പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളോട് ചോദിച്ചാൽ ഭൂരിപക്ഷവും പറയും ‘സമയം തികഞ്ഞില്ല’. എന്തുകൊണ്ടാണു സമയം തികയാഞ്ഞത് ?. ഉത്തരം ലളിതം. സമയത്തിന്റെ ശാസ്ത്രീയമായ ഉപയോഗം അറിയില്ല; അന്വേഷിച്ചിട്ടുമില്ല. പരീക്ഷയുടെ സമയം രണ്ടോ, മൂന്നോ മണിക്കൂർ ആയിരിക്കും അതു മുൻകൂട്ടി അറിയാവുന്ന കാര്യമാണ്. ചോദ്യങ്ങളുടെ രീതിയും, ഘടനയും അറിയാം. എങ്കിലും സമയം തികയാറില്ല.
രണ്ടു മണിക്കൂർ പരീക്ഷയ്ക്ക് ആസമയം കൊണ്ട് എഴുതാവുന്ന ചോദ്യങ്ങളെ ചോദിക്കാറുള്ളു. ഓരോ വിഭാഗം ചോദ്യത്തിനും ഏകദേശം എത്ര സമയം വേണ്ടിവരും എന്നതു കൃത്യമായി അറിയണം. ചിലത് ഒറ്റവാക്കിലോ, വാക്യത്തിലേ എഴുതേണ്ടവയാണ്. മറ്റുചിലത് ഒന്നോ രണ്ടോ ഖണ്ഡികയിൽ , ചിലതു പ്രബന്ധ രൂപത്തിൽ ഇവ ഒാരോന്നിനും സമയം വ്യത്യസ്തമായി ഉപയോഗിക്കേണ്ടിവരും. ഇവയെക്കുറിച്ചുള്ള കൃത്യമായ ഒരു രൂപവും, ഘടനയും മനസിൽ രൂപീകരിക്കണം. ഓരോന്നും കൃത്യ സമയത്ത് എഴുതി പൂർത്തിയാക്കാൻ പരിശീലനം നടത്തണം. സമയം എപ്രകാരം കൃത്യമായി, ക്രമമായി ഉപയോഗിക്കണം എന്ന് ശാസ്ത്രീയമായി തിരിച്ചറിയണം. അങ്ങിനെ വരുന്പോൾ സമയം ശരിയായി ഉപയോഗിക്കുവാൻ പഠിക്കും.പിന്നെ ‘സമയം തികഞ്ഞില്ല’ എന്ന പരാതിയും ഉണ്ടാകില്ല.
വിദ്യാർഥികൾ മിക്കവാറും ഒരു ടൈംടേബിളിന് വിധേയമായി പ്രവർത്തിക്കുന്നവരാണ്. അവരുടെ വ്യക്തി ജീവിതത്തിലും ഇതിനു പ്രത്യേക സ്ഥാനമുണ്ട്. എല്ലാം സമയപ്പട്ടികയാക്കി യന്ത്രവല്ക്കരിക്കണം എന്നല്ല അർഥം. പക്ഷെ, പഠന മേഖലയിൽ മികവ് നേടുന്നതിന് സമയത്തിന്റെ ഉപയോഗം ശാസ്ത്രീയമായി ക്രമീകരിക്കണം.
രാവിലെ ഉറക്കമുണരുന്നത് നല്ലതാണ്. പ്രധാനകാര്യങ്ങൾ പഠിക്കുവാനും, അവ മനസിൽ ഉറപ്പിക്കുവാനും പ്രഭാത സമയം തന്നെയാണ് ഏറ്റവും നല്ലത്. രാവിലെ നമ്മുടെ ശരീരവും മനസും അതിന് യോജിച്ച രീതിയിൽ ആകാൻ സാധ്യത കൂടുതലാണ്. രണ്ടോ മുന്നോ മണിക്കൂർ രാവിലെ പഠനാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
രാവിലെ അഞ്ചു മുതൽ ഏഴു വരെ - പഠനാവശ്യങ്ങൾ. ഏഴു മുതൽ 7.30 - വ്യായാമം. പ്രഭാതകൃത്യങ്ങൾ, പ്രാതൽ, ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവയ്ക്കും സമയം വേണം. രാവിലെ 8.30 മുതൽ 4.30 വരെ സ്കൂൾ/കോളജ് പഠനം, പിന്നെ വിനോദം എന്നിവയും ആകാം.
പിന്നീടുള്ള സമയം, വിവിധ മാധ്യമങ്ങളുടെ ഉപയോഗം, സോഷ്യൽ മീഡിയ, ടെലിവിഷൻ, ഇന്റർനെറ്റ്, എന്നിവയ്ക്ക് ആവശ്യമെങ്കിൽ നീക്കി വയ്ക്കാം. പലപ്പോഴും ഇല്കട്രോണിക് മീഡിയയുടെ ആകർഷണത്തിൽപ്പെട്ട്, സമയം കൈവിട്ടുപോകാറുണ്ട്. ഇവിടെ ഒരു ‘സമയം ക്രമീകരണം’ അനിവാര്യമാണ്. രക്ഷിതാക്കൾ വിദ്യാർഥികളായ കുട്ടികളെ ക്കുറിച്ച് പറയുന്ന പ്രധാന പരാതികളിൽ ഒന്നാണ് സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം. ഓരോ വിദ്യാർഥിയും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
സമയം പോകുന്ന പോക്ക്
എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ മാത്രം. പക്ഷെ അവർ അവരുടെ സമയം എപ്രകാരം വിനിയോഗിക്കുന്നു എന്നുള്ളതാണ് പ്രശ്നം. സമയം എങ്ങോട്ടുപോകുന്നു എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
പിന്നെത്തേക്ക് മാറ്റിവയ്ക്കൽ: ഇന്ന്/ഇപ്പോൾ ചെയ്യേണ്ട ജോലി ‘പിന്നെ ചെയ്യാം/നാളെ ചെയ്യാം’ എന്നു പറഞ്ഞ് മാറ്റി വയ്ക്കുക. നാളത്തേക്ക് മാറ്റിവച്ച് സമയം പാഴാക്കാതിരിക്കുക. ഇന്ന് /ഇപ്പോൾ ചെയ്യേണ്ടത് എന്താണ് എന്ന് തിരിച്ചറിഞ്ഞ് അവ ശരിയായ രീതിയിൽ മനസിലാക്കി പൂർത്തിയാക്കാൻ ശ്രമിക്കുക.
എല്ലാത്തിനെക്കുറിച്ചും പരാതി പറയൽ: ചിലരുണ്ട് നമ്മുടെ ചുറ്റിലും -എല്ലാത്തിനെക്കുറിച്ചും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നവർ. അവർ എപ്പോഴും ഒരു ‘നെഗറ്റീവ് ഉൗർജം’ പ്രസരിപ്പിക്കും. അവരുടെ സമയവും അതുപോലെ കൈവിട്ട് പൊയ്ക്കൊണ്ടേയിരിക്കും
മറ്റുള്ളവരുടെ കാര്യത്തിലുള്ള ഇടപെടൽ:പ്രായോഗിക ജീവിതത്തിൽ നമ്മൾ മാത്രമല്ല. നമുക്കു ചുറ്റിലും ഉള്ളവർ പലരൂപത്തിലും ഭാവത്തിലും നമ്മുടെ സമയം അപഹരിക്കുവാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപെടുന്നതിനും, ആശയവിനിമയം നടത്തുന്നതിനും, സമയം കണ്ടെത്തണം, പക്ഷെ ഇവ ഒരു മുൻഗണനാക്രമത്തിൽ നിശ്ചിത സമയത്തായിരിക്കണം. അതിനു കഴിഞ്ഞില്ല എങ്കിൽ നമ്മുടെ സമയം കൈവിട്ടുപോകും.
ക്രമരഹിതമായി സമയത്തിന്റെ ഉപയോഗം: ഒരു ദിവസം 24 മണിക്കൂർ ഉണ്ട്. ഇതിൽ വലിയൊരു അളവ് ഉറക്കത്തിനും ശാരീരിക/മാനസിക വിശ്രമത്തിനും പോകും. ജീവശാസ്ത്രപരമായി ഇത് അനിവാര്യവുമാണ്. എന്നുവിചാരിച്ച് എപ്പോഴും ഉറങ്ങാൻ കഴിയില്ലല്ലോ! ഓരോ പ്രധാന കാര്യങ്ങൾക്ക്, മുൻഗണനാക്രമമനുസരിച്ച് സമയം സ്വയം കണ്ടെത്തണം. സമയം ശാസ്ത്രീയമായി, ക്രമബദ്ധമായി ഉപയോഗിക്കാൻ ശീലിക്കണം എന്നു ചുരുക്കം.
ആവശ്യത്തിൽ കുടുതൽ വിവര ലഭ്യത: മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നാം ജീവിതം ക്രമപ്പെടുത്താറുണ്ട ല്ലോ, മൊബൈൽ ഫോണ്, ഇന്റർനെറ്റ്്, സോഷ്യൽ മിഡീയ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും, അച്ചടി മാധ്യത്തിലൂടെയും വളരെയധികം വിവരം/അറിവ് നമ്മുടെ മുന്നിൽ എത്താറുണ്ട്. ഇതിൽ എന്ത് സ്വീകരിക്കണം/എന്ത് സ്വീകരിക്കേണ്ട എന്നുള്ള വിവേചനാധികാരം നാം ഉപയോഗിക്കണം. അത്യാവശ്യമോ/ ആവശ്യമോ ഉള്ളവ മുൻഗണനക്രമത്തിൽ മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതിനു കഴിഞ്ഞില്ല എങ്കിൽ നമ്മുടെ സമയം നാം അറിയാതെ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.
ആവശ്യം തിരിച്ചറിയണം
ആവശ്യങ്ങളും മുൻഗണന ക്രമവും അനുസരിച്ച് സമയത്തിന്റെ ഉപയോഗം ക്രമപ്പെടുത്തുക. സമയം ആസൂത്രണം ചെയ്യുന്നതിലും, ബോധപൂർവമായി ക്രമീകരിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കുക. മുൻഗണനാക്രമം അനുസരിച്ച് നമ്മുടെ പ്രവർത്തികളെ നാലായി തരംതിരിക്കാം 1. പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതും 2. പ്രധാനപ്പെട്ടതും അത്യാവശ്യമല്ലാത്തതും 3. അപ്രധാനവും എന്നാൽ അത്യാവശ്യമുള്ളതും 4. അപ്രധാനവും അത്യാവശ്യമില്ലാത്തതും.
ഇവിടെ പ്രധാനപ്പെട്ടത് ഏത്? അത്യാവശ്യമുള്ളത് ഏത്? എന്ന് കൃത്യമായി വിലയിരുത്തി തീരുമാനമെടുക്കേണ്ടത് വ്യക്തികളാണ്. അതനുസരിച്ച് സമയത്തിന്റെ ഉപയോഗം ഓരോ വ്യക്തിക്കും തീരുമാനിക്കാം. ജീവിതത്തിൽ ചില കാര്യങ്ങൾ അത്യാവശ്യവും മാറ്റിവയ്ക്കാൻ കഴിയാത്തവയുമാണ്. എല്ലാം അപ്രകാരമല്ല എന്ന സത്യവും നാം തിരിച്ചറിയണം. ജീവിതത്തിൽ പ്രയോഗികബുദ്ധിയും തീരുമാനമെടുക്കുന്നതിനുള്ള ശേഷിയും നാം പ്രത്യേകം മനസിലാക്കേണ്ടതുണ്ട്.
ചില കാര്യങ്ങൾ അത്യാവശ്യവും, പ്രധാനപ്പെട്ടവയുമാണ് (അവ ഉടനെ ചെയ്യുക). ചിലത് പ്രധാനമാണ്, പക്ഷെ അത്യാവശ്യമല്ല.(എപ്പോൾ ചെയ്യണമെന്ന് തീരുമാനിക്കാം). മറ്റു ചിലത് അത്യാവശ്യമാണ് പക്ഷെ പ്രാധാന്യമുള്ളവയല്ല (അവ മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിക്കാം). ചിലത് പ്രധാനവുമല്ല, ആവശ്യമല്ല (അവ തള്ളിക്കളയാം). ഇപ്രകാരം കാര്യങ്ങൾ കൃത്യമായി വിലയിരുത്തി എപ്പോൾ എങ്ങിനെ ചെയ്യാമെന്ന് തീരുമാനിക്കുകയാണ് സമയം ശരിയായി ഉപയോഗപ്പെടുത്തുന്നതിനുള്ള ബുദ്ധിപരവുമായ ഒരു മാർഗം.
ഓരോ ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കുക. ഓരോ ദിവസവും ഉണരുന്പോൾ - ഇന്ന് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന ഏകദേശം രൂപം മനസിൽ/ഡയറിയിൽ കുറിച്ചിരിക്കണം. ഓരോ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുന്പ് അടുത്ത ദിവസം എങ്ങിനെ/എപ്രകാരം എന്ന് മനസിൽ ഒരു രൂപമുണ്ടാവണം. നാല് ആഴ്ചകൾ ചേർത്ത് ഒരു മാസത്തേക്കു ള്ള ഒരു ചാർട്ട് നമുക്ക് മുൻകൂട്ടി തയാറാക്കാം, ഡയറിയിൽ കുറിക്കാം. ഇപ്രകാരം ഈ വർഷവും മുൻകൂട്ടി ആസൂത്രണം ചെയ്യാം.
ഇങ്ങനെ സമയം ക്രമീകരിക്കുകയും, കാലാനുസൃതമായി അവയുടെ ദിശാഗതി നിയന്ത്രിക്കുകയും മുല്യ നിർണയം നടത്തുകയും വേണം. പ്രശ്നങ്ങളോ,ബുദ്ധിമുട്ടുകളോ ഉണ്ടാവുകയാണെങ്കിൽ അവ പ്രത്യേകം പഠിക്കുകയും. പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും വേണം.
സമയക്രമം കൊണ്ടുള്ള പ്രയോജനം
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടുകയില്ല. എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. അപ്പോഴാണ് സമയത്തിന്റെ മൂല്യവും നാം കണ്ടെത്തുന്നത്. നമ്മുടെ സമയം ക്രമീകരിക്കുന്നതുകൊണ്ട് പ്രവർത്തന ക്ഷമത കൂടുന്നു. മാനസിക സംഘർഷം/പിരിമുറക്കം എന്നിവ കുറയുന്നു, ആരോഗ്യം മെച്ചപ്പെടുന്നു, ആത്മവിശ്വാസവും, അംഗീകാരവും ഉണ്ടാകുന്നു. ജീവിതത്തിൽ അടുക്കും, ചിട്ടയും രൂപപ്പെടുന്നു.
ഇങ്ങനെ സ്വയം ഒരു പുനർവായനയ്ക്ക് തയാറാവുക. ജീവിതത്തിൽ നമ്മുടെ ഉദ്ദേശ്യങ്ങൾ, നേടുന്നതിന് സമയം എങ്ങിനെയൊക്കെ ക്രമീകരിക്കാം എന്ന് ചിന്തിക്കുക. സമയം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുവാൻ നമുക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറ്റവും പ്രധാനകാര്യമാണ് സമയത്തിന്റെ ശരിയായ ആസൂത്രണം. പലപ്പോഴും ഇതിന് കഴിയാതെ വരുന്പോഴാണ് സമയം മാത്രമല്ല-ജീവിതം പോലും കൈവിട്ടു പോകുന്നത്. ചുരുക്കത്തിൽ ഒരു വിദ്യാർഥി എന്ന നിലയിൽ സമയം ക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്തത്. പഠന സമയം ക്രമീകരിക്കുന്നതിനോടൊപ്പം, വ്യക്തി ജീവിതം, വിനോദം, കായികം, മാധ്യമങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കും സമയം,കണ്ടെത്തണമല്ലോ, ഇപ്രകാരം ഒരു ആസൂത്രണം സ്വയം വികസിപ്പിച്ചെടുക്കണം എന്നാണ് ഇവിടെ എടുത്തുപറയാനുള്ളത്. തീർച്ചയായും പഠനത്തിനായിരിക്കണം മുൻഗണന. ഒപ്പം മറ്റുകാര്യങ്ങൾക്കും ആവശ്യമായ രീതിയിൽ സമയം ക്രീകരിക്കണം.
പ്രഫ.(ഡോ.) വി. രഘു
(മുൻ പ്രഫസർ & ഡീൻ, യൂത്ത് സ്റ്റഡീസ്,
രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ശ്രീപെരുംപുതൂർ, ചെന്നൈ )