യെമനില്‍ മലയാളി നഴ്സുമാര്‍ കൊടുംദുരിതത്തില്‍
Tuesday, March 31, 2015 12:44 AM IST
കണ്ണൂര്‍: ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ മലയാളി നഴ്സുമാര്‍ കൊടുംദുരിതത്തില്‍. സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഏദന്‍ നഗരത്തിലാണു സ്ഥിതിഗതികള്‍ അതിദയനീയമായിരിക്കുന്നത്.

ഇവിടത്തെ ആശുപത്രികളില്‍ മതിയായ ഭക്ഷണവും വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ദുരിതപൂര്‍ണമായ ജീവിതമാണു തങ്ങള്‍ നയിക്കുന്നതെന്ന് ഏദന്‍ നഗരപ്രാന്തത്തിലെ അല്‍ മന്‍സൂരയിലുള്ള അല്‍ നാക്വിബ് ആശുപത്രിയിലെ നഴ്സായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി പണിക്കപ്പറമ്പില്‍ ലിന്‍സി മര്‍ക്കോസ് ദീപികയോടു പറഞ്ഞു. ഒരാഴ്ചമുമ്പു ശേഖരിച്ച ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും തീര്‍ന്നുകഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നില്‍ ആര്‍ക്കും ഉത്തരമില്ല.

പ്രാണഭയത്താലാണ് ഓരോ നിമിഷവും തങ്ങളിവിടെ കഴിയുന്നത്. വെടിയൊച്ചയും ദീനരോദനങ്ങളും കാരണം രാത്രികാലങ്ങളില്‍ ഉറങ്ങാന്‍പോലുമാകുന്നില്ല. സൈനികരെ വിമതര്‍ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയാണ്. പാതയോരങ്ങളിലെല്ലാം സൈനികരുടെയും വിമതരുടെയും മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യം ദാരുണമാണ്: ലിന്‍സി പറഞ്ഞു.

ലിന്‍സിയ്ക്കൊപ്പം ദുരിതമനുഭവിക്കുന്നവരില്‍ കണ്ണൂര്‍ പായം സ്വദേശിനി സ്വപ്ന പി. അതിരക്കല്‍, പത്തനംതിട്ട കൂടല്‍ സ്വദേശിനി കിഴക്കേതില്‍ മായാ ശാരദ, പത്തനംതിട്ട കുറയാന്നൂര്‍ സ്വദേശിനി നമ്മാറപ്പള്ളില്‍ സിജി ജിനു, ജെറിന്‍ മേരി ജേക്കബ്, പത്തനംതിട്ട തലച്ചിറ സ്വദേശിനി വലിയപറമ്പില്‍ നിഷ പ്രസാദ്, പത്തനംതിട്ട വെട്ടിപ്പുറം വേലംപറമ്പില്‍ രാജി രാജന്‍, ആലപ്പുഴ വെട്ടിക്കോട് സ്വദേശിനി അബി പ്രിയ, കോട്ടയം ഇത്തിത്താനം സ്വദേശി ജിജോ എം. തോമസ്, ചാലക്കുടി പൊന്‍മിനിശേരി ലീന ഡേവിസ് എന്നിവരും ഉള്‍പ്പെടുന്നു.

നാട്ടിലെത്തിക്കുമെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു പറയുന്നതല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നു നഴ്സുമാര്‍ പറഞ്ഞു. എംബസിയുടെ ഹെല്‍പ്പ്ലൈനില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചാല്‍ എപ്പോഴും ഇങ്ങോട്ടു വിളിക്കേണ്ടതില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. വിമാനത്താവളം ഭീകരര്‍ തകര്‍ത്തതിനാല്‍ വിമാനംവഴി നാട്ടിലെത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. കപ്പല്‍മാര്‍ഗം രക്ഷപ്പെടുത്തുമെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ വിവരം എംബസിയില്‍നിന്നും ലഭിക്കുന്നില്ല. പാസ്പോര്‍ട്ട് എങ്ങനെ ലഭിക്കുമെന്ന കാര്യം പറഞ്ഞുതരാനും ആരുമില്ല. പലരുടെയും ടെലിഫോണ്‍ കാര്‍ഡ് തീര്‍ന്നതിനാല്‍ നാട്ടിലേക്കു ബന്ധപ്പെടാനുമാകുന്നില്ല. സംഘര്‍ഷം കാരണം വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി കിടക്കുന്നതും തങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു: നഴ്സുമാര്‍ ചൂണ്ടിക്കാട്ടി.

എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്കുള്ള യാത്രയ്ക്ക് സൌകര്യമൊരുക്കണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും നഴ്സുമാര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.