വിസ്മയക്കാഴ്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തിൽ ഗുരുദേവ ചിത്രങ്ങളുടെ പ്രദർശനാലയം
Friday, June 23, 2017 7:30 AM IST
ന്യൂഡൽഹി: വിസ്മയക്കാഴ്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തിൽ ഗുരുദേവ ചിത്രങ്ങളുടെ പ്രദർശനാലയം ഒരുങ്ങുന്നു. എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ ആഭിമുഖ്യത്തിൽ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രാർത്ഥനാ ഹാളിലാണ് ഗുരുദേവന്‍റെ ജീവിതവും ചരിത്രവും പ്രവർത്തന മേഖലകളും സമന്വയിപ്പിച്ചുകൊണ്ടുള്ള അപൂർവ ചിത്രങ്ങളുടെ പ്രദർശനാലയം ഒരുങ്ങുന്നത്. ഡൽഹിയിൽ ആദ്യമായാണ് നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്‍റെ ജീവിത ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളുടെ മ്യുസിയം രൂപപ്പെടുന്നത്.

കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു മിഷനാണ് ചിത്രങ്ങൾ സമാഹരിച്ചത്. എസ്എൻഡിപി യോഗത്തിന്‍റെ നേതൃത്വ നിരയിലെ മഹാരഥ·ാരുടെ ചിത്രങ്ങളും കണ്ടെടുത്ത് പ്രദർശിപ്പിക്കുമെന്ന് എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡൻ് ടി.പി. മണിയപ്പനും സെക്രട്ടറി കല്ലറ മനോജും അറിയിച്ചു.

ശ്രീ നാരായണ ഗുരുവിന്‍റെ ജീവിത ചര്യകൾ വരും തലമുറയ്ക്ക് കൈമാറുവാനും അവ സ്വജീവിതത്തിൽ പകർത്തുവാൻ പ്രേരണ നൽകുകയുമാണ് ഇങ്ങനെയൊരു ചിത്ര പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു. ഡൽഹിയിലെ വിവിധ ശാഖകളിലെ പ്രദർശനത്തിനു ശേഷമായിരിക്കും ക്ഷേത്രത്തിലെ പ്രാർത്ഥനാലയത്തിൽ ചിത്രങ്ങൾ സ്ഥായിയായി സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: പിഎൻ ഷാജി