International
ഡെൻവർ: ടേക്ക് ഓഫിനിടെ വിമാനം ഇടിച്ച് റൺവേയിലുണ്ടായിരുന്നയാൾ മരിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി 11.19നായിരുന്നു സംഭവം.
ഡെൻവറിൽനിന്നു ലോസ് ആഞ്ചലസിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസിന്റെ എയർബസ് എ321 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിലൂടെ നടക്കുകയായിരുന്ന വ്യക്തിയെ ഇടിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു.ഇദ്ദേഹം വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തമുണ്ടാകുകയും കാബിനിലേക്ക് പുക പടരുകയും ചെയ്തു. ഇതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 12 യാത്രക്കാർക്ക് ചെറിയതോതിൽ പരിക്കേറ്റെന്നും അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വിമാനക്കന്പനി അറിയിച്ചു.
വിമാനത്തിൽ 224 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
മരിച്ചയാൾ വിമാനത്താവളത്തിന്റെ സുരക്ഷാവേലി ചാടിക്കടന്ന് റൺവേയിൽ എത്തിയെന്നാണു പ്രാഥമിക നിഗമനം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുംവരെ സംഭവമുണ്ടായ റൺവേ അടച്ചിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
National
പൂന: വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
വെള്ളിയാഴ്ച രാത്രി 10:25 ഓടെയാണ് സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൂന അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പതിവായി നടക്കുന്ന രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തെത്തുടർന്ന് പൂണെ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പൂർണ്ണമായും തടസപ്പെട്ടു.
National
ലക്നൗ: വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി. ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെതുടർന്ന് ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
മുൻകരുതൽ നടപടിയെന്നോണമാണ് വിമാനം അടിയന്തരമായി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
സാങ്കേതിക തകരാർ കണ്ടെത്താൻ എൻജിനീയർമാർ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ഡൽഹിയിൽ എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ജറുസലെം: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ഉപയോഗിച്ചിരുനന വിമാനം ഇസ്രേലി സേന തകർത്തു.
മെഹ്റാബാദ് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിലാണ് വിമാനം തകർന്നത്. ഉന്നത ഇറേനിയൻ ഉദ്യോഗസ്ഥരും സൈനികരുമാണ് വിമാനംഉപയോഗിച്ചിരുന്നത്.
ഇറാന്റെ മിസൈൽ ലോഞ്ചറുകൾ തകർക്കുകയെന്നതാണ് ഇസ്രേലി സേനയുടെ പ്രധാന ലക്ഷ്യം. 70 ശതമാനം മിസൈൽ ലോഞ്ചറുകളും തകർത്തെന്ന് ഇസ്രേലി സേന പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.
പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
District News
പറവൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമി (24)യാണു മരിച്ചത്.
ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്. മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം.
ഒമാനിലെ മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിണം സംഭവിച്ചു.
മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്.
ജൂൺ ഒന്ന് വരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്.
പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം.
നേരത്തെ, കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഒന്നാം പ്രതി ഫർസിൻ മജീദ്, പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു.
പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
രാവിലെ 8:10-ഓടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8:45ഓടെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
International
ജക്കാർത്ത: തെക്കൻ സുലവേസിയിൽ കാണാാതായ ചെറുവിമാനം തകർന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന പത്തു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ നിരീക്ഷിക്കാൻ പുറപ്പെട്ട വിമാനം ശനിയാഴ്ച അർധരാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായതാണ്. മത്സ്യബന്ധന വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.മോശം കാലാവസ്ഥയാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.
മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.
ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
National
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടയിൽ പവർബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)നിരോധിച്ചു. വിമാനത്തിലെ സീറ്റിലെ പവർ സപ്ലൈ സംവിധാനത്തിലൂടെ പവർബാങ്കുകൾ ചാർജ് ചെയ്യുന്നതും അനുവദിക്കില്ല.
ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കാനും സാധിക്കില്ല. യാത്രക്കാർ കൈയിൽ കരുതുന്ന ഹാൻഡ് ബാഗുകളിൽ മാത്രമേ പവർബാങ്കുകൾ സൂക്ഷിക്കാനാകൂ. പവർബാങ്കുകളിലെ ലിഥിയം ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാഭീഷണിയും കണക്കിലെടുത്താണ് തീരുമാനം.
സാധാരണയായി ചെക്ക് ഇൻ ബാഗുകളിൽ പവർബാങ്കുകൾ നിരോധിച്ചിരുന്നെങ്കിലും സീറ്റിന് മുകളിലെ ഓവർ ഹെഡ് ബിന്നുകളിൽ സൂക്ഷിച്ചിരിക്കുന്ന ബാഗുകളിൽ പവർബാങ്കുകൾ വയ്ക്കാൻ അനുവാദമുണ്ടായിരുന്നു. എമിറേറ്റ്സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി മറ്റു ചില വിദേശ വിമാനക്കന്പനികളും കഴിഞ്ഞവർഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരുന്നു.
യാത്രയ്ക്കിടയിൽ ഏതെങ്കിലും ഉപകരണത്തിന് സാധാരണയിൽ അധികം ചൂടോ പ്രത്യേക മണമോ അനുഭവപ്പെട്ടാൽ കാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്നും ഡിജിസിഎ പുതിയ നിർദേശത്തിൽ ആവശ്യപ്പെട്ടു
District News
കുടുങ്ങിനെടുമ്പാശേരി: എയർ ഇന്ത്യ വിമാനത്തിനുള്ളിൽ പുക വലിച്ചതിന് മസ്കറ്റിൽ നിന്നു നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ പോലീസ് പിടികൂടി. പാലക്കാട് കുന്നിശേരി കൂട്ടാല മണികണ്ഠൻ കൃഷ്ണൻകുട്ടി(25)യാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ 3.45ന് വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട കാബിൻ ക്രൂ ആണ് യാത്രക്കാരനെ പിടികൂടിയത്. വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ പ്രതിയെ നെടുമ്പാശേരി പോലീസിന് കൈമാറി. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
International
ദുബായ്: കേരളത്തിൽനിന്നു ദുബായിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്. വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി. പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
International
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.
പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അര്‍ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.