Movies
അമ്മയായ ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കിയാര അദ്വാനി. താരസുന്ദരിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ചിത്രത്തിനായി കിയാരയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം റിലീസിനു മുമ്പുതന്നെ വിവാദങ്ങളിലും ചർച്ചകളിലും കുടുങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിലെ ചില പ്രത്യേക രംഗങ്ങളെക്കുറിച്ച് കിയാര നിർമാതാക്കളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും ഇതോടെ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സംബന്ധിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
ഗുൾട്ടെയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ അന്തിമ ഔട്ട്പുട്ട് കണ്ട ശേഷം, കിയാര അദ്വാനി സംവിധായിക ഗീതു മോഹൻദാസിനോടും നടൻ യാഷിനോടും ഒരു പ്രത്യേക അഭ്യർഥന നടത്തിയെന്നാണ്. ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ നീക്കം ചെയ്യാനോ ദൈർഘ്യം കുറയ്ക്കാനോ കിയാര ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.
കിയാരയും യാഷും ഒന്നിച്ചു ചില ബോൾഡ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷൂട്ടിംഗിനിടെ, കിയാരയുടെ കംഫർട്ട് സോൺ മനസിൽ വെച്ചുകൊണ്ട് ഈ രംഗങ്ങൾ ചിത്രീകരിക്കുമെന്ന് സംവിധായിക അവർക്ക് ഉറപ്പ് നൽകി. എന്നിരുന്നാലും, സ്ക്രീനിൽ അവസാന എഡിറ്റ് കണ്ടതോടെ, ഈ രംഗങ്ങളുടെ അവതരണം താൻ വിഭാവനം ചെയ്തതിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് നടിക്ക് തോന്നി. അതോടെയാണ് ഒരു മാറ്റത്തിനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചത്.
ടോക്സിക് എന്ന സിനിമയുടെ നിർമാതാക്കളോട് കിയാര അദ്വാനി ആ രംഗങ്ങൾ ഗണ്യമായി കുറയ്ക്കുകയോ അവസാന ഘട്ടത്തിൽ അവയുടെ തീവ്രത കുറയ്ക്കുകയോ ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. അമ്മയായ ശേഷം പുതിയൊരു യാത്ര ആരംഭിക്കുന്ന കിയാര, തന്റെ സ്ക്രീൻ ഇമേജിനെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നതുകൊണ്ടാണ് ഇങ്ങനെയൊരാവശ്യം മുന്നോട്ടുവച്ചതെന്നാണ് വിവരം.
അതേസമയം കിയാര അദ്വാനിയോ സിനിമയുടെ നിർമാണ സ്ഥാപനമോ ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. നേരത്തെ ചില രംഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. ടീസർ പുറത്തു വന്നതോടെ അതിലെ ഒരു രംഗത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്.
"ടോക്സിക്" എന്ന സിനിമയുടെ റിലീസ് തീയതി രണ്ടുതവണ മാറ്റിവച്ചിരുന്നു. പുതിയ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Movies
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിക്കിന്റെ റിലീസ് വീണ്ടും നീട്ടിവച്ചു. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവന്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം.
രാജ്യാന്തരതലത്തിലുള്ള സ്റ്റുഡിയോസ് സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ഇതിലൂടെ വിപുലമായ ഗ്ലോബൽ റിലീസിന് അവസരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് റിലീസ് നീട്ടുന്നത്.
‘‘ചില സിനിമകൾ നമ്മൾ ഉണ്ടാക്കുന്നു, മറ്റു ചിലത് നമ്മൾ സിനിമയെ സ്നേഹിക്കാൻ കാരണമായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ‘ടോക്സിക്’ അങ്ങനെയൊരു യാത്രയായിരുന്നു. CinemaCon-ൽ ഞങ്ങളുടെ സിനിമ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള വലിയ പ്രതികരണം കാണുകയും ചെയ്തപ്പോൾ ഞങ്ങൾ എപ്പോഴും വിശ്വസിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി വ്യക്തമായി - ഈ സിനിമയ്ക്ക് ലോകമെമ്പാടും അതിന്റെ പൂർണമായ സാധ്യതകളിൽ എത്താൻ അർഹതയുണ്ട്.
ടോക്സിക്’ പൂർത്തിയായി, നിലവിൽ ഞങ്ങൾ ആഗോളതലത്തിലുള്ള വിതരണവും പങ്കാളിത്തവും ക്രമീകരിച്ചു വരികയാണ്. ഇതിന്റെ വെളിച്ചത്തിൽ, റിലീസ് സമയം പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
മുൻപ് അറിയിച്ചതുപോലെ ജൂൺ നാലിന് റിലീസ് ചെയ്യില്ലെങ്കിലും, പിന്നീട് ലോകമെമ്പാടും ഒരുമിച്ച് ഒരേസമയം റിലീസ് ചെയ്യും. ഉടൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ഇന്ത്യൻ സിനിമ അലോകവേദിയിൽ വലിയ വാഗ്ദാനങ്ങളോടെ ചുവടുറപ്പിക്കുമ്പോൾ, ഓരോരുത്തർക്കും നിലവാരം ഉയർത്താനുള്ള ഉത്തരവാദിത്തമുണ്ട്.
ഒരു നടൻ-നിർമാതാവ് എന്ന നിലയിൽ, ഇന്ത്യൻ സിനിമാ വ്യവസായത്തിനും നമ്മൾ എല്ലാവർക്കും വേണ്ടി എന്റെ ഭാഗം ചെയ്യാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു, നമ്മുടെ സിനിമ ലോകത്തിൽ അതിന്റെ ഉദ്ദേശിച്ച ഫലത്തോടെ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഓരോ ചുവടിലും ഓരോ മാറ്റത്തിലും, നിങ്ങളുടെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു, ഞാൻ അതിനെ വലിയ കൃതജ്ഞതയോടെ കൊണ്ടുപോകുന്നു. ചില കഥകൾക്ക് ക്ഷമ ആവശ്യമാണ്.
ചില യാത്രകൾക്ക് അത് നിർബന്ധമാണ്. ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഒരു സിനിമ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി നിലനിൽക്കുന്ന ഒരു സിനിമ.’’–യഷിന്റെ വാക്കുകൾ.
Movies
എട്ടുവർഷത്തിന് ശേഷം താടിയെടുത്ത് യാഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് സിനിമയ്ക്കു വേണ്ടിയാണ് നടന്റെ മേക്കോവർ. എട്ടു വർഷമാണ് താരം ഈ താടിയുമായി മുന്നോട്ട് പോയത്.
സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് താടിവടിച്ചുള്ള യാഷിനെ അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇത് എഐ ആണെന്നും മറ്റൊരു നടൻ ആണ് ഈ ഗെറ്റപ്പിലെത്തുന്നതെന്നുമൊക്കെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള തന്റെ തയാറെടുപ്പിന്റെ വീഡിയോ യാഷിന്റെ ടീം തന്നെ പുറത്തുവിട്ടിരിക്കുന്നു.
കെജിഎഫ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരണം പൂർത്തിയാക്കിയ 2018ലാണ് യാഷ് ഇതിനു മുമ്പ് താടിയെടുത്തത്. പിന്നീട് ‘കെജിഎഫ് 2’ റിലീസ് ചെയ്തതിനുശേഷം യാഷ് താടി വടിച്ചിട്ടില്ല.
Movies
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. ആദ്യമിറങ്ങിയ ടീസറിൽ സെക്സ് രംഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ മുഴുവൻ വയലൻസാണ്.
Movies
ഗീതു മോഹൻദാസിന്റെ ടോക്സിക് ടീസർ ചർച്ചകളിൽ നിറഞ്ഞതിന് പിന്നാലെ കസബ സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധേയമാകുന്നു. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്താണ് കസബ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ഗീതുവിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
മലയാളത്തിൽ ഒരു മാസ് പടം വന്നപ്പോൾ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ, കന്നഡയിൽ പോയി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമ എടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ പറയുന്നത്.
‘നിങ്ങൾ കെട്ടിയാടുന്ന ആ 'കപട വ്യക്തിത്വം' നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും. അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’’–സക്കറിയയുടെ ഈ വരികളാണ് നിഥിൻ പങ്കുവച്ചത്.
2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു.
അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ സേ ഇറ്റ്, സേ ഇറ്റ് എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിഥിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.
Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ടോക്സിക്കിന്റെ ടീസറിനെ സംബന്ധിച്ച് വിവാദങ്ങൾ കത്തിപ്പടരുകയാണ്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ കസബ ഒരു വരവുകൂടി വരുമെന്ന് നിർമാതാവ് ജോബി ജോർജ് കുറിച്ചത്.
ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ടീസർ പുറത്ത് വന്ന് വിവാദമായതിന് പിന്നാലെയാണ് രാജൻ സക്കറിയുടെ രണ്ടാം വരവിനെ പറ്റി നിർമാതാവ് പ്രഖ്യാപിച്ചത്.
എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണോ അതോ ചിത്രം റീറിലീസായി വീണ്ടും തിയറ്ററുകളിലെത്തും എന്നാണോ ജോബി ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ ഗീതു മോഹൻദാസും പാർവതിയുമുൾപ്പെടെയുള്ളവർ വലിയ വിമർശനങ്ങളുമായെത്തിയിരുന്നു.
കസബയിൽ സ്ത്രീവിരുദ്ധത ആരോപിച്ച ഗീതു സംവിധാനം ചെയ്യുന്ന ടോക്സികിന്റെ ടീസറിൽ കടുത്ത സ്ത്രീവിരുദ്ധതയുണ്ട് എന്നാരോപിച്ച് വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
Movies
സിനിമ എന്നത് പലപ്പോഴും പുരുഷാധിപത്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന ഇടമായിരുന്നു, പ്രത്യേകിച്ച് മാസ് ആക്ഷന്‍ സിനിമകള്‍. എന്നാല്‍ ആ കീഴ്വഴക്കങ്ങളെയും സങ്കല്‍പ്പങ്ങളെയും ഒറ്റ ടീസര്‍ കൊണ്ട് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഗീതു മോഹന്‍ദാസ്.
കന്നഡ താരം യാഷിന്റെ നാല്പതാം ജന്മദിനത്തില് പുറത്തുവന്ന ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ് അപ്സ്- എന്ന ചിത്രത്തിന്റെ ടീസര്‍ സിനിമയുടെ പ്രൊമോ എന്നതിലുപരി ഒരു സംവിധായികയുടെ കരുത്തിന്റെ പ്രഖ്യാപനമായി മാറുകയാണ്.
വര്‍മയെ അമ്പരപ്പിച്ച ഗീതു
ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ പുരുഷ സംവിധായകര്‍ പോലും പരീക്ഷിക്കാന്‍ മടിക്കുന്ന ദൃശ്യഭാഷയാണ് ഗീതു ടോക്സിക്കില്‍ പരീക്ഷിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകന് റാം ഗോപാല്‍ വര്‍മയുടെ പ്രതികരണം തന്നെ ഇതിന് വലിയ തെളിവ്.
ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നും ഈ സിനിമ ഗീതു മോഹൻദാസ് സംവിധാനം ചെയ്തതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാം ഗോപാൽ വർമ കുറിച്ചു.
രാം ഗോപാൽ വർമയുടെ വാക്കുകൾ
‘‘യാഷ് അഭിനയിക്കുന്ന ടോക്സിക്കിന്റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം.
ഈ സ്ത്രീയുടെ അത്രയും ചങ്കൂറ്റമുള്ള ഒരു പുരുഷ സംവിധായകൻ പോലുമില്ല. ഇത് ചിത്രീകരിച്ചത് അവരാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’’ രാം ഗോപാൽ വർമയുടെ പ്രശംസ ഇങ്ങനെ.
Movies
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നായകൻ യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റീലീസ്. ആക്ഷനൊപ്പം കടുത്ത രീതിയിലുള്ള ഹോട്ട് രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ടീസറിലും ഇത്തരം രംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് സംവിധായികയായ ഗീതുവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ഉണ്ടായത്.
അതേസമയം ഇന്നിറങ്ങിയ ടീസറിൽ ഒരുപടി കൂടി കടന്നുള്ള ചൂടൻ രംഗങ്ങളാണ് അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത്.
Movies
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ കന്നഡ സൂപ്പർതാരം യാഷിന്റെ ജന്മദിനം പ്രമാണിച്ച് ആരാധകർ വലിയ ആവേശത്തിലാണ്.
ജനുവരി എട്ടിന് താരത്തിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ, അന്ന് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവരുമെന്നാണ് സിനിമാലോകത്തെ സംസാരം.
മാർച്ച് 19ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ നടിമാർക്കൊപ്പം രുക്മിണി വസന്ത്, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിസംബർ മുതൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു തുടങ്ങിയിരുന്നു.
ഇത് ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരണം പൂർത്തിയാക്കുന്ന ടോക്സിക്, മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക.
കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ തന്നെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പിറന്നാൾ ദിനത്തിൽ ട്രെയിലർ കൂടി എത്തുന്നതോടെ ആഘോഷങ്ങൾ ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Movies
നിരവധി വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്-എന്ന ചിത്രത്തിലെ ബോളിവുഡ് താരം കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ചിത്രത്തിന്റെ നായകനും കോ പ്രൊഡ്യൂസറുമായ യാഷ് ആണ് കിയാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. കിയാര അദ്വാനിയെ നാദിയയായി അവതരിപ്പിക്കുന്നു- ടോക്സിക്: ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്- പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് യാഷ് എഴുതി. സമൂഹമാധ്യമങ്ങളില്‍ കിയാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി.
ഉയര്‍ന്ന സ്ലിറ്റുള്ള, തറയോളം നീളമുള്ള കറുത്ത ഗൗണ്‍ ആണ് കിയാരയുടെ വേഷം. തിളങ്ങുന്ന സ്റ്റേജ് ലൈറ്റുകള്‍ക്ക് കീഴില്‍, സ്വര്ണക്കടലാസുകള് വിതറിയ, പ്രകാശമുള്ള വേദിയില്‍ ആത്മവിശ്വാസത്തോടെ നാദിയ നില്ക്കുന്നതായി കാണാം. സര്‍ക്കസ് പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വിഷാദച്ഛായയാണ് കിയാരയുടെ മുഖത്തിന്.
യാഷ്, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പം ഷോയില്‍ ജെയിംസ്, ഡാരെല്‍ ഡി സില്‍വ, നയന്‍താര, അക്ഷയ് ഒബ്രോയി, ഹുമ ഖുറേഷി, ബെനഡിക്ട് ഗാരറ്റ്, സുദേവ് നായര്‍, നതാലി ബേണ്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം കെവിഎന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആബിദ് ടി.പി, കലാസംവിധാനം മിത്രരാജ് ചൗധരി, മോഹന്‍ ബി. കെരെ. 2026 മാര്‍ച്ച് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.