ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും പവൻ ഖേര ഒരു "ക്രൂരനായ കുറ്റവാളി"അല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു.
കേസ് അസാധാരണമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സിംഗ്വി ആരോപിച്ചു. അസം മുഖ്യമന്ത്രിയെ "പ്രോസിക്യൂട്ടറുടെ ബോസിന്റെ ബോസിന്റെ ബോസ്" എന്ന് അദ്ദേഹം പരിഹസിച്ചു. ഖേരയ്ക്കെതിരെയുള്ള ആരോപണങ്ങൾ മാനനഷ്ടവുമായി ബന്ധപ്പെട്ടവയാണ്. ഇതിന് അറസ്റ്റിന്റെയോ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.
ഖേര ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെയും ഫോട്ടോകളുടെയും ഉറവിടം കണ്ടെത്താൻ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അസം സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വിദേശ ശക്തികൾ നമ്മുടെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ടെന്നും ഖേര ഒളിവിൽ പോയ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ നാലിന് നടത്തിയ പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് രാജ്യങ്ങളിലെ പാസ്പോർട്ടുകൾ ഉണ്ടെന്നും ദുബായിൽ അനധികൃത സ്വത്തുക്കളുണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. എന്നാൽ ഈ രേഖകൾ പാകിസ്ഥാൻ കേന്ദ്രമായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിർമ്മിച്ച വ്യാജരേഖകളാണെന്ന് ശർമയുടെ കുടുംബം പ്രതികരിച്ചു.
നേരത്തെ ഗുവാഹത്തി ഹൈക്കോടതി ഖേരയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അദ്ദേഹം രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
തെലങ്കാന ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ് ഒഴിവാക്കാൻ ഖേര വീണ്ടും പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വരും ദിവസങ്ങളിൽ കേസിൽ കോടതി അന്തിമ വിധി പ്രസ്താവിക്കും.
Tags : Pawan Khera Supreme Court Bail Plea Latest News