ഭക്തി നിര്‍ഭരമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ സമാപിച്ചു
Monday, December 22, 2014 9:29 AM IST
ന്യൂഡല്‍ഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പതിനേഴു വര്‍ഷക്കാലമായി നടത്തി വരുന്ന മണ്ഡല പൂജ അശരണര്‍ക്ക് ആഹാരം നല്‍കി സമാപിച്ചു.

മനോജ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വൈകുന്നേരം പൂജാദികള്‍ ശശിധരന്‍ നമ്പൂതിരി നിര്‍വഹിച്ചു, എല്ലാ ചടങ്ങുകള്‍ക്കും സേതുരാമന്‍ പരികര്‍മിയായിരുന്നു. പ്രഭാത പൂജകള്‍ക്കുശേഷം ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് കുമാര്‍, ടി.കെ മുരളിധരന്‍, ശാന്തകുമാര്‍, ചിത്രാ വേണുധരന്‍, സുധീര്‍മോന്‍ എന്നിവര്‍ ഭജന നടത്തി. ഉച്ചയ്ക്കു നടന്ന ശാസ്താപ്രീതിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

വൈകുന്നേരം ശ്രീ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ അയ്യപ്പ സ്വാമിയുടെ ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കിയ ദീപനാളത്താല്‍ കൊളുത്തിയ താലങ്ങളുമായി നടത്തിയ എഴുന്നള്ളത്ത് സൌത്ത് ഇന്ത്യന്‍ പമ്പമേള സംഘത്തിന്റെ വാദ്യമേളങ്ങളുടേയും അമ്മന്‍കുടത്തിന്റെയും അകമ്പടിയോടെ ഏഴിന് പൂജാ പാര്‍ക്കില്‍ താത്കാലികമായി നിര്‍മിച്ച ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മഹാദീപാരാധനക്കുശേഷം കോഴിക്കോട് ബിജു ബാലയും സംഘവും ഭജന മണ്ഡലിയും നടത്തി. തുടര്‍ന്ന് വെടിക്കെട്ടും അതിനു ശേഷം പ്രസാദ വിതരണവും ലഘുഭക്ഷണവും ഉണ്ടായിരുന്നു.

ധനുമാസ പൂജയില്‍ മഹദീപാരാധനയും അന്നദാനവും മയൂര്‍ വിഹാര്‍ ഫേസ് 1 ശബരീശത്തിലെ സി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഭജനയും നാമസങ്കീര്‍ത്തനവും നടന്നു.

അയ്യപ്പ പൂജയുടെ ഭാഗമായി വര്‍ഷം തോറും നടത്തിവരുന്ന അശരണര്‍ക്ക് ആഹരം എന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിഡിഎ ഫ്ളാറ്റ്സിന്റെ പ്രധാന കവാടത്തില്‍ യു.കെ കേശവന്‍ നിര്‍വഹിച്ചു.

ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് എ.കെ. രവീന്ദ്രന്‍, സെക്രട്ടറി ശശിധരന്‍, ട്രഷറര്‍ പ്രസാദ് കെ.ജെ. പണിക്കര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി