ശബരിമല
പമ്പ: ശബരിമല ക്ഷേത്ര നട തുറന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ക്ഷേത്രനട തുറന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്ന ചടങ്ങിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചത്.
തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തൻ കാർമികത്വം വഹിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ നടതുറക്കുന്ന വേളയിൽ പതിനെട്ടാം പടിക്ക് താഴെയായി നിലകൊണ്ടിരുന്നു. തുടർന്ന് ആഴിയിൽ അഗ്നി പകർന്ന ശേഷം നിലവിലെ മേൽശാന്തിമാർ പുതിയ മേൽശാന്തിമാരെ സോപാനത്തേക്ക് ആനയിച്ചു.
വൈകീട്ട് 06:30-ഓടെ സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തിങ്കളാഴ്ച മറ്റ് പൂജകൾ ഉണ്ടായിരിക്കില്ല.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ മണ്ഡലകാലത്തിന് ഔദ്യോഗികമായി തുടക്കമാകും. ഡിസംബർ 27-നാണ് മണ്ഡലപൂജ. അന്നു രാത്രി നടയടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും.
മകരവിളക്ക് തീർഥാടനത്തിനായി 30-ന് വൈകീട്ട് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് നട അടയ്ക്കും. നടതുറന്ന ആദ്യദിവസം തന്നെ സന്നിധാനത്ത് ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Tags : Sabarimala Temple Festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash