National
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ ഗോഹട്ടി ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പവൻ ഖേരയ്ക്കൊപ്പം ഒറ്റക്കെട്ടായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നിൽക്കുമെന്ന് ഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തലിന്റെ രാഷ്ട്രീയത്തിന്മേൽ നീതി ലഭിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാന്‍ വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുണ്ടെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഖേരയ്ക്കെതിരേ കേസെടുത്തത്.
റിനികി ഭുയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തിൽ തെലുങ്കാന ഹൈക്കോടതി പവർ ഖേരയ്ക്ക് ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ജാമ്യത്തിനായി ഗോഹട്ടി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.
ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെ ഉറവിടം കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.
National
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് കനത്ത തിരിച്ചടി. കേസിൽ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി. ഇതോടെ ഖേര ഉടൻ പോലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നാണ് സൂചന.
അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് അനധികൃത സ്വത്തുക്കളുണ്ടെന്നും ഏപ്രിൽ അഞ്ചിന് നടത്തിയ വാർത്താ സമ്മേളനത്തിൽ പവൻ ഖേര ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ മറച്ചുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി റിങ്കി ഭുയാൻ നൽകിയ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പവൻ ഖേരയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി ഏപ്രിൽ 21-ന് വിധി പറയാനായി മാറ്റിവെച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പവൻ ഖേരയ്ക്ക് കീഴടങ്ങുകയോ അല്ലെങ്കിൽ സ്ഥിര ജാമ്യത്തിനായി കോടതിയെ സമീപിക്കുകയോ ചെയ്യാം.
കേസിന്റെ ഭാഗമായി അസം പോലീസ് നേരത്തെ ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, അന്വേഷണവുമായി ഖേര സഹകരിക്കണമെന്നാണ് അസം സർക്കാരിന്റെ നിലപാട്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും ഭാര്യയ്ക്കുമെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്കെതിരെയുള്ള നിയമനടപടികൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. "പാർട്ടി പവൻ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം നടപടികൾ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട," എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും കുടുംബത്തിനുമെതിരെ പവൻ ഖേര നടത്തിയ അഴിമതി ആരോപണങ്ങളാണ് കേസിന് ആധാരം. ഈ കേസിൽ ഖേരയ്ക്ക് ലഭിച്ച നിയമപരിരക്ഷ നീക്കാനാണ് അസം സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സർക്കാർ നീക്കമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതേസമയം, നിയമപരമായ പോരാട്ടം തുടരുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകാധിപത്യപരമായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കൃത്യമായ നിലപാടെടുക്കാത്തതിലും രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണമായ വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി മോദി കീഴടങ്ങിയെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ മുന്‍പ് ചെയ്തതുപോലെ മോദി ധൈര്യം കാണിക്കുകയും ധാർമിക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ഊർജ പ്രതിസന്ധി നേരിടില്ലായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു.
രാജ്യത്തുടനീളമുള്ള 60 ശതമാനം വീടുകളും എൽപിജി ക്ഷാമം നേരിടുന്നതും 14.2 കിലോഗ്രാം സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രം വിതരണം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ "മോദി നിർമിത ദുരന്തം’ എന്നു വിശേഷിപ്പിച്ച പവൻ ഖേര, എൽപിജി പ്രതിസന്ധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും നയതന്ത്രപരമായ ഒരു പദ്ധതിയുമില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിക്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് പവൻ പറഞ്ഞു. എന്നാൽ മോദിക്ക് നേരെ നിൽക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി റഷ്യയ്ക്കും ചൈനയ്ക്കും സ്വതന്ത്രമായ പ്രവേശനമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനായി ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കും തുറന്നുകൊടുക്കുമായിരുന്നുവെന്നും ഇറാന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ തന്റെ പാർട്ടി ഒരിക്കലും മോദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ള സ്വതന്ത്രവും ധാർമികവുമായ നിലപാട് സ്വീകരിക്കണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.
National
ന്യൂഡൽഹി: മോദിസർക്കാർ 2014ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ നയതന്ത്രബന്ധത്തിലും വിദേശനയത്തിലും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്.യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണം.
2017ൽ മോദി നടത്തിയ യുഎസ്, ഇസ്രയേൽ സന്ദർശനം സംഘടിപ്പിച്ചതും പദ്ധതിയിട്ടതും എപ്സ്റ്റീനും മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബാരാക്കുമാണെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
എപ്സ്റ്റീൻ ഫയൽസിൽ പേര് മറച്ചിട്ടുള്ളൊരു വ്യക്തി വൈറ്റ് ഹൗസിന്റെ മുൻ മുഖ്യ നയതന്ത്രജ്ഞനായ സ്റ്റീവ് ബാനണിന് 2019 മേയ് 23ന് അയച്ചിട്ടുള്ള സന്ദേശങ്ങൾ പവൻ ഖേര ചൂണ്ടിക്കാട്ടി. "നിങ്ങൾ മോദിയെ കാണണമെന്നും’ "മോദി ഓണ്‍ ബോർഡെന്നും' പേര് മറച്ചിട്ടുള്ള വ്യക്തി ബാനണിനു സന്ദേശമയച്ചിരിക്കുന്നതായി എപ്സ്റ്റീൻ ഫയൽസിൽ പരാമർശമുണ്ട്. ഇത് എപ്സ്റ്റീനാണെന്ന് ചൂണ്ടിക്കാട്ടിയ പവൻ ഖേര എപ്സ്റ്റീന് മോദിയുമായി ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്നും ആരോപിച്ചു.
അനിൽ അംബാനി എന്ന സ്വകാര്യവ്യക്തി എപ്സ്റ്റീൻ ഫയൽസിൽ എപ്സ്റ്റീനുമായി നിരന്തരമായി ബന്ധപ്പെട്ടിരിക്കുന്നതും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിരിക്കുന്നതും ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി അംബാനി എന്തുകൊണ്ടാണ് ഇടപെടൽ നടത്തുന്നതെന്നും ചോദിച്ചു.
ട്രംപ്-മോദി കൂടിക്കാഴ്ച ഇസ്രയേൽ നയതന്ത്രം ചർച്ച ചെയ്യുന്നതിനായി പദ്ധതിയിട്ടതാണെന്ന് എപ്സ്റ്റീൻ പറയുന്ന ഒരു മെയിലുണ്ടെന്നും ഇസ്രയേലിലെ ഇന്ത്യയുടെ നയം എപ്സ്റ്റീനും ബാരാക്കുമാണ് തീരുമാനിച്ചതെന്നും കേന്ദ്രസർക്കാരല്ലെന്നും പവൻ ഖേര ആരോപിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രധാനമന്ത്രി റോബോട്ട് പ്രധാനമന്ത്രിയാണെന്നും നിയന്ത്രിക്കുന്നത് മറ്റേതോ കൈകളാണെന്നുമാണെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യറിൽനിന്ന് അകലം പാലിച്ചു ദേശീയ നേതൃത്വം.
തിരുവനന്തപുരത്ത് കേരള പ്ലാനിംഗ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ സിപിഎമ്മിനെയും പിണറായി വിജയനെയും പ്രകീർത്തിക്കുന്ന പരാമർശങ്ങൾ നടത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകൾ പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യമല്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന പരിപാടിയിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നു പറഞ്ഞ മണിശങ്കർ അയ്യർ സിപിഎമ്മിന്റെ ഭരണനേട്ടങ്ങളെ പുകഴ്ത്തുന്ന പ്രസ്താവനകളും നടത്തിയിരുന്നു.
ഇതിനുപിന്നാലെ എഐസിസിയുടെ മാധ്യമവിഭാഗം തലവനും പ്രവർത്തകസമിതി അംഗവുമായ പവൻ ഖേര മണിശങ്കർ അയ്യർക്കു കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തുകളും സ്വന്തം നിലയിലാണെന്നും എക്സിൽ കുറിപ്പെഴുതിയിരുന്നു.
ഈ സംഭവവികാസങ്ങൾക്കുശേഷം കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ വിമർശനവും കേരള സർക്കാരിന് പ്രശംസയുമായി മണിശങ്കർ അയ്യർ വീണ്ടും രംഗത്തുവന്നു.
ശശി തരൂർ, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേ രൂക്ഷമായ ഭാഷയിലാണ് മണിശങ്കർ അയ്യർ വിമർശനമുന്നയിച്ചിട്ടുള്ളത്. മണിശങ്കർ അയ്യറുടെ പ്രസ്താവനകളെ കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും തള്ളിയിട്ടുണ്ട്.
National
ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.
"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.
എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍നിന്ന് ഇന്ത്യയെ സംബന്ധിക്കുന്ന ചില രേഖകള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനുശേഷം അപ്രത്യക്ഷമായെന്നു കോണ്‍ഗ്രസ്. ഇന്ത്യയുടെ പരാമര്‍ശങ്ങളുള്ള കുറഞ്ഞത് 60 ഫയലുകളെങ്കിലും കരാറിനുശേഷം അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിലുള്ള എപ്സ്റ്റീന് ഫയലുകളില്‍ കഴിഞ്ഞ ആറിന് ‘ഇന്ത്യ’ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ 484 പേജുകളുടെ ഫയലുകള്‍ ലഭിക്കുമായിരുന്നെന്നും ഓരോ പേജിലും പത്തു രേഖകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പവന് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ഇതേ കാര്യം തെരയുകയാണെങ്കില്‍ 478 പേജുകളേ ലഭിക്കുകയുള്ളൂവെന്നും ഇതിനര്‍ഥം ഏകദേശം 60 ഫയലുകളടങ്ങുന്ന 6 പേജുകള്‍ അപ്രത്യക്ഷമായെന്നും ഇതിനിടയില്‍ നടന്ന ഒരു സംഭവവികാസം ഇന്ത്യ-യുഎസ് കരാറാണെന്നും പവന് വ്യക്തമാക്കി.
എപ്സ്റ്റീന് ഫയല്‍ സൂക്ഷ്മമായി വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യമറിയുന്നതെന്നും പവന് അവകാശപ്പെട്ടു. വിവാദ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഇന്ത്യ-വിരുദ്ധ കരാറിനെ ഉപയോഗപ്പെടുത്തിയോയെന്ന് പവന് എക്സിലെ കുറിപ്പില്‍ ചോദിച്ചു.
അതിനിടെ ഒരു പേര് മറച്ചിട്ടുള്ള ഒരു വ്യക്തി 2018 മേയ് 14ന് ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു മെയില്‍ എപ്സ്റ്റീന് ഫയലിലുണ്ടെന്ന് പവന് ചൂണ്ടിക്കാട്ടി. ‘ഈ വേനല്‍ക്കാലത്ത് റോമിനടുത്തുള്ള ഞങ്ങളുടെ കുടുംബത്തിന്റെ കൊട്ടാരത്തില്‍ ജയ്പുരിലെ മഹാരാജാവിന്റെ ജന്മദിന പാര്‍ട്ടി ഞാന്‍ സംഘടിപ്പിക്കുന്നുണ്ട്.’-എന്നാണ് എപ്സ്റ്റീന് അയച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്.
ഫയലില്‍ പരാമര്‍ശിക്കുന്ന ‘ജയ്പുരിലെ മഹാരാജാവ്’രാജസ്ഥാനിലെ ബിജെപി ഉപമുഖ്യമന്ത്രിയായ ദിയ കുമാരിയുടെ മകന് സവായ് പദ്മനാഭ് സിംഗാണെന്ന് പവന് ഖേര ആരോപിച്ചു. 2018ല്‍ റോമില്‍ നടന്ന സവായിയുടെ ആര്‍ഭാടമായ ജന്മദിന ആഘോഷം പബ്ലിക് ഡൊമെയ്നില്‍ ഇതിനോടകം ലഭ്യമാണെന്നും പവന് പറഞ്ഞു.
National
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി പള്ളിയിൽ പോകുന്ന ദൃശ്യങ്ങൾ നാം കാണില്ലായിരുന്നുവെന്നും അദ്ദേഹം പള്ളിയിൽ പോകുമെങ്കിലും അദ്ദേഹത്തിന്റെ കാലാൾപ്പടയാളികൾ ഗുണ്ടായിസത്തിലേർപ്പെടുന്നത് നാം കാണുകയാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവനായ പവൻ ഖേര വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിതന്നെ പ്രതികരിക്കണമെന്നും കാലാൾപ്പടയാളികളെ നിലയ്ക്കുനിർത്താൻ കഴിയില്ലെങ്കിൽ ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്ന വേഷംകെട്ടൽ നടത്തരുതെന്നും പവൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംഘടിത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിജെപി സർക്കാരിനെയും പവൻ ഖേര രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ മോദിയുടെ “ന്യൂ ഇന്ത്യ’യിലെ "ന്യൂ നോർമൽ'ആകില്ലെന്നു’ പ്രതീക്ഷിക്കുന്നതായി പവൻ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനു സംരക്ഷിക്കാൻ കഴിയാത്തപ്പോൾ ഇന്ത്യക്കു പുറത്തെ ഹൈന്ദവ ന്യൂനപക്ഷങ്ങളെപ്പറ്റി സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും പവൻ കൂട്ടിച്ചേർത്തു.
ഉത്സവങ്ങളുടെ കാര്യത്തിൽ, അത് ഹിന്ദുക്കളുടെ ഉത്സവങ്ങളാണെങ്കിലും മുസ്ലിംകളുടേതോ ക്രൈസ്തവരുടേതോ ആണെങ്കിലും എല്ലാവർക്കും അവരുടേതായ രീതിയിൽ ആഘോഷിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു.
രാമനവമിയിലോ ഹനുമാൻ ജയന്തിയിലോ ഒരുകൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരോ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരോ മുസ്ലിം പള്ളിക്കു പുറത്തുപോയി പ്രകോപനമുണ്ടാക്കുന്ന പാട്ടുകൾ വച്ച് അവിടെ ആടിപ്പാടുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.
National
ഗോഹട്ടി: അടുത്ത വർഷം ആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിർന്ന നേതാവ് പവൻ ഖേര. വൻ ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് ഭരണത്തിലെത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
"2026ൽ ആസാമിൽ ഭരണമാറ്റം ഉണ്ടാകും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്തായാലും അധികാരത്തിൽ തിരിച്ചെത്തില്ല. അദ്ദേഹം ജയിലിലേയ്ക്കായിരിക്കും പോകുക. അത് ഹിമന്തയ്ക്കും അറിയാം.'-പവൻ ഖേര പറഞ്ഞു.
"സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ഒരിക്കലും ഹിമന്തയ്ക്ക് സാധിക്കില്ല. കാരണം ഇനി ഒരിക്കലും ഹിമന്ത മുഖ്യമന്ത്രി ആകില്ല. അദ്ദേഹത്തിന്റെ പാർട്ടിക്കും ഇനി സംസ്ഥാനത്ത് ഭരണം നേടാനാകില്ല. സ്വപ്നം കാണാൻ മാത്രമെ എൻഡിഎയ്ക്ക് സാധിക്കൂ.'-പവൻ ഖേര കൂട്ടിച്ചേർത്തു.
ആസാമിൽ എസ്ഐആർ നടപ്പാക്കാനും കോൺഗ്രസ് അനുവദിക്കില്ലെന്നും പവൻ ഖേര വ്യക്തമാക്കി. എസ്ഐആർ വോട്ടർമാരെ അനാവശ്യമായി നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി മാത്രമാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.