നഗരത്തെ പീതക്കടലാക്കി ശിവഗിരി തീര്‍ഥാടനം സമാപിച്ചു
Monday, January 5, 2015 10:18 AM IST
ന്യൂഡല്‍ഹി: അതികഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് നഗരത്തെ പീതക്കടലാക്കി പ്രതീകാത്മക ശിവഗിരി തീര്‍ഥാടനം സമാപിച്ചു. മഞ്ഞു മൂടിക്കിടന്ന ഗോവിന്ദ്പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിലെ പ്രഭാതത്തെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തസഹസ്രങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പീതക്കടലാക്കി.

എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെയും കാല്‍കാജി ശാഖയുടെയും ആഭിമുഖ്യത്തില്‍ ആറാമത് പ്രതീകാത്മക ശിവഗിരി തീര്‍ഥാടനം ജനുവരി നാലിന് (ഞായര്‍) രാവിലെ അഞ്ചിന് ഗോവിന്ദ്പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെയാണ് ആരംഭിച്ചത്.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര വിദ്യ എന്നീ അഷ്ടാംഗ മാര്‍ഗങ്ങളിലൂടെ പ്രായോഗിക ജീവിതം ലളിതമാക്കുന്നതിനായി ശ്രീനാരായണ ഗുരുദേവന്‍ 81 വര്‍ഷങ്ങള്‍ക്കു മുമ്പ് കല്‍പ്പിച്ചനുവദിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീര്‍ഥാടനം. പ്രവാസികളായ മലയാളികള്‍ക്ക് പങ്കടുക്കുവാനുള്ള സൌകര്യം പരിഗണിച്ചാണ് ഡല്‍ഹിയില്‍ തീര്‍ഥാടനം ഞായറാഴ്ച ദിവസം തെരഞ്ഞെടുത്തത്.

കാല്‍കാജി അളകനന്ദ ശ്രീ ബാലവേണുഗോപാല ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഭക്തി നിര്‍ഭരമായ തീര്‍ഥാടന ഘോഷയാത്രയില്‍ മറ്റു ശാഖകളില്‍ നിന്നും പദയാത്രികരായി എത്തിയ പീതാംബരധാരികളും ചേര്‍ന്ന് രചനാ ശതാബ്ദി ആഘോഷിക്കുന്ന ദൈവദശകം ആലപിച്ച് ഗോവിന്ദ്പുരി ഗുരുദേവഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് ഗുരുപൂജ. തുടര്‍ന്ന് മെഹ്റോളി ശാഖയിലെ ഗുരു മന്ദിരത്തില്‍ നിന്നും വിവിധ ശാഖകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കാല്‍കാജിയിലെ ഗോവിന്ദ്പുരിയിലെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടന പതാക ഉയര്‍ത്തല്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.ടി. സൈനുദ്ദിന്‍ നിര്‍വഹിച്ചു.

എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.ടി. സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ട്രഷറര്‍ പി. രവീന്ദ്രന്‍, , സെക്രട്ടറി കല്ലറ മനോജ്, യൂണിയന്‍ കൌണ്‍സില്‍ അംഗം കെ.ജി. സുനില്‍, യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സുമതി ചെല്ലപ്പന്‍, കാല്‍കാജി ശാഖാ പ്രസിഡന്റ് സി.ഡി. സുനില്‍, സെക്രട്ടറി സി.എസ്. ജയന്‍, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ.കുട്ടപ്പന്‍, മുന്‍ വൈസ് പ്രസിഡന്റ്് ഇ.കെ. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണി തോമസ് മുഖ്യപ്രഭാഷണം നടത്തി.

'തീര്‍ഥാടന ലക്ഷ്യങ്ങള്‍', 'എസ്എന്‍ഡിപി യോഗം ചരിത്ര നായകന്മാര്‍' എന്നീ വിഷയങ്ങളില്‍ രവിവാര പാഠശാല വിദ്യാര്‍ഥികള്‍ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്നു നടന്ന അന്നദാനത്തോടെ തീര്‍ഥാടന പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി