മികച്ച മലയാള പഠനകേന്ദ്രത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം
ന്യൂഡൽഹി: മാതൃഭാഷാപഠനം മെച്ചപ്പെടുത്താനായി മലയാളം മിഷനു കീഴിൽ ഏറ്റവും മികച്ച മലയാള പഠനകേന്ദ്രത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം സർക്കാർ പ്രഖ്യാപിച്ചതായി സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. മലയാളം മിഷൻ ഡൽഹി പുനഃസംഘടനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതനുസരിച്ച് മികച്ച അധ്യാപകർക്ക് അരലക്ഷം രൂപയും മികച്ച വിദ്യാർഥിക്ക് കാൽലക്ഷം രൂപയും പുരസ്കാരമായി സമ്മാനിക്കും.

പ്രവാസി മലയാളികളുടെ പൊതുസാംസ്കാരികകേന്ദ്രമായി മലയാളം മിഷൻ പ്രവർത്തനത്തെ മാറ്റിയെടുക്കും. മലയാളികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെല്ലാം മാതൃഭാഷാപഠനം സാധ്യമാക്കും. ഇതിന്‍റെ ഭാഗമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പ്രത്യേക ചാപ്റ്ററുകൾ രൂപവത്കരിക്കും. മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾ എല്ലാ മലയാളികൾക്കും പങ്കെടുക്കാനാവുംവിധം വിപുലീകരിക്കാനാണ് ചാപ്റ്റർ. ഇതിനു കീഴിൽ മലയാളം മിഷൻ നേരിട്ട് കോഓർഡിനേറ്റർമാരെ നിയമിക്കും. ചാപ്റ്ററുകളുടെ പ്രവർത്തന ഏകോപനത്തിനും മിഷൻ ഡയക്ടറേറ്റുമായുള്ള ചാപ്റ്ററിന്‍റെ ഇടപാടുകൾ നടത്താനും ഈ കോഓർഡിനേറ്റർമാർക്കായിരിക്കും ചുമതല. അതതു പ്രദേശങ്ങളിൽ ഭാഷാസ്നേഹികളുടെയും മലയാള ഭാഷാപഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നവരുടെയും പൊതുകേന്ദ്രമായിരിക്കും ഈ ചാപ്റ്ററുകൾ. നിരക്ഷരതയും ദാരിദ്യ്രവും ചെറുത്തു തോൽപ്പിക്കാനുള്ള ശക്തമായ ഉപാധി കൂടിയാണ് ഭാഷ. ഉപജീവനത്തിനായി അന്യനാടുകളിലേക്കു ചേക്കേറിയ മലയാളികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് സാംസ്കാരികമായ ഒറ്റപ്പെടൽ. ഇതു മറികടക്കാനാണ് എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യത്തിൽ മലയാളം മിഷന്‍റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മലയാളം മിഷൻ ഡൽഹി പ്രസിഡന്‍റ് പ്രഫ. ഓംചേരി എൻ.എൻ. പിള്ള, സെക്രട്ടറി എം.സി. അരവിന്ദൻ, കേരള ഹൗസ് കണ്‍ട്രോളർ പി. രാമചന്ദ്രൻ, നോർക്ക ഓഫീസർ ബി. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.