District News
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 11 - 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂതക്കുഴി - പട്ടിമറ്റം റോഡ് നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2022-2023 മുതൽ 2025-2026 വരെയുള്ള മൂന്നു വാർഷിക പദ്ധതികളിൽനിന്ന് 21 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽനിന്നാരംഭിച്ച് കെഎംഎ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെ 500 മീറ്റർ റോഡാണ് നിർമിച്ചത്.
പടപ്പാടി തോടിന് സംരക്ഷണഭിത്തി നിർമാണം, റോഡ് മണ്ണിട്ട് ഉയർത്തൽ, കോൺക്രീറ്റിംഗ്, ഇന്റർ ലോക്ക് പാകൽ, ടാറിംഗ്, കൈവരി നിർമാണം, ഡ്രൈനേജ്, കുളിക്കടവുകടവ്, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തീകരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് 3.80 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം പി.എ. ഷെമീർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തേ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽനിന്നു 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീർ, സുനിൽ തേനമ്മക്കൽ, ബിജു പത്യാല, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം. ഷാജി,നായിഫ് ഫൈസി, പി.എം. അജു, കെ.സി. അജി, അൻവർഷ കോനാട്ട് പറമ്പിൽ, ടി.എ. അബ്ദുൾ അസീസ്, അഫ്സൽ മഠത്തിൽ, റെസിലി തേനംമാക്കൽ, കെ.എസ്. ഷിനാസ്, ഷാമോൻ കൊല്ലക്കാൻ, റഹീം പടപ്പാടി, ആർ.എം. നാസർ, അയ്യൂബ് ഖാൻ, പോൾപ്പി സാദത്ത്, നസീർ ഖാൻ, പി.എസ്. ഹാഷിം, അഫ്സൽ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.