വിഭജനം പ്രോത്സാഹിപ്പിക്കരുത്: വ്യവസായ ലോകത്തോട് തെരേസ മേ
Friday, January 20, 2017 10:06 AM IST
ദാവോസ്: വ്യവസായ ലോകത്ത് ലോക നേതാവായി ബ്രിട്ടൻ തുടരുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ആഗോളീകരണത്തിൽ ആരോപിക്കപ്പെടുന്ന അസമത്വത്തെ വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ബ്രെക്സിറ്റിനു ശേഷം യുകെയുമായി വ്യാപാര കരാറുകളിലെത്തുക ദുഷ്കരമായിരിക്കുമെന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ പ്രചാരണത്തെ പരോക്ഷമായി വിമർശിച്ചാണ് തെരേസയുടെ പരാമർശം.
ലോകത്ത് ആവശ്യത്തിലേറെ സന്പത്തുണ്ടെങ്കിലും ഇത് വളരെ കുറച്ച് ആളുകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ബ്രെക്സിറ്റ് എന്നു വച്ചാൽ യുകെ പുറത്തേയ്ക്കുള്ള വാതിലുകൾ അടയ്ക്കുക എന്നല്ല അർഥമെന്നും തെരേസ കൂട്ടിച്ചേർത്തു. എച്ച്എസ്ബിസി ബിസിനസ് പുറത്തേയ്ക്കു മാറ്റാൻ ആലോചിക്കുന്നു എന്ന സൂചന നൽകിയതിനു പിന്നാലെയാണ് സദസിലുണ്ടായിരുന്ന ജോർജ് ഓസ്ബോണിനെയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെയും സാക്ഷിയാക്കി തെരേസയുടെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയം.

അതേസമയം യൂറോപ്യൻ യൂണിയനും ബ്രിട്ടനും മോശമായിരിക്കും ബ്രെക്സിറ്റ് എന്നാണ് സാന്പത്തികകാര്യ യൂറോപ്യൻ യൂണിയൻ കമ്മീഷണർ പിയറി മോസ്കോവിച്ചി അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ