കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് പാടില്ല എന്നാണ് നിര്‍ദേശം. ജസ്റ്റീസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് വിധി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫര്‍മാന് കോടതി സാവകാശം നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, തട്ടിക്കൊണ്ടുപോയി എന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്നാണ് മധ്യപ്രദേശ് പോലീസിന്‍റെ അഭിഭാഷകന്‍റെ വാദം. ഹിന്ദു നിയമപ്രകാരം രണ്ടു ഹിന്ദുക്കള്‍ക്ക് മാത്രമേ അമ്പലത്തില്‍ വച്ച് വിവാഹിതരാകാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ആ വിവാഹം അസാധുവാണ്, അതിനാല്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല എന്നും അഭിഭാഷകന്‍ അറിയിച്ചു.
പെണ്‍കുട്ടിയെ ഇരയായി കണ്ട് സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും പോലീസ് അറിയിച്ചിരുന്നു. ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തീയതി 2009 ഡിസംബര്‍ 13 ആണെന്നും ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച വാദിച്ചിരുന്നു.
എന്നാല്‍ തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമായിരുന്നു പെണ്‍കുട്ടിയുടെ വാദം.
Tags : Kumbh Mela viral star wedding High Court Farman Khan arrest