നജഫ്ഗഡ് ശ്രീ ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന മഹോത്സവം ജൂണ്‍ 30ന്
Friday, June 26, 2015 8:09 AM IST
ന്യൂഡല്‍ഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 30നു (ചൊവ്വ) നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം വെങ്കിടേശ്വരന്‍ പോറ്റിയാണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുക. ക്ഷേത്ര മേല്‍ശാന്തി രാജേഷ് അടികള്‍ പരികര്‍മിയാകും.

രാവിലെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ചു വിശേഷാല്‍പൂജകളും നവകം, പഞ്ചഗവ്യം തുടങ്ങിയവയും രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും.

വൈകുന്നേരം ഭഗവതിസേവയും ചുറ്റുവിളക്കും മഹാ ദീപാരാധനയും നടക്കും. രാത്രി ഒമ്പതിന് പ്രസാദ വിതരണത്തോടെ ഉത്സവച്ചടങ്ങുകള്‍ സമാപിക്കുമെന്നു ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

വര്‍ഷംതോറും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടത്തിവരാറുള്ള സുദര്‍ശന ഹോമവും മൃത്യുഞ്ജയ ഹോമവും ജൂലൈ 12നു നടക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540, കെ.വി. നാരായണന്‍ 9650421311.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി