കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഫോറൻസിക് ലബോറട്ടറി സ്‌ഥാപിക്കും: മുഖ്യമന്ത്രി
കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഫോറൻസിക് ലബോറട്ടറി സ്‌ഥാപിക്കും: മുഖ്യമന്ത്രി
Thursday, December 8, 2016 3:57 PM IST
തിരുവനന്തപുരം: കുറ്റാന്വേഷണം കൂടുതൽ ശാസ്ത്രീയവും ഫലപ്രദവുമാക്കുന്നതിനായി കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളം കെടിഡിസി സമുദ്രയിൽ 45–ാമത് അഖിലേന്ത്യ പോലീസ് സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡിഎൻഎ പരിശോധന, സൈബർ ഫോറൻസിക് തുടങ്ങിയവയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ പറ്റുന്നതാവും പുതിയ ലബോറട്ടറി. പോലീസ് പ്രവർത്തനങ്ങളിൽ പൊതുവിലും ഫോറൻസിക് സയൻസ് ലാബിൽ വിശേഷിച്ചും ശാസ്ത്ര പ്രതിഭകളെ ആകർഷിക്കേണ്ടതുണ്ട്. ഇതിനായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേനകളിലൊന്നാണ്. ഈ വർഷവും ഇന്ത്യയിലെ മികച്ച പോലീസ് സേനയായി ഇന്ത്യാടുഡേ കേരള പോലീസിനെ തെരഞ്ഞെടുത്തു. ഈയടുത്ത കാലത്ത് കേരള പോലീസ് തെളിയിച്ച പ്രധാനപ്പെട്ട പല കേസുകളിലും ഡിഎൻഎ, ഫിംഗർ പ്രിന്റ്, സൈബർ ഫോറൻസിക്, ഫോറൻസിക് മനഃശാസ്ത്രം തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണെന്നത് നമ്മുടെ മികവിനെ സൂചിപ്പിക്കുന്നു. എന്നാൽ ഇനിയും ഈ രംഗത്ത് ഏറെ മുന്നേറേണ്ടതുണ്ട്. അതിന് സഹായകരമായ തരത്തിൽ സയൻസ് കോൺഗ്രസിലെ നിർദേശങ്ങൾ ഉപയോഗപ്പെടുത്തണം.

തീവ്രവാദവും മൗലികവാദപ്രവർത്തനങ്ങളും നമ്മുടെ വാതിൽപ്പടിയിലും എത്തിയിരിക്കുന്നു. അതു തടയുന്നതിന് ശാസ്ത്ര– സാങ്കേതിക വിദ്യകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് അപായകരമല്ലാത്ത മാർഗങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ സയൻസ് കോൺഗ്രസിൽ വിദഗ്ധരുടെ അവതരണങ്ങളിലൂടെയും ചർച്ചകളിലൂടെയും കൂടുതൽ ഉൾക്കാഴ്ചയും പ്രായോഗിക ജ്‌ഞാനവും ഉണ്ടാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സയൻസ് കോൺഗ്രസ് സുവനീറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എം. വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബിപിആർ ആൻഡ് ഡി ഡയറക്ടർ ജനറൽ എം.സി. ബോർവാൻകർ ആമുഖ പ്രഭാഷണം നടത്തി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിപിആർ ആൻഡ് ഡി എഡിജിപി. പർവേശ് ഹായറ്റ് എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വാഗതവും എഡിജിപി ഡോ. ബി. സന്ധ്യ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.