യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നായകൻ യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റീലീസ്. ആക്ഷനൊപ്പം കടുത്ത രീതിയിലുള്ള ഹോട്ട് രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ടീസറിലും ഇത്തരം രംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് സംവിധായികയായ ഗീതുവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ഉണ്ടായത്.
അതേസമയം ഇന്നിറങ്ങിയ ടീസറിൽ ഒരുപടി കൂടി കടന്നുള്ള ചൂടൻ രംഗങ്ങളാണ് അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരണം പൂർത്തിയാക്കുന്ന ടോക്സിക്, മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക.
കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ തന്നെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം.
സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷന് കൊറിയോഗ്രഫി നിർവഹിക്കുന്നത്. പിആർഓ: പ്രതീഷ് ശേഖർ.
Tags : Yash Toxic Geetu Mohandas