കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ വിട്ടയച്ചു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍ സുരക്ഷിതര്‍
Monday, July 22, 2013 4:41 AM IST
അബൂജ: കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ തുര്‍ക്കി എണ്ണ കപ്പല്‍ എംവി കോട്ടന്‍ വിട്ടയച്ചു. കപ്പലിലെ ജോലിക്കാരായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 24 പേര്‍ സുരക്ഷിതരാണെന്ന് കപ്പലിന്റെ ഉടമസ്ഥര്‍ അറിയിച്ചു. കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് സ്വദേശികളായിരുന്ന മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗോബോണ്‍ കടല്‍ തീരത്തുനിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. ഉദുമ പാലക്കുന്നില്‍ കെ.വി നിലയത്തിലെ പരേതനായ കെ.വി കണ്ണന്റെ മകന്‍ വി.കെ ബാബു (34), ചന്ദ്രഗിരി കീഴൂര്‍ നടക്കാലിലെ തോട്ടത്തില്‍ വസന്തകുമാര്‍ (36) എന്നിവരാണ് കപ്പലിലെ മലയാളികള്‍. കപ്പലിലെ സീമാന്‍മാരായി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ഗാബണിലെ ജെന്‍ റില്‍ തുറമുഖത്തു നിന്ന് ഗിനിയ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കപ്പല്‍ തട്ടിയെടുത്തത്.

കപ്പലിലെ എണ്ണയും മറ്റു സാധനങ്ങളും കവര്‍ന്ന ശേഷം ജീവനക്കാരെ ഉള്‍പ്പെടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കമ്പനി നല്‍കുന്ന വിവരം. ഈ മാസം 15 നായിരുന്നു കപ്പല്‍ തട്ടിക്കൊണ്ടുപോയത്.