംപ്ഷൻ യുപി, ബത്തേരി)
ഉത്തരവാദിത്വമുള്ള മനുഷ്യരെ വളർത്തണം
അധ്യാപകൻ പാഠം പഠിപ്പിക്കുന്ന ഒരാൾ മാത്രമല്ല ഉത്തരവാദിത്തമുള്ള മനുഷ്യരെ വളർത്തുന്ന ആൾ കൂടിയാണ്. അതിന് പരീക്ഷകൾക്ക് മാത്രമല്ല ജീവിതത്തെ നേരിടാനും കുഞ്ഞുങ്ങളെ ഒരുക്കേണ്ടതുണ്ട്. തലമുറ വ്യത്യാസം പറയുന്പോഴും ഭയത്തിലൂടെ അല്ല സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വിദ്യാർഥിയെ മുന്നോട്ട് നയിക്കാൻ അധ്യാപകന് കഴിയണം. വിദ്യാർഥികളെ മനസിലാക്കുന്ന, കേൾക്കുന്ന, അവർക്കും ഇടം നൽകുന്ന, ചേർത്തുപിടിക്കുന്ന അധ്യാപകനാവുക എന്നത് ഇക്കാലത്ത് വെല്ലുവിളിയാണ്.
കെ.ജെ. ജാക്വിലിൻ
(ഹെഡ്മിസ്ട്രെസ് കണിയാരം ഫാ.ജികെഎം ഹൈസ്കൂൾ)
കാലം തിരിച്ചറിയട്ടെ
സ്നേഹം ചാലിച്ചെഴുതിയ അക്ഷര മന്ത്രങ്ങൾ കുരുന്നു മനസിൽ കോറിയിടാൻ ദൈവം നിയോഗിച്ചവരല്ലേ ഓരോ ഗുരു ശ്രേഷ്ഠരും. അമ്മയായി, കളിക്കൂട്ടുകാരിയായി, സാന്ത്വനമായി പിച്ചവച്ച നാൾ മുതൽ കൂടെ നടന്നവരല്ലേ അവർ... ഇരുളിന്റെ നിഴലാട്ടങ്ങളിൽ പകച്ചുപോയ മ
Tags : Nattuvishesham Districtnews Deepikanews