Kerala
തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാക്കള്‍ സ്വന്തം രക്തസാക്ഷിയുടെ കുടുംബത്തിന് നല്‍കേണ്ട പണത്തില്പ്പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വി. കുഞ്ഞികൃഷ്ണന് ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണങ്ങളില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നിന്നായി ഒരു കോടിയിലേറെ രൂപ വെട്ടിച്ചെന്ന ആരോപണം ഗൗരവതരമാണ്. ഇതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം കോടതിക്ക് മുകളിലല്ല, പാര്‍ട്ടിക്ക് സ്വന്തമായി കോടതിയുള്ളതിനാല് പോലീസില്‍ പരാതി നല്‍കില്ലെന്ന സിപിഎം നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.
നാട്ടിലെ നിയമം എല്ലാവര്ക്കും ബാധകമാണെന്നും പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരെ വെള്ളപൂശുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും പയ്യന്നൂര്‍ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ നടപടിയെടുക്കാത്തത് സിപിഎം സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നും സതീശന് ആരോപിച്ചു.
രക്തസാക്ഷികളോട് പോലും ആത്മാര്‍ത്ഥതയില്ലാത്ത സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർക്കൊള്ള കേസിലെ അന്വേഷണത്തിൽ മുരാരി ബാബുവിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യമാണ് കിട്ടിയത്. ഇവർക്കെതിരെ ഒരു ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാത്ത വിധത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ സമ്മർദമാണ് ചെലുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഒരു കീറകടലാസ് പോലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെയും കടകംപള്ളി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്. പകൽ വെളിച്ചത്തിലാണ് എസ്ഐടിയുടെ അടുത്തേക്ക് പോയതെന്നും ചോദ്യം ചെയ്യൽ കഴിഞ്ഞ് തന്റെ കാറിൽ ഓഫീസിലേക്ക് തിരികെ പോയെന്നും കടകംപള്ളി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിന്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്.
എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.
ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്.
അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ. ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്.
എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല.
ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കടകംപള്ളി സുരേന്ദ്രൻ
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെചോദ്യം. യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മറുപടിക്കായി ചിലതു ചോദിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ലൈഫ് മിഷന്
ലൈഫ് മിഷന് അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന് പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല?
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മീഷന് ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?
തുരങ്കപാത
വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിര്‍ക്കുമോ?
തീരദേശ ഹൈവേ
തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നല്കുകയുണ്ടായി. നിലവില്‍ അതും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. എതിര്‍പ്പ് തുടരുന്നുണ്ടോ?
ക്ഷേമ പെന്ഷന്
62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആണ്. ക്ഷേമ പെന്ഷന് കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?
ദേശീയപാതാ വികസനം
ദേശീയപാത പൂര്‍ത്തീകരിക്കുന്നതില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവര്‍ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?
ഗെയില്‍ പൈപ്പ്ലൈൻ
ഗെയില്‍ പൈപ്പ്ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയില്‍ പൈപ്പ്ലൈൻ ഒരു യാഥാർഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?
കിഫ്ബി
കേരളത്തിന്റെ അതിജീവന ബദലായി ഉയര്‍ന്ന കിഫ്ബി വഴി അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോക്കിയപ്പോള്‍ അതിനും കൂട്ടുനില്‍ക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?
കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി
അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കിട്ടുന്നതിന് തടസമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാന്‍ പാര്‍ലമെന്റില്‍പോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?
കേരള ബാങ്ക്
കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവില്‍ വന്നില്ലേ? ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?
കെ ഫോണ്‍
കെ ഫോണ്‍ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?
ചൂരല്‍മല-മുണ്ടക്കൈ
ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വീട് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോണ്‍ഗ്രസ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വയ്ക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വയ്ക്കുന്നത് എന്നും വെളിപ്പെടുത്താമോ?
കെ-റെയില്‍
സില്‍വര്‍ ലൈനിന്റെ കുറ്റി പറിക്കാന്‍ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റെയില്‍പാത വേണ്ട എന്നു അഭിപ്രായമുണ്ടോ?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. അവയെല്ലാം ചേര്‍ത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ?
എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തരൂരിന്റെ ലേഖനത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
തരൂര്‍ കോണ്‍ഗ്രസ് പ്രവര്ത്തകസമിതിയംഗമാണ്. സംസ്ഥാന നേതാക്കളെന്ന നിലയില്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല.
ലേഖനം തന്റെ ശ്രദ്ധയില്‍പ്പെട്ടു. അതേക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചെന്നും തരൂർ പറയുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം രണ്ട് മന്ത്രിമാരാണ് അവിടെ വന്ന് പ്രസംഗിച്ചതെന്ന് സതീശന് വിമര്‍ശിച്ചു.
അത് അടച്ചിട്ട കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതിന് കാരണം. പിന്നീട് ചാണ്ടി ഉമ്മന്‍ എംഎല്‍എ വന്ന് ബഹളം വച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖല ആകെ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ളിടത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല. ആരോഗ്യമേഖലയിലെ അഴിമതികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്ന് സതീശൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വിജയം വ്യക്തികേന്ദ്രീകൃതമല്ല. അതിന് പിന്നില്‍ ടീം യുഡിഎഫ് ആണെന്നും സതീശന് പ്രതികരിച്ചു.
താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. അന്ന് തന്നെയാരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാജ്ഭവനില്‍ ആദ്യം ചിത്രം വച്ചപ്പോള്‍ എന്തുകൊണ്ട് ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന് ചോദിച്ചു.
കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ചിത്രം വച്ചപ്പോള്‍ ശക്തമായി നിലപാടെടുത്തില്ല. രാജ്ഭവന് രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയതിന് സര്‍ക്കാര്‍ അന്നേ ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമായിരുന്നു.
അത് ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മിണ്ടിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.