ഡോ.ബി. രവിപിള്ളയുടെ മകള്‍ വിവാഹിതയായി
ഡോ.ബി. രവിപിള്ളയുടെ മകള്‍ വിവാഹിതയായി
Friday, November 27, 2015 12:47 AM IST
കൊല്ലം: പ്രമുഖ പ്രവാസി വ്യവസായി കൊല്ലം ക്യുഎസ് റോഡ് രവിഗീതത്തില്‍ ഡോ.ബി. രവിപിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിപിള്ളയും എറണാകുളം ശ്രീവത്സത്തില്‍ വിനോദ് നെടുങ്ങാടിയുടെയും ഡോ.ലതാ നായരുടെയും മകന്‍ ഡോ.ആദിത്യ വിഷ്ണുവും തമ്മില്‍ വിവാഹിതരായി.

കൊല്ലം ആശ്രാമം മൈതാനത്ത് 4.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേകം തയാറാക്കിയ കൊട്ടാരസദൃശമായ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ പൂര്‍ണമായും ശീതികരിച്ചതായിരുന്നു പന്തല്‍. വിഐപികള്‍ക്ക് മാത്രം ഒരുലക്ഷം ചതുരശ്രയടി സ്ഥലമാണു മാറ്റിവച്ചത്.

45 രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്മാരും വ്യവസായ പ്രമുഖരും അടക്കം സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- ചലച്ചിത്ര രംഗങ്ങളിലെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി. മോഹനന്‍, കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഷിബു ബേബിജോണ്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സിപിഐ നേതാവ് സി. ദിവാകരന്‍ എംഎല്‍എ, ബിജെപി നേതാവ് സി.കെ. പത്മനാഭന്‍, സിനിമാതാരങ്ങളായ മോഹന്‍ലാല്‍, മുകേഷ്, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി തുടങ്ങി പ്രമുഖരുടെ നീണ്ടനിരതന്നെ ചടങ്ങിനെത്തി.

അമേരിക്ക, ബ്രിട്ടന്‍, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സിറിയ, സൌദി അറേബ്യ, ഒമാന്‍, ലബനന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളും വിവാഹത്തിനെത്തി.

വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി മഞ്ജു വാര്യര്‍, ശോഭന, ഗായത്രി, സൂര്യകൃഷ്ണ മൂര്‍ത്തി, വെട്ടിക്കവല കെ.എന്‍. ശശികുമാര്‍ എന്നിവര്‍ നയിച്ച കലാപരിപാടികളും അരങ്ങേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.