ആഫ്രിക്കന്‍ യൂണിയന്റെ 50-ാം വാര്‍ഷികാഘോഷം തുടങ്ങി
Monday, May 27, 2013 8:17 AM IST
ആഡിസ് അബാബ: ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികം എത്യോപ്യയിലെ ആഡിസ് അബാബയില്‍ ആരംഭിച്ചു. കോളനിവത്കരണത്തില്‍നിന്ന് ആഫ്രിക്കയെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1963-ന് ആഡിസ് അബാബയിലാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി എന്ന സംഘടന ആരംഭിച്ചത്. 2002-ല്‍ ആഫ്രിക്കന്‍ യൂണിയന്‍ എന്നു പേരുമാറ്റി.

ബറുണ്ടിയിലും ദാര്‍ഫുറിലും സമാധാന സേനയെ അയയ്ച്ചതും സൊമാലിയയിലെ ഇടപെടലും ആഫ്രിക്കന്‍ യൂണിയന്റെ സമീപകാല നേട്ടങ്ങളാണ്. അതേസമയം കഴിഞ്ഞവര്‍ഷം മാലിയില്‍ വിമതര്‍ പിടിമുറുക്കിയപ്പോള്‍ ഉടനടി ഇടപെടാന്‍ യൂണിയനായില്ലെന്ന് ആരോപണമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ ഐക്യംകൊണ്ടാണു നേരിടേണ്ടതെന്നു യൂണിയന്‍ മേധാവി ഡിലാമിനി സുമ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു. യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ബോക്കോഹറാം തീവ്രവാദികളെ നേരിടുന്ന നൈജീരിയന്‍ സേന മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിനെതിരേ കെറി മുന്നറിയിപ്പു നല്കി.

യൂണിയനില്‍ അംഗമല്ലാത്ത ഏക ആഫ്രിക്കന്‍ രാജ്യം മൊറോക്കോ ആണ്. പടിഞ്ഞാറന്‍ സഹാറയെചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മൊറോക്കോ യൂണിയന്‍ വിടുകയായിരുന്നു.