ഗുരുദേവ ദര്‍ശനം ലോകജനതയുടെ ഹൃദയസ്പന്ദനം: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍
Friday, September 18, 2015 6:23 AM IST
ന്യൂഡല്‍ഹി: ദ്വാരക ജനസംസ്കൃതി സെപ്റ്റംബര്‍ 19നു (ശനി) വൈകുന്നേരം നടക്കുന്ന ചര്‍ച്ചയുടെ ശീര്‍ഷകത്തിനെതിരേ എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെ ശക്തമായ പ്രതിഷേധം. ഫേസ്ബുക്കിലും ഇ-മെയിലിലും പ്രതിഷേധമിരമ്പുകയാണ്.

ശ്രീനാരായണ ഗുരുദേവന്‍ അഖിലത്തിന്റെയും പ്രത്യക്ഷ സാന്നിധ്യമാണെന്നും എകതയുടെ ചൈതന്യ പ്രസരണമാണെന്നും ഗുരുദേവ ദര്‍ശനം ലോക ജനതയുടെ ഹൃദയസ്പന്ദനമാണെന്നും ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നുവെന്നും എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

'നാരായണ ഗുരു: ഒരു രാഷ്ട്രീയ വിഗ്രഹം' എന്ന തലക്കെട്ടാണ് പ്രതിഷേധത്തിനാധാരം. വൈരങ്ങളല്ല നമ്മെ മുന്നോട്ടു നയിക്കേണ്ടതെന്നും ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ടതായ മാന്യതയും മര്യാദയും ജനസംസ്കൃതി നോട്ടീസില്‍ കാണിച്ചിട്ടില്ല. ചര്‍ച്ച ചെയ്യുന്ന വിഷയത്തിനു നല്‍കുന്ന ശീര്‍ഷകത്തില്‍ നിന്നുതന്നെ അതിന്റെ മഹത്വം അംഗീകരിച്ചുകൊണ്ടുള്ള പ്രചാരണമാണ് ആവശ്യമെന്നും അതാണ് സൌഹൃദത്തിന്റെ കാണാപ്പുറങ്ങളെന്നും വാര്‍ത്തക്കുറിപ്പില്‍ യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു.

ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ല, പക്ഷെ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകള്‍ മാന്യതയുടെയും സാഹോദര്യത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് കണ്ടില്ലന്നു നടിക്കാനാവില്ലന്നും 'രാഷ്ട്രീയ വിഗ്രഹം' എന്ന ശീര്‍ഷകത്തെ പരമ പുച്ഛത്തോടെ തള്ളുകയാണെന്നും പ്രതിഷേധക്കുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി