കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസിലാണ് വിധി പറയുക. മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് മധ്യപ്രദേശ് പോലീസില്‍ നല്‍കിയ പരാതി.
തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ വാദം.
എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് മധ്യപ്രദേശ് പൊലീസ് രംഗത്തെത്തി. ജനന സര്‍ട്ടിഫിക്കറ്റിനായി വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും രേഖകള്‍ തിരുത്തി പ്രായം മാറ്റാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. ഫര്‍മാന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുത് എന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.
ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തിയതി 2009 ഡിസംബര്‍ 13 ആണെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല. വിവാഹം മതാചാരപ്രകാരമല്ല നടന്നതെന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.
Tags : Kumbh Mela viral star wedding Judgement husband anticipatory bail