ജടായുപ്പാറ
സിനിമയിലെ ജടായു രാവണ പോരാട്ടം കണ്ടവർ ഇപ്പോൾ നേരിട്ട് കാണാൻ എത്തുന്നത് കേരളത്തിലെ 750 അടി ഉയരമുള്ള ആ പാറയിലേക്കാണ് . ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ ഒരേ ഒരു ചിത്രമാണ്,ചിറക് വിരിച്ച് കിടക്കുന്ന ഒരു ഭീമൻ പക്ഷി. അതിന് മുകളിൽ സൂര്യൻ അസ്തമിക്കുന്നു. താഴെ നൂറുകണക്കിന് ആളുകൾ.അതാണ് ജടായുപ്പാറ. ചടയമംഗലം.
'രാമായണം' സിനിമ റിലീസ് ചെയ്തതിന് പിന്നാലെ, ഓൺലൈൻ മീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ജടായുപ്പാറ. ഇത് ചെറിയൊരു ഹൈപ്പ് അല്ല,അതിന് പിന്നിൽ ഒരു വലിയ വികാരമുണ്ട്.
സിനിമയിൽ കരഞ്ഞവർ, ഇപ്പോൾ ചടയമംഗലത്തേക്ക്
സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ഏതാണ് എന്ന് ചോദിച്ചാൽ, മിക്കവരും പറയും ജടായുവിന്റെ രംഗമാണ് എന്ന്.സീതയെ രക്ഷിക്കാൻ, തന്റെ ജീവൻ പോലും പണയം വെച്ച് രാവണനോട് പോരാടിയ ജടായു. ചിറക് അറുക്കപ്പെട്ട് വീണ ജടായു. അവസാനം ശ്രീരാമന്റെ മടിയിൽ കിടന്ന് മോക്ഷം നേടിയ ജടായു.ആ രംഗം കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാകില്ല. തിയേറ്റർ വിട്ടിറങ്ങിയപ്പോൾ എല്ലാവരും ചോദിച്ചത് ഒരേ ചോദ്യം - "ഈ ജടായു ശരിക്കും ഉണ്ടായിരുന്നോ? അവൻ വീണത് എവിടെയാണ്?
"ഉത്തരം തേടി അവർ ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയത് ഒരേ പേര്. ചടയമംഗലം. കൊല്ലം. കേരളം.അതോടെയാണ് ജടായുപ്പാറ വീണ്ടും ഹൈപ്പായി മാറിയത്.ജടായു മംഗലം എന്ന ചടയമംഗലം ജടായു വീണ സ്ഥലമാണ് ചടയമംഗലം എന്നാണ് ഐതിഹ്യം. 'ജടായു മംഗലം' ലോപിച്ചാണ് ചടയമംഗലം ആയത്. ജടായുവിന് മോക്ഷം, അതായത് മംഗലം കിട്ടിയ സ്ഥലം.ശ്രീരാമൻ ഇവിടെ വന്ന് ജടായുവിനെ മടിയിൽ കിടത്തി ആശ്വസിപ്പിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ മണ്ണിന് ഇത്രയും പവിത്രത.
ലോകത്തെ ഞെട്ടിച്ച ശിൽപം
ചടയമംഗലത്ത് 750 അടി ഉയരമുള്ള പാറയുടെ മുകളിലാണ് ആ ഭീമൻ ശിൽപം.200 അടി നീളം, 150 അടി വീതി, 70 അടി ഉയരം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ശിൽപം.പ്രശസ്ത ശിൽപി രാജീവ് അഞ്ചലിന്റെ പത്ത് വർഷത്തെ സ്വപ്നമ്ണ് ഇത്. "എന്റെ നാടിന്റെ കഥ ലോകം അറിയണം" എന്ന ആഗ്രഹത്തിൽ നിന്ന് ഉണ്ടായതാണ് ഈ ശിൽപം.ശിൽപത്തിന്റെ ഉള്ളിൽ ഒരു മ്യൂസിയവുമുണ്ട്. ജടായുവിന്റെ ഉള്ളിൽ കയറി നിന്നാൽ, കേരളത്തിന്റെ പച്ചപ്പ് മുഴുവൻ കാണാം.
മുമ്പും ജടായുപ്പാറയിൽ ആളുകൾ വന്നിരുന്നു. പക്ഷേ ഇപ്പോഴത്തെ തിരക്ക് വേറെയാണ്.കാരണം ഇപ്പോൾ ആളുകൾ വരുന്നത് വെറും ടൂറിസ്റ്റുകളായല്ല. സിനിമ കണ്ട് വികാരം കൊണ്ടവരായാണ്. കുട്ടികളെ രാമായണം പഠിപ്പിക്കാൻ കൊണ്ടുവരുന്ന അച്ഛനമ്മമാരായാണ്. വടക്കേ ഇന്ത്യയിൽ നിന്ന് പോലും കുടുംബമായി വരുന്നവരായാണ്."അച്ഛാ, ഇതാണോ സിനിമയിലെ ജടായു?" എന്ന് ചോദിക്കുന്ന കുട്ടികൾ. "മോനേ, കാണാത്ത ഒരാൾക്ക് വേണ്ടി ജീവൻ കൊടുത്ത പക്ഷിയാണ് ഇത്" എന്ന് പറഞ്ഞുകൊടുക്കുന്ന അമ്മമാർ. ഇതാണ് ഇപ്പോൾ ചടയമംഗലത്തെ കാഴ്ച.
ഇവിടെ കാണാൻ എന്തൊക്കെയുണ്ട്?
1. കേബിൾ കാർ: താഴെ നിന്ന് മുകളിലേക്കുള്ള കേബിൾ കാർ യാത്ര തന്നെ ഒരു അനുഭവമാണ്.
2. രാമപാദം: ശ്രീരാമന്റെ പാദം പതിഞ്ഞ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന രാമപാദത്തിൽ പ്രാർത്ഥിക്കാൻ ഭക്തർ ക്യൂ നിൽക്കുന്നു.
3. അഡ്വഞ്ചർ പാർക്ക്: സിപ്പ് ലൈൻ, റോക്ക് ക്ലൈംബിംഗ് തുടങ്ങിയവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും.
4. സൺസെറ്റ് വ്യൂ: ജടായുവിന്റെ മുകളിൽ നിന്ന് സൂര്യൻ അസ്തമിക്കുന്നത് കാണുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്.