National
ന്യൂഡൽഹി: കുംഭമേളയിലൂടെ വൈറലായ സോഷ്യൽ മീഡിയ താരം മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നടപടിയുമായി ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. വിവാഹത്തിൽ കേസെടുക്കാൻ കമ്മീഷൻ പോലീസിനു നിർദേശം നൽകിയതായി പരാതിക്കാരനായ പ്രഥം ദുബെ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, കേരള പോലീസ് മേധാവിമാരെയും പെണ്കുട്ടിയുടെ മാതാപിതാക്കളെയും കമ്മീഷൻ നേരിട്ടു വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു. കേരളത്തിൽനിന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയാണു ഹിയറിംഗിൽ പങ്കെടുത്തത്.
ആവശ്യമായ രേഖകൾ ലഭ്യമായാൽ ഉടൻ കേസെടുക്കാമെന്ന് കേരള പോലീസ് അറിയിച്ചതായി പരാതിക്കാരനായ പ്രഥം ദുബെ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം നടന്ന സമയത്തു മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂർണമായും നിയമപരമാണെന്നുമാണ് കേരള പോലീസിന്റെ വാദം.
Kerala
തിരുവനന്തപുരം: കുംഭമേള വൈറല് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയമായി കമ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തിൽ സത്യത്തോടൊപ്പം നിൽക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യുവതിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്സോ കേസ് വ്യാജമാണെന്ന് രാഹുൽ ഈശ്വർ പറയുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഫർമാന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ അനുകൂല നിരീക്ഷണങ്ങൾ യുവാവിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണ്.
തീവ്ര നിലപാടുകാർ ഈ ബന്ധം തകർക്കാൻ വ്യാജ രേഖകളും കള്ളക്കഥകളും ചമയ്ക്കുകയാണ്. വിഷയത്തിൽ കൃത്യമായ നിലപാടെടുത്ത എം.വി.ഗോവിന്ദൻ, എ.എ. റഹിം എംപി എന്നിവരുടെ പ്രവർത്തിയെ അദ്ദേഹം പ്രശംസിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
Kerala
കൊച്ചി: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പങ്കാളി ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മേയ് 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ ഈ വിവാഹം നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
വിവാഹം നടത്തുന്നതിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
മലപ്പുറം: കേരള കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം ഇന്നു മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്ന് രാവിലെ
11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തുന്നതോടെ തിരുനാവായ നിളാതീരം ഭക്തസാന്ദ്രമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിക്കഴിഞ്ഞു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ചടങ്ങിലേക്കുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറന്പ് കളരിയിൽനിന്നു ഘോഷയാത്രയായി എത്തിച്ചു. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്നു ശ്രീചക്രവുമായുള്ള രഥയാത്ര ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22ന് വൈകുന്നേരം തിരുനാവായയിലെത്തും. മേളയിലേക്കു വിവിധ ദേശങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അരയാൽതൈ പ്രസാദമായി നൽകും. വിവിധപരന്പരകളുടെ പ്രത്യേക അനുഷ്ഠാനവും സത്സംഗങ്ങളും വിദ്വൽ സദസുകളും കളരി, യോഗ അനുഷ്ഠാനങ്ങളും കലാ അവതരണങ്ങൾ അടക്കം ഒട്ടേറെ പരിപാടികൾക്കു നിളാതീരം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
ഫെബ്രുവരി മൂന്നിനു രാവിലെ നടക്കുന്ന അമൃതസ്നാത്തോടെയും യതി പൂജയോടെയും മഹോത്സവത്തിനു സമാപനമാകും. കുംഭമേളയ്ക്ക് റവന്യൂ വകുപ്പും പോലീസും വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. സുരക്ഷാ സംവിധാനമൊരുക്കാൻ ഒന്പത് തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ 300 പോലീസ് സേനാംഗങ്ങളെ രണ്ടു ബാച്ചുകളായി തിരിച്ച് കുംഭമേള അവസാന ദിവസം വരെ നിയമിക്കും. ആവശ്യമായി വന്നാൽ കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനുള്ള സൗകര്യമൊരുക്കും.
കുംഭമേളയ്ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോയിൽ നിന്ന് സർവീസുകൾ നടത്താൻ കഐസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസുകൾ നടത്തും. ഇതിൽ 55 സർവീസുകളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇന്നലെ കാലചക്രം ബലി എന്ന പൂജാ കർമം മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടന്നു. ആചാര്യൻ കുഞ്ഞിരാമൻ പണിക്കർ നേതൃത്വം നൽകി. വിവിധ തലമുറകൾക്കുശേഷമാണ് ഈ കർമം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും സംഘാടകർ അറിയിച്ചു. പരാ എന്ന ദേവതാഭാവത്തെ പ്രോജ്വലിപ്പിയ്ക്കുന്ന ആരാധനാസന്പ്രദായമാണ് കാലചക്രം ബലി.