Letters
വിവാഹച്ചടങ്ങിനു ധാരാളിത്തം വേണ്ടെന്ന തീരുമാനം ശുഭോദർക്കം
Sunday, September 25, 2016 1:35 PM IST
വിവാഹാഘോഷങ്ങളിൽ ധൂർത്തും കെടുകാര്യസ്‌ഥതയും അനിയന്ത്രിതമായി പെരുകുന്ന ഇക്കാലത്ത്, വിവാഹസമ്മതച്ചടങ്ങുകൾക്ക് അമിത പ്രാധാന്യം നൽകുന്നതിന് സിഎസ്ഐ ബിഷപ് റവ. കെ.ജി. ദാനിയൽ നിയന്ത്രണമേർ പ്പെടുത്തിയത് ശുഭോദർക്കമാണ്. ജാതിമത ഭേദമെന്ന്യേ വിവാഹച്ചടങ്ങുകളുടെ നിയന്ത്ര ണം അച്ഛനമ്മമാരിൽനിന്നും ബന്ധുക്കളിൽനി ന്നും വീഡിയോഗ്രാഫർമാർ തട്ടിയെടുത്തതോടെ, ഈ രംഗത്തെ ഔചിത്യബോധം പമ്പകടന്നു. ചടങ്ങ് കാമറയിൽ പകർത്തുന്നവർക്കു തങ്ങളുടെ പിന്നിൽ നിൽക്കുന്നവർ വധൂവരന്മാർക്കു വേണ്ടപ്പെട്ടവരാണെന്ന ചിന്തപോലുമില്ലെന്നായി. ചടങ്ങുകൾ വീ ക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കാകട്ടെ, കാമറക്കാരുടെ പുറം കണ്ടു മടങ്ങേണ്ട അവസ്‌ഥയുമായി. ഇതോടെ ക്ഷണിക്കപ്പെട്ടവരുടെ സ്‌ഥാനം മുറ്റത്തും വിരുന്നുശാലയ്ക്കു മുന്നിലുമായി.

വിവാഹങ്ങളിൽ മുഖ്യസ്‌ഥാനം വീഡിയോയ്ക്കു വന്നതോടെ, സമ്മതച്ചടങ്ങു മുതൽക്കേ അനൗചിത്യങ്ങളുടെയും ചപലതകളുടെയും കൂത്തരങ്ങുകളായി മാറി വിവാഹവേദികൾ. വിവാഹസമ്മതം കഴിഞ്ഞവർ, പ്രതിശ്രുത വധൂവരന്മാരാണെന്നും അവർ ഭാര്യാഭർത്താക്കന്മാരായിട്ടില്ലെന്നുമുള്ള വസ്തുത മറന്നുകൊണ്ടുള്ള വേഷം കെട്ടലുകൾ ഏറെ അപഹാസ്യവും അനാശാസ്യവുമാണെന്നു പറയേണ്ടിയിരിക്കുന്നു. ചടങ്ങുകൾ കഴിഞ്ഞാലും വീഡിയോ നിറയ്ക്കുന്നതിനുവേണ്ടി ക്ഷണിക്കപ്പെട്ടവർ കാത്തുനിൽക്കേണ്ടിവരുന്നത് എത്ര സമയമാണ്! ഏതെങ്കിലും കാരണവശാൽ വിവാഹം നടക്കാതെവന്നാൽ കാമറയിൽ പകർത്തപ്പെട്ട ചിത്രങ്ങൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. സദാചാര മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള ഈ ചിത്രമെടുപ്പിന്റെ അനാശാസ്യതയിവിടെയാണ്.

വധൂവരന്മാരെ സംബന്ധിച്ചുള്ള വസ്തുതകൾ പരസ്പരം മറച്ചുവച്ചുകൊണ്ടു നടക്കുന്ന വിവാഹനിശ്ചയങ്ങൾ പിന്നീടു ലംഘിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. ഇപ്രകാരം വിവാഹം നടക്കാതെപോയ പെൺകുട്ടികൾക്കു പിന്നീടു വന്ന വിവാഹം, മുൻവിവാഹനിശ്ചയത്തിലെ ചിത്രങ്ങൾ പരസ്യപ്പെടുത്തി മുടക്കിയിട്ടുള്ള വിരുതന്മാരുമുണ്ട്. വിവാഹത്തിന്റെ പാവനതയെ മുന്നിൽക്കണ്ടുകൊണ്ട്, അതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ചപലതകൾക്കു വിരാമമിടാൻ മുൻകൈയെടുത്ത ബിഷപ് *ഒരു ആത്മീയപിതാവിനു ചേർന്ന നടപടിതന്നെയാണു കൈക്കൊണ്ടത്.

<ആ>ഡോ. സി.ടി. ഫ്രാൻസീസ് ചിറ്റിലപ്പിള്ളി, മുതലക്കോടം