കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും, കുടുംബത്തിനു സഹായവും സംരക്ഷണവും നൽകും: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും, കുടുംബത്തിനു സഹായവും സംരക്ഷണവും നൽകും: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
Wednesday, May 4, 2016 12:49 PM IST
പെരുമ്പാവൂർ: പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരകൊലപാതകത്തിനു പിന്നിലുള്ള കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലാത്ത ഏറ്റവും നിർഭാഗ്യകരമായ ഒരു സംഭവമാണ് നടന്നിട്ടുള്ളതെന്നും അതിന് മറ്റൊരു മാനം കൊടുക്കരുതെന്നും പെൺകുട്ടിയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി കണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ജിഷയുടെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും സഹായങ്ങളും നൽകും. ഇവിടെ ഉള്ളവരുമായി സംസാരിച്ചപ്പോൾ ജിഷയുടെ സഹോദരിക്ക് ജോലി നൽകുകയാണു വേണ്ടതെന്ന ആവശ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ ഗവൺമെന്റ് ജോലി നൽകാനുള്ള നടപടി സ്വീകരിക്കും. അവരുടെ യോഗ്യതയ്ക്ക് ചേർന്ന ജോലി പെരുമ്പാവൂരിൽ തന്നെ നൽകാനാണ് ശ്രമിക്കുന്നത്. കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനവും നൽകും.

ഹീനമായ ഈ കൃത്യം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ഒരു ശക്‌തിക്കും നിയമ നടപടികളെ തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടിക്കുന്നതിനാണ് അടിയന്തര പരിഗണന നൽകുന്നത്. അദ്ദേഹം വ്യക്‌തമാക്കി.

ആശുപത്രിയിൽ തന്നെ കാണാനെത്തിയ മുഖ്യമന്ത്രിക്കു മുന്നിൽ മാതാവ് രാജേശ്വരി അലമുറയോടെ തന്റെ മകളുടെ കൊലയാളിയെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ജിഷയുടെ അമ്മയുമായും സഹോദരിയുമായും വിശദമായി സംസാരിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ജിഷയുടെ അമ്മയെ കാണാൻ കടുത്ത പ്രതിഷേധങ്ങളുടെ നടുവിലാണ് മുഖ്യമന്ത്രി എത്തിയത്. ആശുപത്രിക്കു മുന്നിൽ ഡിവൈഎഫ്ഐ, എഐവൈഎഫ്, എസ്ഡിപിഐ പ്രവർത്തകർ കടുത്ത പ്രതിഷേധം തീർത്തിരുന്നുവെങ്കിലും മുഖ്യമന്ത്രിയും സംഘവും ശക്‌തമായ പോലീസ് സംരക്ഷണയിൽ ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. ബെന്നി ബഹനാൻ എംഎൽഎ, പെരുമ്പാവൂരിലെ യുഡിഎഫ് സ്‌ഥാനാർഥി എൽദോസ് കുന്നപ്പിള്ളി എന്നിവർ അടക്കമുള്ള നേതാക്കൾക്കൊപ്പമെത്തിയ മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകരുടെ വൃന്ദവും അനുഗമിച്ചു. ജിഷയുടെ അമ്മയെ സന്ദർശിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് അസുഖകരമായ ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത് കുറച്ചുസമയം ബഹളത്തിന് ഇടയാക്കി.

ജിഷയുടെ വീട് സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ചൊവ്വാഴ്ച ജിഷയുടെ അമ്മയെ കാണാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത പ്രതിഷേധത്തെ തുടർന്ന് അവരെ കാണാതെ മടങ്ങേണ്ടിവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.