പൊതുപണിമുടക്കിൽനിന്ന് ഹജ്‌ജ് സർവീസുകളെ ഒഴിവാക്കി
Monday, August 29, 2016 11:52 AM IST
നെടുമ്പാശേരി: സെപ്റ്റംബർ രണ്ടിലെ പൊതുപണിമുടക്കിൽനിന്ന് ഹജ്‌ജ് തീർഥാടനവുമായി ബന്ധപ്പെട്ട സർവീസുകളെ ഒഴിവാക്കിയിട്ടുള്ളതായി സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ബാപ്പു മുസലിയാർ അറിയിച്ചു. പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ള വിവിധ ട്രേഡ്യൂണിയൻ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചകളുടെ അടിസ്‌ഥാനത്തിലായിരുന്നു തീരുമാനം.

സ്വകാര്യവാഹനങ്ങളിലും കെഎസ്ആർടിസി ബസുകളിലുമായി ഓരോ ദിവസവും തീർഥാടകർ അടക്കം നൂറുകണക്കിന് ആളുകളാണ് നെടുമ്പാശേരി ഹജ്‌ജ് ക്യാമ്പിൽ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിൻ മാർഗം എത്തുന്ന തീർഥാടകരെ ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്ന് പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയാണ് ഹജ്‌ജ് ക്യമ്പിൽ എത്തിക്കുന്നത്. പണിമുടക്ക് കണക്കിലെടുത്ത് ക്യാമ്പിലെത്തുന്നവർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുള്ള പരമാവധി മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പിലെ ഭക്ഷണശാലയിൽ അന്നേ ദിവസം കൂടുതൽ പേർക്ക് ഭക്ഷണത്തിന് സൗകര്യം ഒരുക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.


പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, നേരത്തെ ഹജ്‌ജ് ക്യാമ്പിൽ എത്തുന്ന തീർഥാടകർക്ക് പ്രത്യേകമായി താമസ സൗകര്യവും ക്യാമ്പിൽ ഒരുക്കും. സെപ്റ്റംബർ മൂന്നിന് യാത്ര തിരിക്കുന്ന ഹാജിമാരാണ് രണ്ടിന് ക്യാമ്പിലേക്ക് എത്തുന്നത്. ഹജ്‌ജ് ക്യാമ്പിലേക്കുള്ള ഇവരുടെ യാത്രയുടെ വിശദവിവരങ്ങൾ ഇവരോടൊപ്പം മക്കയിലേക്ക് യാത്ര ചെയ്യുന്ന ‘ഖാദിമുൽ ഹജ്‌ജാജിനെ’ മുൻകൂട്ടി അറിയിക്കണമെന്ന് കോട്ടുമല ബാപ്പു മുസലിയാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.