District News
മണര്‍കാട്: തെക്കന്‍ സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളിക്കായി തെരച്ചില്‍ ഊര്‍ജിതം. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പറേഷന് (എന്‍എച്ച്പിസി) സിക്കിം യൂണിറ്റ് സീനിയര്‍ മാനേജരും ജിയോളജിസ്റ്റുമായ കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്‍ (43) ഉള്‍പ്പെടെ അഞ്ചുപേരാണ് ഉള്ളില്‍ കുടുങ്ങിയത്. രക്ഷാദൗത്യം തുടരുകയാണ്.
നാംചി ജില്ലയിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതിയുടെ നാലാംഘട്ടമായി നിര്‍മിക്കുന്ന ഏഴു കിലോമീറ്റര്‍ തുരങ്കത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്. അണക്കെട്ടില്‍നിന്നു വൈദ്യുതോത്പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. തുരങ്കത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകം സ്ഫോടനാത്മകമായത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പതിവ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരും തൊഴിലാളികളും തുരങ്കത്തിനകത്ത് പ്രവേശിച്ചപ്പോഴാണ് മണ്ണിടിച്ചില്‍. ഖനിയപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബംഗാളില്‍നിന്നുള്ള വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തെത്തി.
മണ്ണിടിഞ്ഞ് കാണാതായ മണര്‍കാട് കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ നാടും ബന്ധുക്കളും പ്രാര്‍ഥനയിലാണ്. കനത്തമഴയില്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നതായാണ് സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം. അനീഷ് പഠിച്ച കോട്ടയം ഗവണ്മെന്റ് കോളജ് ജിയോളജി വിഭാഗം മേധാവിയെ തിങ്കളാഴ്ച രാത്രി എട്ടോടെ എന്‍എച്ച്പിസി ഉദ്യോഗസ്ഥ വിളിച്ച് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണു വിവരം നാട്ടിലറിയുന്നത്.
അനീഷിന്റെ അബുദാബിയിലുള്ള സഹോദരന് ബിനീഷിനെയും കമ്പനി അധികൃതര്‍ വിളിച്ചു. അനീഷിന്റെ ഭാര്യ ഡോ. സംഗീത, ഇവരുടെ സഹോദരന് ബിനീഷ് എന്നിവരെ എന്‍എച്ച്പിസി ഉദ്യോഗസ്ഥര്‍ ദില്ലിയില്‍നിന്ന് വിമാനമാര്‍ഗം സിക്കിമിലെത്തിച്ചു. കോട്ടയം ഗവണ്മെന്റ് കോളജില്‍ 2001-2004 വര്‍ഷത്തില്‍ ജിയോളജിയില്‍ ബിരുദവും 2004-2006 വര്‍ഷം ബിരുദാനന്തബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011ലാണ് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പറേഷന് ഹരിയാനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്കു താമസം മാറ്റി.
മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടില്‍ തോട്ടയ്ക്കാട്ട് ഗവണ്മെന്റ് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന പിതാവ് പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. മോശമായ കാലാവസ്ഥമൂലം അപകടസ്ഥലത്തുനിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമുണ്ടെന്ന് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
National
ന്യൂഡൽഹി: സിക്കിമിലെ നാംചിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്.
നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കൾ മാത്രമാണ് നിലവിൽ കോട്ടയത്തെ വീട്ടിലുള്ളത്.
വിവരം അറിഞ്ഞതിനെതുടർന്ന് ദുബായിലുള്ള സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഡൽഹിയിലെത്തിയിട്ടുണ്ട്. സയൻസ് വ്ലോഗർ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമിൽനിന്നുള്ള വിവരം.
National
ഗാംഗ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ ഉൾപ്പടെയുള്ളവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി. അപകടത്തിൽ എട്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് മോഹൻ അറിയപ്പെടുന്ന സയൻസ് വ്ലോഗറും ശാസ്ത്രലേഖകനുമാണ്.
നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസപ്പെടുത്തി വൻ മണ്ണിടിച്ചിലുണ്ടായത്. ഈ സമയം നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലിയേർപ്പെട്ടിരിക്കുകയായിരുന്നു. കവാടം പൂർണമായി മൂടിയതും അതിനുപിന്നാലെ മീഥെയ്ൻ വാതക ചോർച്ചയും ദൗത്യസംഘത്തിന് വലിയ ഭീഷണിയാകുന്നുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിക്കിം പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്ത രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിൽ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാംഗ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തസമയത്ത് തുരങ്കത്തിനുള്ളിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുരങ്കത്തിനുള്ളിലെ മങ്ങിയ കാഴ്ചപരിധിയും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഉള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
National
നാംചി: സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാംസി ജില്ലയിലെ സമ്മർദുംഗ് തുരങ്കത്തിലായിരുന്നു തിങ്കളാഴ്ച അപകടമുണ്ടായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തുരങ്കമുണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
National
ഗ്യാങ്ടോക്: കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ നിർമാണത്തിലിരിക്കുന്ന ഭൂഗർഭ തുരങ്കത്തിൽ 12 തൊഴിലാളികൾ കുടുങ്ങി.
നാംചിയിലെ സമാർദുംഗ് തുരങ്കത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു.
തുരങ്കത്തിനുള്ളിലെ വാതകച്ചോർച്ചയാണ് മറ്റൊരു പ്രതിസന്ധി. പാറയുടെ അടിയിൽ രൂപപ്പെടുന്ന വാതകം മണ്ണിടിച്ചിൽമൂലം പുറത്തേക്കു വമിച്ചതാണെന്നാണ് സംശയം.
National
ആ വാർത്ത, ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വന്യജീവി പ്രേമികൾക്കും അദ്ഭുതവും ആവേശവും പകരുന്നതായി. സിക്കിമിലെ ഹിമാലയൻ മലനിരകളിൽ ഒരു പ്രേതത്തെ കണ്ടെത്തിയിരിക്കുന്നു! മാത്രമല്ല, ആ പ്രേതം കാമറക്കണ്ണിൽ കുടുങ്ങുകയും ചെയ്തു!
അതീവരഹസ്യമായി സഞ്ചരിക്കുന്ന, പ്രേതം നിസാരക്കാരനല്ല! മലനിരകളിലെ പ്രേതം (Ghost of the mountains) എന്നറിയപ്പെടുന്ന യുറേഷ്യൻ ലിൻക്സ് (Eurasian Lynx) എന്ന അപൂർവയിനം കാട്ടുപൂച്ചയാണത്! ഹിമാലയൻ മലനിരകളിൽ കണ്ടെത്തിയ കാട്ടുപൂച്ചയുടെ അപൂർവചിത്രങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പൂച്ചവർഗത്തിൽപ്പെട്ട, എന്നാൽ സാധാരണ പൂച്ചകളേക്കാൾ വലിപ്പമുള്ള യുറേഷ്യൻ ലിൻക്സുകൾ മഞ്ഞുമൂടിയ ഉയർന്ന മലനിരകളിലാണ് ജീവിക്കുന്നത്. മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ, അതീവ രഹസ്യമായാണ് ഇവരുടെ സഞ്ചാരം. കാട്ടുപൂച്ചകളുടെ ഈ സ്വഭാവമാണ് ഇവയ്ക്കു മലനിരകളിലെ പ്രേതം - എന്നു പേരുവരാൻ കാരണം. ഇന്ത്യയിൽ സാധാരണയായി ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്കൻ ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടാറുള്ള ജീവിയെ ആദ്യമായാണ് സിക്കിം പോലുള്ള ഒരു വടക്ക്-കിഴക്കൻ സംസ്ഥാനത്ത് കണ്ടെത്തുന്നത്.
സിക്കിമിലെ ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന വൈൽഡ് ലൈഫ് കാമറ ട്രാപ്പിലാണ് അപൂർവ ദൃശ്യങ്ങൾ പതിഞ്ഞത്. അതിശൈത്യത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കട്ടിയുള്ള രോമക്കുപ്പായവും ശരീരപ്രകൃതിയുമുള്ള ഈ വന്യജീവി സിക്കിമിലുമുണ്ടെന്ന കണ്ടെത്തൽ അവിടുത്തെ ജൈവവൈവിധ്യം വ്യക്തമാക്കുന്നു. മേഖലയിലെ പരിസ്ഥിതിവ്യവസ്ഥ ഇപ്പോഴും ആരോഗ്യകരമായി തുടരുന്നു എന്നതിന്റെ സൂചനയായും ഗവേഷകർ ഇതിനെ കണക്കാക്കുന്നു. കണ്ടെത്തലോടെ, വരും ദിവസങ്ങളിൽ സിക്കിമിലെ ഉയർന്ന ഹിമാലയൻ മേഖലകളിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വനംവകുപ്പ് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്.
National
ബംഗളൂരു: സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് കൊല്ലപ്പെട്ടത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ച ആണ് കേസിലെ പ്രതി.
ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഒരു ഹോട്ടലിലെ വെയ്റ്ററാണ് പുർബ ലെപ്ച.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ബംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാംഗ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
National
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റും ജനജീവിതം ദുഃസഹമാക്കുന്നു. ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും മലകളും തുടർച്ചയായ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഡൽഹിയിലും ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ഇന്നലെ ആറു ഡിഗ്രി സെൽഷസ് വരെ താഴ്ന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇന്നും നാളെയും കുറഞ്ഞ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രി സെൽഷസ് വരെ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശൈത്യക്കാറ്റ് തണുപ്പിന്റെ തീവ്രത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പെയ്ത മഴയും മലന്പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയും മൂലം താപനില വീണ്ടും താഴ്ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശീതക്കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. പകൽസമയങ്ങളിലും വെയിൽ കുറവാകും.
ഉത്തരാഖണ്ഡിലെ ഗർവാൾ, കുമയോണ്‍ ഡിവിഷനുകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, നൈനിറ്റാൾ, മണാലി, മസൂറി, ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, ഔലി, ചക്രത, ധനോൾട്ടി, മുൻസിയാരി തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയും ശീതക്കാറ്റും സാധാരണജീവിതം താറുമാറാക്കി. ഉയർന്ന പ്രദേശങ്ങൾ കട്ടിയുള്ള വെളുത്ത പുതപ്പിൽ മൂടപ്പെട്ടു.
മണാലിയിലെ മഞ്ഞിൽ നിരവധി വാഹനങ്ങളും വിനോദസഞ്ചാരികളും തെന്നി താഴേക്കുപോയെങ്കിലും വലിയ അപകടം ഒഴിവായി. നൈനിറ്റാൾ നഗരത്തിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവുമുണ്ടായി. നൈനിറ്റാളിലെ ചൈന പീക്ക്, കിൽബറി, അൽമോറയിലെ ദുനഗിരി, പൗരിയിലെ തർക്കേശ്വർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുമൂടി. വെള്ളിയാഴ്ചയാണു പലയിടങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്.
Sports
ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനായി ഫുഡ് പോയിസണിനെത്തുടര്ന്ന് ശുഭ്മാന്‍ ഗില്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ അര്‍ഷദീപ് സിംഗിന്റെ മിന്നും ബൗളിംഗ്.
34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപിന്റെ ബൗളിംഗിലൂടെ പഞ്ചാബ് എതിരാളികളായ സിക്കിമിനെ 22.2 ഓവറില്‍ 75നു പുറത്താക്കി. തുടര്‍ന്ന് 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഋഷഭ് പന്ത് അര്‍ധസെഞ്ചുറി (37 പന്തില്‍ 67 നോട്ടൗട്ട്) നേടിയ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡല്‍ഹി എട്ട് വിക്കറ്റിന് സര്‍വീസസിനെ പരാജയപ്പെടുത്തി.