'എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് അറിവുണ്ടായാല്‍ പോരാ, തിരിച്ചറിവ് ഉണ്ടാവണം'
Saturday, September 12, 2015 9:11 AM IST
ന്യൂഡല്‍ഹി: ശ്രീനാരായണീയരായ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് അറിവുണ്ടായാല്‍ മാത്രം പോരാ, തിരിച്ചറിവുണ്ടാകണമെന്ന് അഡ്വ. സംഗീത വിശ്വനാഥ്. എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ വികാസ് പുരി കേരള സ്കൂളില്‍ നടന്ന സംഘടനാ പഠന ശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു വനിതാ സംഘം സെക്രട്ടറികൂടിയായ സംഗീത വിശ്വാനാഥ്.

കേരളത്തിലെ ആനുകാലിക സംഭവവികാസങ്ങളില്‍ ഗുരുദേവ നിന്ദ നടത്തിയ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കേരളം ഘടകത്തിലെ കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ പ്രതിഷേധം പങ്കെടുത്ത മുഴുവന്‍ വനിതകളും രേഖപ്പെടുത്തി.

എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് നടത്തുന്ന ഗ്രാമഗ്രാമാന്തരങ്ങളിലെ ഒരു ലക്ഷത്തിലധികം വരുന്ന യൂണിറ്റുകളിലെ ഭാരവാഹികളും അംഗങ്ങളുമായ സ്ത്രീകള്‍ മാത്രം ഒന്നുറക്കെ തുമ്മിയാല്‍ തെറിച്ചുപോകാന്‍ മാത്രമേ കേരളത്തിലെ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സംഘടനാ ബലമെന്ന് അഡ്വ. സംഗീത വിശ്വനാഥ് പറഞ്ഞു. ഗുരുദവേ നിന്ദ സ്വയം ഏറ്റുപറഞ്ഞ് മാര്‍ക്സിസ്റ് പാര്‍ട്ടി കേരള ഘടകം പൊതുസമൂഹത്തില്‍ മാപ്പു പറഞ്ഞാല്‍ മാത്രമേ അവര്‍ക്കിനി കേരളത്തില്‍ നിലനില്‍പ്പുണ്ടാകൂ എന്നും അഡ്വ. സംഗീത പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുമതി ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ വനിതാ സംഘത്തിലെ യുണിറ്റുകളില്‍നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ്, യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ആര്‍. കോമള കുമാരന്‍, ശോഭ അനില്‍, നളിനി മോഹന്‍, പ്രീതി സുജാതന്‍, സജീവ് രജപുത്രന്‍, കുഞ്ഞുമോന്‍, ജയന്തന്‍, തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉഷ സാബു സ്വാഗതവും ലിസി ഗോപന്‍ നന്ദിയും പറഞ്ഞു.