Kerala
തിരുവനന്തപുരം: ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ശബരിമലയിലെ പോലീസ് നടപടികളുടെ ഏകോപനത്തിനായാണ് വിജയനെ നിയമിച്ചത്. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി വൈകാതെ ഉത്തരവിറക്കും.
ശബരിമലയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഈ വർഷം മുതൽ ശബരിമലയിൽ പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ജയകുമാർ വ്യക്തമാക്കി.
സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും.
ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യും.
കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ ഒന്ന്
മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എഐ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
Kerala
കൊച്ചി: ആറന്മുള സ്ട്രോംഗ് റൂമില്‍ 80 ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ശബരിമലയിലെ കാണിപ്പൊന്ന് പരിശോധിച്ച് തിട്ടപ്പെടുത്താന്‍, സമഗ്രമൂല്യനിര്‍ണയം നടത്താന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് കെ.ടി. ശങ്കരന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്ലാ സഹായവും നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ ഭാവിയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ തിട്ടപ്പെടുത്തി ഡിജിറ്റലായി സൂക്ഷിക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
കാണിപ്പൊന്ന് സൂക്ഷിച്ചിരിക്കുന്ന ചാക്കുകളില്‍ സ്വര്‍ണവും വെള്ളിയും മറ്റ് സാധനങ്ങളുമുള്ളത് കണക്കിലെടുത്താണ് ഉത്തരവ്.
Kerala
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നുള്ള 2019ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ 2025ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു ശില്പം കടത്താനുള്ള ശ്രമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്.
ശില്പം കടത്താന്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്നു കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്തും തന്ത്രിയുമടക്കം ഇതുമായി ബന്ധപ്പെട്ട് ഏഴു പേര് കേസിലെ പ്രതികളാകും. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ മുരാരി ബാബു, സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാല്‍ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍.
മുന്‍ ബോര്‍ഡ് അംഗം സുന്ദരേശന്, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മീഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, ബെല്ലാരിയിലെ ജ്വല്ലറിയുടമ നാഗ ഗോവര്ധന്, 2000ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നും എസ്ഐടി വിശദീകരിച്ചു. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങളിൽ പൊതിഞ്ഞിരിക്കു ന്നത് ചെമ്പുതകിടുകള്‍ എന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി. ചെന്നൈയില്‍വച്ച് വിഗ്രഹങ്ങളിലെ സ്വര്‍ണം നീക്കി പകരം സ്വര്‍ണപ്പാളി മാത്രം പൂശി. ബാക്കി വന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തു. ഈ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പൂശിയ സ്വര്‍ണത്തിന് 40 വര്‍ഷത്തെ വാറന്റി ഉറപ്പുനല്‍കി.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണനിറം മങ്ങിയതോടെ ഇതു മറയ്ക്കാനായി വിഗ്രഹങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പുതിയ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്വാസം പിടിച്ചുപറ്റുകയും ഗൂഢാലോചനയില്‍ പങ്കാളിയാക്കുകയും ചെയ്തു. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകേസിലെ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്പി എസ്. ശശിധരന് അറിയിച്ചു. ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നും വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്നിന്നുമുള്ള ഏതാനും പരിശോധനാ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ടെന്നും അറിയിച്ചു.
2025ലെ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അധിക കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസ് ജി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതീവ ജാഗ്രതയോടെ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി, അന്വേഷണ കാലാവധി ജൂലൈ 20 വരെ നീട്ടുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും വിശ്വഹിന്ദു പരിഷത്തും നല്കിയ ഹര്‍ജികള്‍ ജൂലൈ 28ന് പരിഗണിക്കാന്‍ മാറ്റി.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ എടുത്ത നടപടികളെ നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരുവിധ സാമ്പത്തിക ആക്ഷേപങ്ങളും ഇല്ലെന്നും, കോടതിയെ മുൻകൂട്ടി അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്ന സാങ്കേതിക പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിലെ പ്രധാന വിവാദമായ ദ്വാരപാലക ശിൽപം അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 2025 സെപ്റ്റംബർ 7-ന് തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് സന്നിധാനത്തുനിന്ന് ശിൽപങ്ങൾ അഴിച്ചെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ സ്പെഷ്യൽ കമ്മീഷണറെ വിവരമറിയിച്ചിരുന്നു. ഹൈക്കോടതിയുടെ സ്റ്റേ പിന്നീട് ഒഴിവാക്കപ്പെടുകയും ശിൽപങ്ങൾ കൊണ്ടുപോകാൻ അനുമതി ലഭിക്കുകയും ചെയ്തതാണ്. അതിനുശേഷമാണ് സെപ്റ്റംബർ 17ന് സ്വർണ പീഠങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുക്കുന്നത്.
കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയ 2019-ലെ ഫയലുകൾ കോടതിക്ക് കൈമാറിയത് തന്റെ നേതൃത്വത്തിലുള്ള ബോർഡാണ്. എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ ഫയലുകൾ നൽകില്ലായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ എക്സിക്യൂട്ടീവ് ഓഫീസിൽ വെച്ച് ഒറ്റത്തവണ മാത്രമാണ് കണ്ടിട്ടുള്ളത്. ഫോണിൽ 30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള 4-5 കോളുകൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഇയാൾ ഇപ്പോൾ കള്ളം പറയുകയാണ്. കേസിൽ പറയുന്ന ഗോവർധനെ താൻ കണ്ടിട്ട് പോലുമില്ല - പ്രശാന്ത് വ്യക്തമാക്കി.
ശബരിമലയിലെ ഉരുപ്പടികൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണമെന്ന 2023 ജൂണിലെ കോടതി ഉത്തരവ് വരുമ്പോൾ തന്റെ ബോർഡ് അധികാരത്തിൽ ഇല്ലായിരുന്നു. ആ ഉത്തരവിനെക്കുറിച്ച് ബോർഡിന് അറിവുണ്ടായിരുന്നില്ല. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഈ കേസിന് പിന്നിൽ വലിയ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് സംശയിക്കുന്നതായും അയ്യപ്പ സംഗമം പൊളിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശാന്ത് ആരോപിച്ചു. താൻ ധനലക്ഷ്മി ബാങ്കിൽ നിന്ന് 45 ലക്ഷം രൂപ ലോൺ എടുത്താണ് വീട് വെച്ചതെന്നും നിലവിൽ തനിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഐടിയെക്കുറിച്ച് വ്യക്തിപരമായി ആക്ഷേപങ്ങളൊന്നുമില്ലെന്നും അവർ സത്യസന്ധമായ റിപ്പോർട്ട് നൽകുമെന്നാണ് വിശ്വാസമെന്നും പറഞ്ഞ അദ്ദേഹം, കോടതി എന്ത് ശിക്ഷ നൽകിയാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരടക്കമുള്ള അന്നത്തെ ഭരണസമിതിയെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. 2025-ൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് ഈ നിർണായക നടപടി.
കേസിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019-ൽ ആരംഭിച്ച ആസൂത്രിതമായ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്ന സ്വർണക്കൊള്ളയെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വർണ ശേഖരത്തിൽ വലിയ തോതിലുള്ള ക്രമക്കേടും വകമാറ്റലും നടന്നതായാണ് സൂചന.
ഭരണചുമതലയിലിരുന്ന ഉന്നതർക്ക് കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്ന തെളിവുകൾ പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും വിശദമായ പരിശോധന നടത്തിവരികയാണ്. തന്ത്രിയും പോറ്റിയും സ്വർണവ്യാപാരി പങ്കജ് ഭണ്ഡാരിയും ഉൾപ്പെടെ കേസിൽ പ്രതികളാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ൽ നടന്ന ഗൂഢാലോചനയിൽ പുതിയ കേസെടുത്ത് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ ആലോചന.
2025ലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചനയിലാണ് പുതിയ കേസെടുത്ത് അന്വേഷണം നടത്തുന്നത് ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ തന്നെ എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടുന്നതിൽ ഹൈക്കോടതിയും കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായിരുന്ന അജികുമാർ, പി.ഡി. സന്തോഷ്കുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരുടെ അടക്കമുള്ള പങ്ക് അന്വേഷിക്കുന്നത് ആലോചിക്കുന്നത്.
ദ്വാരപാലകശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025ൽ ഗൂഢാലോചന നടന്നെന്നും പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഹൈക്കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ആലോചന.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എസ്ഐടി തീരുമാനം. സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തന്ത്രി രാജീവരും പി.എസ്.പ്രശാന്തും അടക്കം ഒന്‍പത് പേർക്ക് സ്വർണപാളി കൈമാറ്റത്തിൽ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി നൽകിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൂടാതെ, 2019ൽ നടന്ന സമാനമായ ഇടപാട് മറച്ചുവെക്കാനും മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂർണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങൾ പാളികൾ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുന്നത്.
പി.എസ് പ്രശാന്തിന്റെ കാലത്തെ ഇടപാടുകളിലെ ഭരണപരമായ വീഴ്ചകൾക്കും ഗൂഢാലോചനകൾക്കും എതിരെ പുതിയ കേസെടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. പാളികളിലെ സ്വർണം അനധികൃതമായി വേർതിരിച്ചെടുക്കാൻ നേതൃത്വം നൽകിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും ഈ ഗൂഢാലോചനയിൽ കൃത്യമായ പങ്കുള്ളതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.
അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.
പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Kerala
പമ്പാ: ശബരിമലയിൽനിന്നും നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്ന ശേഷം തിരികെ പിടിപ്പിച്ചു.
സംസ്ഥാനസർക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്. മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്.
സ്വർണക്കൊള്ളക്കേസിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
Kerala
പമ്പാ: ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസർക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. മുൻപ് രണ്ടുതവണയായി എസ്ഐടി ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലകശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് സാമ്പിൾ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകൾ മുറിച്ചെടുത്തില്ല.
1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വർണം പൂശാൻ ഇളക്കിയിരുന്നില്ല. ഈവർഷങ്ങളിൽ സ്വർണം പൂശിയ ഭാഗങ്ങളിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ, ഇപ്പോഴത്തെ ഭാരമളക്കൽ സഹായകമാകും.
സ്വർണക്കൊള്ളക്കേസിന്റെ അന്തിമറിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
Kerala
ശബരിമല: ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും നിർണായക പരിശോധന നടത്തി. ഹൈക്കോടതിയുടെ അനുമതിയോടെ, കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി.
എസ്ഐടി തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെത്തി പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്. പ്രധാനമായും ക്ഷേത്രത്തിലെ പ്രഭാമണ്ഡലം, കട്ടളപ്പടിയുടെ താഴത്തെ ഭാഗം എന്നിവടങ്ങളിലാണ് സംഘം വിശദമായ പരിശോധന നടത്തിയത്. കൂടുതൽ സ്വർണമുള്ളത് കട്ടളപ്പടിയുടെ താഴത്തെ ഭാഗത്തായതിനാൽ ഇവിടുത്തെ അളവുകൾ കേസിൽ ഏറെ നിർണായകമാണ്.
ഇളക്കിയെടുത്ത ഭാഗങ്ങളുടെ തൂക്കം കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി വിഭാഗത്തിലെ വിദഗ്ധ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ലബോറട്ടറിയിൽ നിന്നും ശേഖരിച്ച പരിശോധനാ ഫലങ്ങൾക്കൊപ്പം ഈ പുതിയ ശാസ്ത്രീയ വിവരങ്ങൾ കൂടി ചേർത്താകും ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ.
2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സന്നിധാനത്തെ ദ്വാരപാലക ശിൽപ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ഈ വലിയ സ്വർണക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവരുന്നത്. ഈ സംഭവത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള പ്രമുഖർക്ക് അന്വേഷണ സംഘം ഇതിനോടകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം.
2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് അടക്കമുള്ള ആളുകളിലേക്ക് ചോദ്യം ചെയ്യല്‍ നീളുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്പങ്ങള് കടത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ എസ്ഐടി തീരുമാനം. ദ്വാരപാലകശില്പ്പപാളികളില് നിന്നും വീണ്ടും സാംപിള്‍ ശേഖരിക്കും.
ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് സാംപിള്‍ ശേഖരിക്കുന്നത്. ഈ മാസം നടതുറക്കുമ്പോള്‍ സാംപിളുകള്‍ ശേഖരിക്കും. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ 2025ലാണ് ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോയത്. ഈ കേസില്‍ നേരത്തെ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.
സാംപിളുകള്‍ വീണ്ടും ശേഖരിച്ച ശേഷം പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യ കേസിലാണ് ഉണ്ണിക്കൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസ്, ദേവസ്വം ഓഫീസറായിരുന്ന മുരാരിബാബു ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും സ്വാഭാവിക ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നീക്കി. എന്നാല്‍ തന്ത്രിക്ക് ജാമ്യം റദ്ദാക്കാന്‍ ആവില്ലെന്നും കോടി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രിക്ക് 41 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം അനുവദിച്ചത്.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്ലെന്ന കീഴ്ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ല എന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പകരാമര്ശം.
കീഴ്ക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്തെങ്കിലും തന്ത്രിക്ക് ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ ജാമ്യം റദ്ദാക്കി ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലില്‍ എസ്ഐടിയുടെ അവകാശവാദം.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും.
2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിംഗ് സാൾട്ട്' ഉപയോഗിച്ച് വേർതിരിച്ചെടുത്തു. പ്രത്യേക തരം രാസമിശ്രിതമാണ് ഇത്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂർ എന്‍എംഎലിലെ റിപ്പോർട്ട് അന്വേഷണത്തിൽ നിർണായക സഹായം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദ വാദം കേള്‍ക്കും.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ 13-ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 16-ാം പ്രതിയുമായ തന്ത്രി രാജീവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും എസ്ഐടി നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിച്ചത്.
പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ഹര്‍ജിക്കാരന്റെ അഭിഭാഷകന് എതിര്‍ത്തു. തുടര്‍ന്നാണ് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
തന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവിന്റെ കണികപോലുമില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പരമാര്‍ശം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും മുരളീധരൻ പറഞ്ഞു.
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.
Kerala
കൊച്ചി: ശബരിമലയിലേക്കു പൂജാദ്രവ്യങ്ങള്‍ എത്തിക്കാന്‍ കൊല്ലം സ്വദേശി സുനില്‍കുമാര്‍ എന്ന സുനില്‍സ്വാമിയെ ചുമതലപ്പെടുത്തിയതിലും അന്വേഷണം.
നിത്യപൂജയ്ക്കുള്ള അരി, മലര്, ശര്‍ക്കര, നാളികേരം, പട്ട്, തോര്‍ത്ത് തുടങ്ങി പത്തിലധികം ഇനങ്ങള്‍ വര്‍ഷങ്ങളായി സംഭാവന ചെയ്യുന്നത് സുനില്‍ സ്വാമിയാണ്.
മാസപൂജയ്ക്ക് മൂന്നു ലക്ഷം രൂപയും മണ്ഡലകാലത്ത് 18 ലക്ഷവുമാണ് ഇയാള്‍ ഇതിനായി ചെലവഴിക്കുന്നത്. എന്നാല്‍ ഇതിന് ബില്ലോ വൗച്ചറോ നല്‍കാറില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്താറില്ലെന്നും ടെന്‍ഡര്‍ നടപടിയില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ഇയാള്‍ സാധനങ്ങള്‍ സംഭാവന ചെയ്യുമ്പോഴും ദേവസ്വം ഫണ്ടില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതായി ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പണം മാറുന്നതായും പരാതിയുണ്ട്. സുനില്സ്വാമിയില്നിന്നു മാനദണ്ഡങ്ങള്‍ പാലിക്കാതെ വര്‍ഷങ്ങളായി പൂജാസാമഗ്രികള്‍ വാങ്ങുന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അഷ്ടാഭിഷേകം നടത്തുന്നതിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
Kerala
കൊച്ചി: പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇതുസംബന്ധിച്ച് അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
അതേസമയം സ്വർണം നഷ്ടപെട്ടിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചു. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
നിലവിൽ സാമ്പിളുകൾ ജംഷഡ്പൂരിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സാമ്പിളുകളുടെ ഫലം ലഭിച്ചശേഷമായിരിക്കും ഈ വിഷയത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.
Kerala
കൊച്ചി: നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നാണ് കണ്ടെത്തൽ.
ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹപൈലറ്റും ക്യാമറ ക്രൂവും അടക്കം മൂന്നു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴിതിരിച്ച് വിട്ടത് എന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കർശന നിയന്ത്രണമുള്ള വ്യോമപാതയിലാണ് ഉദ്യോഗസ്ഥൻ നിയമം ലംഘിച്ചത്. ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ക്ഷേത്ര സുരക്ഷയ്ക്ക് ഭീഷണിയാകും വിധം ഹെലികോപ്റ്റർ താഴ്ത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
National
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെ സംസ്ഥാനത്തെ ഭരണ മാറ്റം സുപ്രീംകോടതിയെ അറിയിച്ച് സർക്കാർ അഭിഭാഷകൻ.
സംസ്ഥാന രാഷ്ട്രീയ മാറ്റത്തിലായതിനാൽ ശബരിമലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാനായേക്കില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞു.
യുവതീപ്രവേശന വിലക്കിനെ എതിർക്കണമെന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് ജയ്ദീപ് ഗുപ്ത. എന്നാൽ നേരത്തെയുള്ള നിലപാട് ഇതിനകംതന്നെ മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ബി.വി.നാഗരത്ന ചോദിച്ചു.
അനിവാര്യ മതാചാരങ്ങൾ കോടതികളല്ല തീരുമാനമെടുക്കേണ്ടത്, മതപണ്ഡിതരാണ് എന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഭരണഘടന ബഞ്ച് ആണ് കേസിൽ വാദം കേൾക്കുക. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവും സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ ആരാഞ്ഞിരുന്നു.
യുവതീപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
National
ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കവെ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. മതസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഒരു നിശ്ചിത ഘടനയും നിയമാവലിയും അത്യാവശ്യമാണെന്നും അവിടെ അരാജകത്വം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മതപരമായ കാര്യങ്ങളിൽ വിശ്വാസികൾക്ക് അവകാശമുണ്ടെങ്കിലും സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ വ്യക്തമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്ന് കോടതി പറഞ്ഞു. ചിട്ടയില്ലാത്ത പ്രവർത്തനം അരാജകത്വത്തിലേക്ക് നയിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വൻതോതിൽ ഭക്തർ എത്തുന്ന ശബരിമലയെപ്പോലെയുള്ള ക്ഷേത്രങ്ങളിൽ സുഗമമായ തീർത്ഥാടനത്തിനും ഭരണനിർവ്വഹണത്തിനും കൃത്യമായ സംവിധാനങ്ങൾ വേണം.
മതപരമായ സ്വയംഭരണാധികാരവും ഭരണപരമായ മേൽനോട്ടവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചും കോടതി പരാമർശിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ്, ക്ഷേത്ര ഭരണത്തിനായി പ്രത്യേക നിയമം വേണമെന്നതടക്കമുള്ള വിഷയങ്ങളിൽ കോടതി നിലപാട് വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പെഷൽ കമ്മീഷണർക്ക് കൈമാറും.
കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്ടർ താഴ്ന്നു പറന്ന സംഭവത്തിൽ അന്വേഷണം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്ടറാണ് അതീവ സുരക്ഷാ മേഖലയിലൂടെ പറന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി.
ഹെലികോപ്ടർ എത്തിയതിനെ പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല. അതേസമയം, ഹെലികോപ്ടർ താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം കാരണമാണെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും കോസ്റ്റ് ഗാർഡ് വിശദീകരിച്ചു.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ ഭരണഘടനാവിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം പുരോഗമിക്കുന്നു. എട്ടാം ദിവസമാണ് ഒന്‍പതംഗ ഭരണഘടനാബെഞ്ചിനു മുന്നിൽ ഇന്നലെ വാദം നടന്നത്.
മതപരമായ ആചാരങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 25(2) പ്രകാരം സംരക്ഷണമുണ്ടെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചിനുമുന്നിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ട് വാദിച്ചു.
എന്നാൽ ആർട്ടിക്കിൾ 366(10) പ്രകാരം നിയമനിർമാണ സഭകൾ പാസാക്കിയ നിയമങ്ങളെ മാത്രമേ ’നിലവിലുള്ള നിയമം’ എന്നു വിളിക്കാനാകൂവെന്നും ആചാരങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന ഹർജിക്കാർ അയ്യപ്പനെതിരേ ചില പരാമർശങ്ങൾ നടത്തിയതിൽ പന്തളം കൊട്ടാരത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. രാധാകൃഷ്ണൻ ആശങ്ക രേഖപ്പെടുത്തി.
വിശ്വാസികളുടെ കാഴ്ചപ്പാടിലൂടെ വേണം മതപരമായ ആചാരങ്ങളെ വിലയിരുത്താനെന്നും അവിശ്വാസികളുടെ യുക്തി ഇതിൽ പ്രസക്തമല്ലെന്നും യുവതീപ്രവേശനത്തെ എതിർക്കുന്ന സ്ത്രീഭക്തർക്കുവേണ്ടി ഹാജരായ ജയന്ത് മുത്തുരാജ് വാദിച്ചു. മതപരമായ കാര്യങ്ങളിൽ ഭരണകൂടം ഇടപെടുന്നത് രാഷ്ട്രീയത്തെയും മതത്തെയും ഒരുപോലെ അഴിമതിയിലാഴ്ത്തുമെന്ന് ജൈന സംഘടനകൾക്കുവേണ്ടി ഹാജരായ കൃഷ്ണൻ വേണുഗോപാൽ അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ഭരണഘടനാ ബെഞ്ച് ഇതുവരെയും വാദം പൂർത്തിയാക്കിയിട്ടില്ല. ബുധനാഴ്ച വാദം പൂർത്തിയാക്കുമെന്നായിരുന്നു ചീഫ് ജസ്റ്റീസ് അറിയിച്ചിരുന്നത്. എന്നാൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെയടക്കം വാദം ഇനിയും നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ദിവസങ്ങളിലേക്ക് വാദം നീണ്ടുപോകാനാണു സാധ്യത.
National
ന്യൂഡൽഹി: മതപരമായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്പോൾ ജഡ്ജിമാരും കോടതികളും വ്യക്തിപരമായ മതവിശ്വാസങ്ങൾക്ക് അതീതമായി ചിന്തിക്കണമെന്നും മനഃസാക്ഷിയും ഭരണഘടനാ ചട്ടക്കൂടും അതിനെ നയിക്കണമെന്നും സുപ്രീംകോടതി.
ശബരിമല യുവതീപ്രവേശന വിഷയമടക്കം പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാബെഞ്ചിന്റേതാണു നിരീക്ഷണം.
അതേസമയം, ആർത്തവകാലത്ത് ദക്ഷിണേന്ത്യയിലെ സ്ത്രീകൾ ക്ഷേത്രദർശനങ്ങളിൽനിന്നു സ്വമേധയാ വിട്ടുനിൽക്കുന്ന ശീലമാണ് പിന്തുടരുന്നതെന്ന് ആത്മാർത്ഥ ട്രസ്റ്റിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. വെങ്കിടേശ് വാദിച്ചു.
ഇതൊരു വിവേചനമല്ലെന്നും മറിച്ച് തലമുറകളായി കൈമാറി വരുന്ന വിശ്വാസത്തിന്റെ ഭാഗമായുള്ള അലിഖിത നിയമമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ക്ഷേത്രങ്ങളിൽ മാത്രമല്ല, വീടുകളിലെ പൂജാമുറികളിൽപ്പോലും ഈ കാലയളവിൽ സ്ത്രീകൾ പ്രവേശിക്കാറില്ലെന്നും ഇതിനു ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിക്കാനായി ആരും അവിടെ പ്രവേശിക്കരുതെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിനും അവിടുത്തെ പ്രതിഷ്ഠയ്ക്കും അതിന്റേതായ സവിശേഷതകളുണ്ട്. ഹിന്ദുമതത്തിൽ വിഗ്രഹാരാധന എന്നത് ഒഴിവാക്കാനാകാത്ത ഘടകമാണ്.
ആരാധനയിലൂടെ വിഗ്രഹം ദൈവമായി മാറുന്നു. ക്ഷേത്രം എന്നത് ഒരു മ്യൂസിയം പോലെ സന്ദർശിക്കേണ്ട ഇടമല്ലെന്നും തന്ത്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി വ്യക്തമാക്കി. ഭരണഘടനാബെഞ്ചിലെ വാദം ചൊവ്വാഴ്ച വീണ്ടും പുനരാരംഭിക്കും. സംസ്ഥാനസർക്കാർ അന്നേദിവസം തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചേക്കും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.
ഈ ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികൾ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.
ഈ ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികൾ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.
Kerala
പത്തനംതിട്ട: റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയോഗിച്ചു. ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റീസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം.
ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പുതിയ നിയമനം നടത്തിയത്. കമ്മിറ്റിയുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. 2009ലാണ് കോടതി ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചത്.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി ജസ്റ്റീസ് ബി.വി.നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല.
ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്റ്റീസ് ബി.വി.നാഗരത്ന ഉന്നയിച്ചത്. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ.
യുവതീപ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാനായില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അയ്യപ്പഭക്തരായ ആരുമല്ല ശബരിമല യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ചത്. ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018ലെ ഉത്തരവിനെ എതിർത്ത് കേന്ദ്രസർക്കാർ.
മതപരമായ ആചാരങ്ങൾ അനിവാര്യമാണോയെന്നു തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും അത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണെന്നും കോടതി ഇടപെടൽ പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 2018 ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച മുൻ വിധി പുനഃപരിശോധിക്കുന്നത് ഉൾപ്പെടെ വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒന്‍പതംഗ ഭരണഘടനാബെഞ്ചിനു മുന്നിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാബെഞ്ചിനു മുന്നിലെ ആദ്യദിന വാദമാണ് ഇന്നലെ അവസാനിച്ചത്. പുനഃപരിശോധനാ ഹർജിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരാണ് ഇന്നലെ വാദം ഉന്നയിച്ചത്.
2018ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഹിന്ദുമതത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ ചൂണ്ടിക്കാട്ടി. ശാസ്ത്രം യുക്തിയിൽ അധിഷ്ഠിതമാണെങ്കിൽ മതം വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ വിശ്വാസപരമായ കാര്യങ്ങളെ തുല്യതയുടെ മാനദണ്ഡം വച്ച് മാത്രം അളക്കാനാകില്ല. ശബരിമലയിലെ പ്രതിഷ്ഠ ’നൈഷ്ഠിക ബ്രഹ്മചാരി’ ആയതിനാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ത്രീകളുടെ അന്തസിനെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നല്ല.
ഇന്ത്യയിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകൾക്കു പ്രവേശനമുണ്ടെന്നും ശബരിമലയിലെ ആചാരം സവിശേഷമായ ഒന്നാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹിക തിന്മകൾക്ക് മതത്തിന്റെ പരിവേഷം നൽകിയാൽ കോടതികൾക്ക് അതിൽ ഇടപെടാൻ അധികാരമുണ്ടെന്ന് വാദത്തിനിടെ ഒന്‍പതംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.
ഇന്നും കേന്ദ്രസർക്കാരിന്റെ വാദം തുടരും. നാളെ ദേവസ്വം ബോർഡ് ഉൾപ്പെടെ പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദം ഭരണഘടനാബെഞ്ച് കേൾക്കും.
National
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ പുതിയ ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതൽ അന്തിമവാദം കേൾക്കും.
ഈ മാസം 22 വരെയാണ് വിശദമായ വാദംകേൾക്കലിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
വേനലവധിക്കുശേഷം കോടതി ചേരുന്പോൾ വിധി പ്രസ് താവിക്കും. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ആദ്യ മൂന്നു ദിവസം കോടതി കേൾക്കുന്നത്.
ഏപ്രിൽ 14 മുതൽ 16 വരെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലം നൽകാം. കേസിലെ അമിക്കസ് ക്യൂറിയുടെ അവസാന വാദവും 22ന് നടക്കും.
National
ന്യൂഡൽഹി: സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം.
ജസ്റ്റീസുമാരായ എം.എം സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാർ ആരും ഭരണഘടന ബെഞ്ചിൽ ഇല്ല.
യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഏഴ്, എട്ട്, ഒൻപത് തീയതികളിലും അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും ഭരണഘടനാ ബെഞ്ച് കേൾക്കും.
പ്രായഭേദമില്ലാതെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെ ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
പറവൂർ: എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപി മാത്രമേയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എറണാകുളം പറവൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും യുഡിഎഫും ഈ സംഘടനകളുമായി സഹകരിക്കുന്നവരാണെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടർച്ചയ്ക്കുള അവസരമിതാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കട്ടത് ആരപ്പായെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കണ്ണൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ ഏറ്റവും വലിയ കൊള്ള നടത്തിയത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുഖ്യമന്ത്രി.
പിഎസ്സി പരീക്ഷകളിൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും സർക്കാർ ജോലി ലഭിക്കാത്ത സംസ്ഥാനമായി കേരളത്തെ സിപിഎം മാറ്റി.
സിപിഎമ്മിന്റെ മൂല്യച്യുതിയാണ് ജീവിതം മുഴുവൻ പാർട്ടിക്കു വേണ്ടി ഉഴിഞ്ഞുവച്ചിരുന്ന വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചതും അവരെ ഇന്ന് യുഡിഎഫിന്റെ വേദിയിലെത്തിച്ചതും. ഇവർ യഥാർഥ കമ്യൂണിസ്റ്റുകളാണ്.
സിപിഎം ഇപ്പോൾ യഥാർഥ കമ്യൂണിസ്റ്റുകളില്ലാത്ത പാർട്ടിയാണ്.രാഹുൽ ഗാന്ധിയുടേത് കമ്യൂണിസ്റ്റ് മനസാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ഉണ്ടെന്ന് കാണിച്ച് ഭക്തരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരേ കേസെടുത്ത് സൈബര്‍ പോലീസ്.
ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്തരം വ്യാജ സൈറ്റുകളില്‍ ഭക്തര്‍ക്ക് സ്പാ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൗണ്ടന്‍ സൈറ്റ് സീയിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതായി കാണിച്ച് 1500 രൂപ മുതല്‍ 25,000 രൂപ വരെ ബുക്ക് ചെയ്യുന്നവരില്‍ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്.
തുടര്‍ന്ന് ശബരിമലയില്‍ എത്തി റൂമിനായി ചെല്ലുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാകുന്നതെന്നുമാണ് പോലിസിന് ലഭിച്ച വിവരമെന്ന് ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ് അറിയിച്ചു.
ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 12 ഓളം കോംപ്ലക്സുകളില്‍ 400 ല്‍ അധികം മുറികളും അഞ്ച് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇതില്‍ 14 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ ഐ ടി ഡിവിഷന്റെ നേരിട്ടുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോര്‍ഡ് നേരിട്ടുമാണ് ഭക്തജനങ്ങള്‍ക്ക് നല്കി വരുന്നത്.
വ്യാജ സൈറ്റുകള്‍ക്കെതിരേ ഭക്തർ ബോധവാൻമാരായിരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം റൂമുകള്‍ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി സമർപ്പിക്കും. അന്തിമ റിപ്പോർട്ട് തെരഞ്ഞെടുപ്പിന് മുൻപ് സമർപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അന്തിമ റിപ്പോർട്ട് വൈകുന്നത്. സ്വർണപാളികളിൽ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്റെ അളവ് സ്ഥിരീകരിക്കാനും കോടതി നിർദേശപ്രകാരമാണ് പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക. പാളികളിൽ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദേശിച്ചത്.
2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബഞ്ച് നൽകിയ നിർദേശം.
Kerala
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സിറ്റി പോലീസ് കമ്മീഷ്ണർ ആണ് പരാതി കൈമാറിയത്.
കടകംപ്പള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂ ഉടമയായ സ്ത്രീയും ചേർന്ന് കേസിൽ കുരുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. സമാന സ്വഭാവമുള്ള കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചിട്ടുണ്ടോ, തെളിവ് ശേഖരിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം നൽകുന്നതിന് വേണ്ടിയാണ് സിറ്റി പോലീസ് കമ്മീഷണർ പരാതി എസ്ഐടിക്ക് കൈമാറിയത്.
ഡിജിപിക്ക് പോറ്റി നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണതതിനായി കമ്മീഷ്ണർക്ക് കൈമാറിയത്.
Kerala
കൊല്ലം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം കബളിപ്പിക്കുന്നതാണെന്നും വിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പരമാർശിക്കുന്നില്ല. ശബരിമലയിൽ സ്വർണം കട്ടവരെ സർക്കാർ സംരക്ഷിക്കുകയാണ്. അതുപോലെതന്നെ ആഗോള അയ്യപ്പസംഗമത്തിൽ കോടികൾ വെട്ടിച്ചു.
ശബരിമല കേസിൽ ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടില്ലായിരുന്നു. എന്നാൽ സർക്കാർ മനപ്പൂർവം പ്രതികളെ രക്ഷിക്കുകയായിരുന്നു. ഇതെല്ലാം വിശ്വാസികളുടെ മനസിലുണ്ടാക്കിയ വേദന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്. പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാൽ വർഗീയതാക്കി ചിത്രീകരിക്കുന്നവർ ഇപ്പോൾ മൗനത്തിലാണ്.
ആരാണ് മുഖ്യമന്ത്രി എന്നതിൽ ഇപ്പോൾ ചർച്ചയില്ല. പകരം ഒന്നിച്ചുനിന്നു അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. 100ലധികം സീറ്റുകൾ നേടി അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ എന്നിവരും പങ്കെടുത്തു.
Kerala
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്ന് വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്.
നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി നീട്ടിയത്. 2019 ലെ ദേവസ്വം ബോർഡിന്റെ നിലപാട് തിരുത്തിയാണ് വാദങ്ങൾ സമർപ്പിക്കുക. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്.
2018 സെപ്റ്റംബർ എട്ടിനാണ് യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിവന്നത്. പുനഃപരിശോധന ഹർജികൾ വന്നപ്പോൾ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു. യുവതീ പ്രവേശനത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയായിരുന്നു ബോർഡിനും.
National
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിലപാടുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. ശബരിമലയിൽ പത്തു മുതൽ അമ്പതു വയസുവരെയുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ.
ശബരിമലയിലെ ആചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്നാണ് ദേവപ്രശ്നത്തിൽ തെളിഞ്ഞതെന്നും, ഇത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി കണ്ട് അംഗീകരിക്കണമെന്നും തന്ത്രി തന്റെ വാദത്തിൽ വ്യക്തമാക്കുന്നു. പന്തളം കൊട്ടാരവും എൻഎസ്എസും സമാനമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങളിൽ അവസാന തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘവും കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് മതപണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും വിശദമായ ചർച്ച വേണമെന്ന 17 പേജുള്ള സത്യവാംഗ്മൂലമാണ് സർക്കാർ സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 7 മുതൽ കേസിൽ വാദം കേട്ടു തുടങ്ങും. കേസിൽ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ മാർച്ച് 23 വരെ സമയം അനുവദിച്ചിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ഗോവർധന്റെ ജാമ്യഹർജി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ഗോവർധൻ അറസ്റ്റിലായത്.
അതേ സമയം, സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരേ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പ്രത്യേക അന്വേഷണ സംഘം നല്കിയ അപ്പീലിലാണ് നടപടി. തന്ത്രിക്കെതിരെ തെളിവില്ല എന്നായിരുന്നു ജാമ്യം അനുവദിച്ച ഉത്തരവില്‍ വിജിലന്‍സ് കോടതി പറഞ്ഞത്.
സ്വര്‍ണക്കൊള്ള അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ല, ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്താനായില്ല, തന്ത്രിക്ക് ഭരണപരമായ കാര്യങ്ങളില്‍ അധികാരമില്ല, ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് നോക്കേണ്ടത് എന്ന നിരീക്ഷണങ്ങളായിരുന്നു കോടതി നടത്തിയത്.
ഇതിനെതിരേയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ നിരീക്ഷണമാണ് വിജിലന്‍സ് കോടതിയുടെത് എന്നായിരുന്നു എസ്ഐടിയുടെ പ്രധാന വാദം. അപ്പീല്‍ ഫയില്‍ സ്വീകരിച്ച് വിജിലന്‍സ് കോടതിയുടെ നിരീക്ഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ തന്നെ സമര്‍പ്പിച്ചിരുന്നു.
2002 മുതല്‍ തന്നെ തന്ത്രിയും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ പോറ്റിയെ തന്ത്രി ശാന്തിയാക്കാന്‍ ശ്രമിച്ചിരുന്നു. ഗോവര്‍ധന്റെ വീട്ടില്‍ 2017ല്‍ പ്രത്യേക പൂജയ്ക്ക് തന്ത്രിയെ പോറ്റി കൊണ്ടു പോയതും പണം നല്കിയതുമായ വിശദാംശങ്ങളും എസ്ഐടി ഹൈക്കോടതിയില്‍ ഹാജരാക്കി.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന കേസിൽ വാദം എഴുതി നൽകുന്നതിനുള്ള സമയപരിധി നീട്ടി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് അടുത്ത തിങ്കളാഴ്ചവരെ സമയപരിധി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയപരിധി ബാധകമാണ്.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ ഹാജരാകും.
നേരത്തേ സുപ്രീംകോടതിക്കുമുന്നിൽ വിഷയമെത്തിയപ്പോൾ യുവതീപ്രവേശനത്തെ അനുകൂലിച്ച മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിക്കു പകരമാണ് സിംഗ്വി ഹാജരാകുന്നത്.
2019ൽ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോൾ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടാണ് അദ്ദേഹം ഹാജരായത്.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചത്.
National
ന്യൂഡൽഹി: സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയിൽ യുവതീപ്രവേശന വിഷയത്തിൽ വാദം കേൾക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് സുപ്രീംകോടതിയിൽ ഒൻപതംഗ ബഞ്ച് യുവതീപ്രവേശനത്തിൽ വാദം കേൾക്കും.
ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെയാണ് യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിയെ എതിർക്കുന്നവരുടെ വാദം നടക്കുക. യുവതീപ്രവേശവിധിയെ എതിർത്തിട്ടില്ലാത്തതിനാൽ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ വാദം നടത്തേണ്ടിവരില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസം.
സംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്തുന്ന ഏപ്രിൽ ഒൻപതിനും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ യുവതീപ്രവേശന വിഷയത്തിലെടുക്കുന്ന നിലപാട് വോട്ടെടുപ്പിനെ ബാധിക്കാമെന്നതാണ് കേസ് തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാകുന്നത്.
ആചാരങ്ങളിൽ കോടതി തീരുമാനമെടുക്കും മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ നിലപാടാണ് സംസ്ഥാന സർക്കാർ ആവർത്തിച്ചത്.
Kerala
പത്തനംതിട്ട: ശബരിമല തീർഥാടക സംഘത്തിന്റെ വാഹനം ഇടിമിന്നലേറ്റ് തീപിടിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 6.20ഓടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നുള്ള തീർഥാടകരെത്തിയ വാഹനമാണ് തീപിടിച്ചത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റതിന് പിന്നാലെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് ഉടൻ തന്നെ പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിൽ തീപടരുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഇടപെട്ട് തീ പൂർണമായും കെടുത്തി.
അപകടത്തിൽ കാറിന് സാരമായ നാശനഷ്ടങ്ങളുണ്ടായി. ശബരിമലയിലേക്ക് തീർഥാടകരുമായി വന്ന ടാക്സി കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
Kerala
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും.
യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാംഗ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാംഗ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇരട്ടത്താപ്പിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിയാണ് പ്രതികരിച്ചത്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് എന്നുമുള്ളത്.
നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടു പോകാനാണ് ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഏഴു ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. അതിൽ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നതല്ല ചോദ്യം.
എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണിതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നും ശനിയാഴ്ച ആവശ്യപ്പെടും.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്.
2018 സെപ്റ്റംബര്‍ 28നാണ് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. പിന്നീട് വിധിയുടെ പുനഃപരിശോധനാ ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദമായ വാദം ഏപ്രില്‍ ഏഴിന് തുടങ്ങും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Kerala
കൊല്ലം: കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു ശബരിമല സ്വർണാപഹരണ കേസുകളിൽ അറസ്റ്റിലായ സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി നൽകിയ അപേക്ഷ ഉപാധികളോടെ അനുവദിക്കാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഉത്തരവിട്ടു.
ജിഎസ്ടി ഉൾപ്പെടെ സർക്കാരുകളിലേക്ക് അടയ്ക്കേണ്ട തുകകളും റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ഫെബ്രുവരി വരെയുള്ള ശമ്പളവും വിതരണം ചെയ്യാം. എന്നാൽ, ഇതിനു മുന്നോടിയായി ഒരു കോടി രൂപ കോടതിയിൽ നിക്ഷേപിക്കണം. കൂടാതെ, ജീവനക്കാരുടെ പേരു വിവരങ്ങളും മറ്റു രേഖകളും ജിഎസ്ടി ഉൾപ്പെടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകകളുടെ വിവരങ്ങളും എല്ലാം കോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് അനുമതി നൽകണമെന്ന പങ്കജ് ഭണ്ഡാരിയുടെ അപേക്ഷ കോടതി തള്ളി. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. പങ്കജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് അനുമതി നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
ത്വക് രോഗത്തിനുള്ള ചികിത്സയിലാണ് പങ്കജ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടരണമെന്നായിരുന്നു ആദ്യ അപേക്ഷ. എന്നാൽ, മറ്റൊരു സംസ്ഥാനത്തു ചികിത്സയ്ക്ക് അനുമതി നൽകിയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് കേരളത്തിലെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി അനുമതി തേടിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
Kerala
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് ധാരണയിൽ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയിൽ തീരുമാനം. ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് മാർച്ച് 14നകം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ രാഷ്്ട്രീയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ചചെയ്ത് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുക. 2019 ൽ യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടു തിരുത്തിയാണ് ബോർഡിൽ പുതിയ പ്രമേയം വന്നത്.
2019ൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സർക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയവും ഏറ്റുവാങ്ങി.
Kerala
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.
മാളികപ്പുറം ക്ഷേത്രനട എം.ജി. മനു നമ്പൂതിരി തുറക്കും. പൂജകള്‍ക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നട അടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും നട തുറക്കും. 23-നാണ് ഉത്സവം കൊടിയേറുക.
സന്നിധാനത്തെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഭക്തർ ദർശനത്തിനായി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.
കട്ടിളപാളി കേസിലും ദ്വാരപാലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്.
Kerala
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ഹൈക്കോടതി വിമർശിച്ചു.
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം. ടെൻഡർ നടപടികൾ പാലിക്കാതിരുന്നതിന് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പോൺസർഷിപ്പ് തുകയേക്കാൾ പണം ചെലവഴിച്ചതിലും കോടതി രൂക്ഷ വിമർശനം നടത്തി.
ജിഎസ്ടി ഒഴിവാക്കിക്കൊണ്ടാണ് ഐഐഐസി മൂന്ന് സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകിയതെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും ഉപകരാർ നൽകിയതും ജിഎസ്ടി ഒഴിവാക്കിയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് അയ്യപ്പസംഗമം നടത്തുമെന്ന ബോർഡിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഇതേ തുടർന്ന് ദേവസ്വം ബോർഡിന്റെ മുൻകാല ഓഡിറ്റ് കണക്കുകളും ഹൈക്കോടതി പരിശോധിക്കും.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ടെത്തിയ സാമ്പത്തിക അപാകതകൾ ഓഡിറ്റർ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Kerala
കൊച്ചി: ശബരി റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 1900 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ പദ്ധതി ചെലവായ 3,800 കോടി രൂപയുടെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന മുൻ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് തുക അനുവദിച്ചത്. കിഫ്ബി പിന്തുണയോടെയാകും തുക ലഭ്യമാക്കുക.
പദ്ധതിക്കായി നിർദിഷ്ട അലൈൻമെന്റ് അനുസരിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാൻ അതതു ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പിനും നിർദേശം നൽകി.
എറണാകുളം ജില്ലയിൽ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടറും, ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനവും തുടർനടപടികളും വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
അങ്കമാലി മുതൽ എരുമേലിവരെ നിർമിക്കുന്ന ശബരി പാതയുടെ ആകെ ദൂരം 111 കിലോമീറ്ററാണ്. 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതുവരെ നിർമിച്ചത് അങ്കമാലി മുതൽ കാലടി വരെ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെയുള്ള പാലവുമാണ്. പാതയ്ക്കായി വർഷങ്ങൾക്കു മുമ്പ് സർവേ നടത്തി അടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഭൂവുടമകൾ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ ആശങ്കയിലായിരുന്നു.
പദ്ധതിച്ചെലവ് വഹിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായിരുന്ന തർക്കമാണ് പാത നിർമാണ നടപടികൾ നീണ്ടുപോകാൻ കാരണം. ചെലവിൽ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധതയറിയിച്ചതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് ഭൂവുടമകളുടെയും മറ്റുള്ളവരുടെയും പ്രതീക്ഷ.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഹാജരാകാനാണ് പറഞ്ഞിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് തന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിക്ക് 41-ാം ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഗൂഢാലോചന നടന്നതിനു തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. സ്വകാര്യ സ്ഥാപനത്തില്‍ തന്ത്രിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്. എന്നാല്‍ പണം കൈമാറിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.
തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിരുന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം രാജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ നടന് ജയറാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. വാസുവിനെ കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.