ടാന്‍സാനിയ ഇന്റര്‍ കമ്യൂണിറ്റി ക്രിക്കറ്റ് കപ്പില്‍ മലയാളി ടീം ജേതാക്കള്‍
Wednesday, August 14, 2013 7:23 AM IST
ദാര്‍സലാം: ടാന്‍സാനിയായിലെ ജിംഖാന ക്രിക്കറ്റ് അസോസിയഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2013 ഇന്റര്‍ കമ്യൂണിറ്റി ക്രിക്കറ്റ് കപ്പില്‍ മലയാളി ക്രിക്കറ്റ് ടീമായ കരവന്‍സിന് കിരീടം. വാശിയേറിയ ഫൈനലില്‍ ജെയിന്‍ സംഘ ടീമിനെ 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത ജെയിന്‍ ടീം നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍ എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാരവന്‍സ് നാലു പന്തുകള്‍ ശേഷിക്കേ വിജയലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അവിനാഷ് ദേവ് മികച്ച പ്രകടനം കാഴ്ചവച്ചു.

കാരവന്‍സ് ടീമിലെ, രതീഷ് ടൂര്‍ണമെന്റിലെ ബെസ്റ് ബൌളര്‍ ആയും കാരവന്‍സിലെ തന്നെ അവിനാഷ് ദേവ് മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

കാരവാന്‍സ് ടീം അംഗങ്ങള്‍: ശ്രീജിത്ത്കുമാര്‍, രതീഷ്, രാജേഷ്, വിപിന്‍, അവിനാഷ് ദേവ്, ഷിജു, ബിനീഷ്, ശബരീഷ്, നാഗേശ്വര്‍, സതീഷ്, ജോബിന്‍, അജികുമാര്‍, ജോജി, മനു.

കഴിഞ്ഞ ആറു വര്‍ഷത്തോളമായി എട്ടോളം ടൂര്‍ണമെന്റുകള്‍ ജയിച്ച് ടാന്‍സാനിയയിലെ മലയാളികള്‍ക്ക് തിലക്കുറിയായി കാരവാന്‍സ് മാറികഴിഞ്ഞു. ഇതിനു തെളിവാണ് കാരവാസിലെ തന്നെ വിപിന്‍ ഏബ്രഹാം (ഓള്‍ റൌണ്ടര്‍) ടാന്‍സാനിയന്‍ നാഷണല്‍ ടീമിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞുവെന്നത്.

കാരവന്‍സിനുവേണ്ടി ക്യാപ്റ്റന്‍ ശ്രീജിത്ത് കുമാറും വൈസ് ക്യാപ്റ്റന്‍ രതീഷും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ് സെക്രട്ടറി വിശിഷ്ടാതിഥിയായിരുന്നു.

റിപ്പോര്‍ട്ട്: മനോജ് കുമാര്‍