പുതിയ കോഴ്സുകള്‍ക്കുള്ള അധ്യാപക തസ്തികകള്‍ അനുവദിക്കണം: പ്രിന്‍സിപ്പല്‍സ് കൌണ്‍സില്‍
പുതിയ കോഴ്സുകള്‍ക്കുള്ള അധ്യാപക തസ്തികകള്‍ അനുവദിക്കണം: പ്രിന്‍സിപ്പല്‍സ് കൌണ്‍സില്‍
Saturday, April 25, 2015 12:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 2013-14 വര്‍ഷം ആരംഭിച്ച കോഴ്സുകള്‍ക്കാവശ്യമായ അധ്യാപക തസ്തികകള്‍ ഉടന്‍ അനുവദിക്കണമെന്നു കേരള പ്രിന്‍സിപ്പല്‍സ് കൌണ്‍സിലിന്റെ രണ്ടു ദിവസത്തെ ഉന്നത വിദ്യാഭ്യാസ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഈ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവസാന വര്‍ഷം ആയിട്ടുകൂടി അധ്യാപക തസ്തികകള്‍ അനുവദിക്കാത്തത് കോളജുകളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായി സമ്മേളനം ചൂണ്ടിക്കാട്ടി. യുജിസിയുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തണമെന്നും സംസ്ഥാനത്തു സര്‍ക്കാര്‍, എയ്ഡഡ് ഭേദമന്യേ റൂസ പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കോളജ് അഡ്മിഷനുള്ള ഏകജാലക സംവിധാനം പരാജയമാണെന്നു യോഗം വിലയിരുത്തി. എംജി സര്‍വകലാശാലയില്‍ അക്കാഡമിക് സ്റാഫ് കോളജ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ ഉന്നത വിദ്യാഭ്യാസ സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി കേരള സ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, അയാഷെ ജനറല്‍ സെക്രട്ടറി ഡോ. ഡാനിയല്‍ എഴിലരശു, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, ഡോ. എം. ഉസ്മാന്‍, ഡോ. എസ്.വി. സുധീര്‍, ഫാ. ഡോ. വിന്‍സന്റ് നെടുങ്ങാട്ട്, ഫാ. ഡോ. ജിജി തോമസ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. പുതിയ ഭാരവാഹികളായി ഡോ. എം. ഉസ്മാന്‍, പ്രിന്‍സിപ്പല്‍, നിലമ്പൂര്‍ അമല്‍ കോളജ് - പ്രസിഡന്റ്, ഡോ. ടി.എം. ജോസഫ്, പ്രിന്‍സിപ്പല്‍, ന്യൂമാന്‍ കോളജ് തൊടുപുഴ - ജനറല്‍ സെക്രട്ടറി, സിസ്റര്‍ അമല, പ്രിന്‍സിപ്പല്‍, അസംപ്ഷന്‍ കോളജ് ചങ്ങനാശേരി - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.