ഗ്രാമീണ ടൂറിസം മാതൃകയ്ക്കു മികച്ച പ്രതികരണം
ഗ്രാമീണ ടൂറിസം മാതൃകയ്ക്കു മികച്ച പ്രതികരണം
Saturday, September 20, 2014 12:33 AM IST
കൊച്ചി: ഗ്രാമീണ ടൂറിസം മാതൃകയ്ക്കു കേരള ട്രാവല്‍ മാര്‍ട്ടില്‍ മികച്ച പ്രതികരണം. രണ്ടു ദിവസംകൊണ്ട് 28 വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരാണു ഗ്രാമീണ ടൂറിസം പാക്കേജ് ബുക്ക് ചെയ്തതെന്ന് ഉത്തരവാദ ടൂറിസം പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പറഞ്ഞു. ഒരു ടൂര്‍ ഓപ്പറേറ്ററിലൂടെ ആയിരത്തോളം ടൂറിസ്റുകളായിരിക്കും തെരഞ്ഞെടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയെന്നും രൂപേഷ്കുമാര്‍ പറഞ്ഞു.

ഗ്രാമീണ ടൂറിസത്തെ ഉത്തരവാദ ടൂറിസമായിട്ടാണു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. കേരളം പരീക്ഷിച്ചു വിജയിച്ച കുമരകം മോഡലിന്റെ ചുവടുപിടിച്ചാണു ഗ്രാമീണ ടൂറിസം അവതരിപ്പിക്കുന്നത്. ഗ്രാമീണ ജനതയ്ക്കും സമ്പദ്ഘടനയ്ക്കും ഏറെ പ്രയോജനം ലഭിക്കുമെന്നതിനു പുറമേ പ്രകൃതിയും സംസ്കാരവും സംരക്ഷിക്കാന്‍ സാധിക്കും. ഗ്രാമീണ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും പ്രാദേശിക കലാരൂപങ്ങളും കരകൌശല ഉത്പന്നങ്ങളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാനും ഇതു വഴിവയ്ക്കും.

ഉത്തരവാദ ടൂറിസം സംസ്ഥാനത്തു നടപ്പിലാക്കിയത് 2008ലാണ്. 2010ല്‍ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തിന് 2011ല്‍ തുടക്കമിട്ടു. 2013ല്‍ സംസ്ഥാനത്തിന്റെ ടൂറിസം നയത്തില്‍ ഉത്തരവാദ ടൂറിസം ഉള്‍പ്പെടുത്തി. ഗോഡ്സ് ഓണ്‍ കണ്‍ട്രി, പീപ്പിള്‍സ് ഓണ്‍ ടൂറിസം എന്നതാണ് ഉത്തരവാദ ടൂറിസത്തിന്റെ ആപ്തവാക്യം. സംസ്ഥാനത്ത് 114 സ്ഥലങ്ങള്‍ ഉത്തരവാദ ടൂറിസത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

കേരളത്തെ വിവാഹ ഡെസ്റിനേഷനാക്കുന്നതിന്റെ ഭാഗമായി മേളയില്‍ അവതരിപ്പിച്ച വിവാഹ ടൂറിസവും ശ്രദ്ധേയമായി. രാജസ്ഥാനാണ് ഇന്ത്യയില്‍ പേരെടുത്ത വിവാഹ ഡെസ്റിനേഷന്‍. എന്നാല്‍ പ്രകൃതിരമണീയമായ കേരളത്തില്‍ സമീപകാലത്തായി കായല്‍പ്പരപ്പും കടല്‍ത്തീരവുമൊക്കെ കേന്ദ്രീകരിച്ചു വിവാഹ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രവണത മുതലെടുക്കുന്നതിന്റെ ഭാഗമായിട്ടാണു കേരളത്തെ വിവാഹ ഡെസ്റിനേഷനാക്കാന്‍ തീരുമാനിച്ചത്. മേളയില്‍ ഇതിനു ലഭിച്ച പ്രതികരണമാവട്ടെ ടൂറിസം രംഗത്തു കേരളത്തിന്റെ പുതിയ കാല്‍വയ്പ്പാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. വിവാഹ ഡെസ്റിനേഷനുകളായി കുമരകം, ആലപ്പുഴ, കൊച്ചി, പൂവാര്‍, കൊല്ലം എന്നിവിടങ്ങളാണു കേരളം അവതരിപ്പിക്കുന്നത്. മികച്ച വിവാഹ ഡെസ്റിനേഷനുകള്‍ പ്രതിനിധികള്‍ക്കായി മേളയില്‍ പരിചയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.