ഡൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചു
Monday, March 6, 2017 7:19 AM IST
ന്യൂഡൽഹി: കൂടുതൽ മലയാളികളെ ഉൾപ്പെടുത്തിക്കൊണ്ട് ഡൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചു. മാർച്ച് നാലിന് ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി ഡൽഹിയുടെ വികസനത്തെ മരവിപ്പിക്കുകയാണെന്ന് പി.സി. ചാക്കോ പറഞ്ഞു. പൊളളയായ വാഗ്ദാനങ്ങൾ നൽകിയാണ് കേജരിവാൾ അധികാരത്തിലെത്തിയത്. ജനോപകാരപ്രദമായ ഒരു പദ്ധതികളും നടപ്പിലാക്കാൻ ഡൽഹി സർക്കാരിനു കഴിഞ്ഞില്ല. ഡൽഹിയുടെ വികസനത്തിന്‍റെ സുവർണ കാലഘട്ടമായിരുന്ന ഷീല ദീക്ഷിതിന്‍റെ കാലഘട്ടത്തിലെ പല വികസന പദ്ധതികളും നിർജീവമാക്കുകയാണ് കേജരിവാൾ ചെയ്തത്. എംസിഡി ക്ലീനിംഗ് തൊഴിലാളികൾ മുതൽ എല്ലാ മേഖലയിലുമുളള തൊഴിലാളികൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദുരിതങ്ങൾ മാത്രമാണ് നൽകി വരുന്നത്. കേന്ദ്ര സർക്കാരിന്‍റെ വർഗീയ വിഘടന വാദങ്ങൾക്കും സംസ്ഥാന സർക്കാരിന്‍റെ വികസന വിരുദ്ധ നയത്തിനുമെതിരായ വിധിയായിരിക്കണം വരുന്ന എംസിഡി തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. ഡൽഹിയുടെ സാമൂഹിക സാംസ്കാരിക വികസനത്തിൽ ദക്ഷിണേന്ത്യക്കാർ വലിയ സംഭാവനകളാണ് നൽകിയിട്ടുളളതെന്നും എല്ലാവർക്കും തുല്യനീതി ലഭിക്കുന്നതിനായ് കോണ്‍ഗ്രസിനെ അധികാരത്തിൽ തിരികെ എത്തിക്കേണ്ടത് ആവശ്യമാണെന്നും പി.സി. ചാക്കോ പറഞ്ഞു.

തുടർന്നു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റുമാരായി സി. പ്രതാപനെയും പത്മകുമാർ നായരെയും ജനറൽ സെക്രട്ടറിമാരായി ഡോ. സിമി ജോസഫ്, ഷിബു ചെറിയാൻ, പി.സി. ബാബു സെക്രട്ടറിമാരായി ജോമോൻ മാത്യു, ഒ ഷാജികുമാർ, സജി മുളക്കൽ എന്നിവരെയും വിവിധ നിയമസഭാ മണ്ഡലം പ്രസിഡന്‍റുമാരായി കെ.ജെ. നിക്കോളാസ് (കസ്തൂർബ നഗർ), സി.എ. മാത്യു (സീമാപുരി), ആൻഡ്രൂസ് തങ്കച്ചൻ (മാളവിക നഗർ), ജോസ് സെബാസ്റ്റ്യൻ (മാദിപ്പൂർ), രാധാകൃഷ്ണൻ ശിവൻ (കോണ്ട്ലി), ഡൊമിനിക് ജോസഫ് (ആർകെ പുരം), സെൻ തോമസ് (കൽക്കാജി) സജി തോമസ് (ഛത്തർ പൂർ) എന്നിവരെയും നിയമിച്ചു.

ഡൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോണ്‍ഗ്രസ് അധ്യക്ഷൻ മണി നായിഡു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ സി. പ്രതാപൻ, വീണ റെഡി, എം. ലാഹ്രി എന്നിവർ പ്രസംഗിച്ചു.